ശ്രീറാമിന്റെ കലക്ടർ പദവി; സമരവുമായി കോൺഗ്രസ്
തമീം സലാം കാക്കാഴം
ആലപ്പുഴ •മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ്. ഭാര്യ രേണുരാജിനെ എറണാകുളത്തേക്ക് മാറ്റിയാണ് ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയിരിക്കുന്നത്.
ശ്രീറാമിന്റെ നിയമനത്തിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് തീരുമാനം. ഇന്ന് ആലപ്പുഴ കലക്ടറേറ്റിലേക്ക് ഡി.സി.സി നേതൃത്വത്തിൽ ധർണ നടത്തും. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഈ വിഷയത്തിൽ നടക്കുന്ന സർക്കാർ വിരുദ്ധവികാരം കൂടുതൽ ആളിക്കത്തിക്കാനും കോൺഗ്രസ് ശ്രമിക്കും. സി.പി.എമ്മിൽ തന്നെ ഒരുവിഭാഗത്തിന് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയതിൽ പ്രതിഷേധമുണ്ട്.
ശ്രീറാം കേസ് ഇപ്പോൾ വിചാരണഘട്ടത്തിലാണ്. ശ്രീറാമിനേക്കാൾ ജൂനിയറായ പല ഐ.എ.എസ് ഉദ്യോഗസ്ഥർക്കും ഇതിനകം കലക്ടർ പദവി നൽകിയെന്നാണ് സർക്കാർ വിശദീകരണം. കേസിന്റെ പേരിൽ ഉദ്യോഗസ്ഥനെ അധിക നാൾ സർവിസിൽനിന്നു മാറ്റിനിർത്താനാകില്ലെന്നു പറയുമ്പോഴും മജിസ്ട്രേറ്റിന്റെ അധികാരമുള്ള കലക്ടർ തസ്തിക നൽകണോ വേണ്ടയോ എന്നത് സർക്കാറിന്റെ നയപരമായ തീരുമാനമാണ്.
ബഷീറിന് അപകടം ഉണ്ടായപ്പോൾ ശ്രീറാമിന് ഉണ്ടെന്നു പറഞ്ഞ മറവിരോഗവും അന്ന് സി.പി.എം നേതാക്കൾ ശ്രീറാമിനെതിരേ നടത്തിയ വിമർശനങ്ങളും കുത്തിപ്പൊക്കിയാണ് സർക്കാറിനെതിരെ പ്രതിഷേധമുയരുന്നത്.
കൂടാതെ ബഷീറിന്റെ വിഷയത്തിൽ നീതിയുടെ കൂടെ നിൽക്കുമെന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളിലും വ്യാപക വിമർശനമുയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."