ഭിന്നശേഷിക്കാര്‍ക്ക് റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡ്; കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ ശ്രമം തുടങ്ങി
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് സുഖകരയാത്ര വാഗ്ദാനം ചെയ്യാന്‍ ആരംഭിച്ച റെയില്‍വേയുടെ തിരിച്ചറിയല്‍ കാര്‍ഡ് സംവിധാനം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി.
തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് ഇ.ടിക്കറ്റിംഗ് മുഖേന റെയില്‍വേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചതോടെ മികച്ച പ്രതികരണമാണ് ഈ സംവിധാനത്തിന് ലഭിച്ചത്. ടിക്കറ്റ് കിട്ടാതെ പ്രയാസത്തിലായിരുന്നു മിക്ക ഭിന്നശേഷിക്കാരും.
അത്യാവശ്യഘട്ടങ്ങളില്‍ സൗകര്യപ്രദമായ ട്രെയിന്‍ യാത്ര ഇവര്‍ക്ക് സാധ്യമായിരുന്നില്ല. മിക്കപ്പോഴും ഇവര്‍ സീറ്റു കിട്ടാതെ നിന്നാണ് യാത്ര ചെയ്തിരുന്നത്.
കൃത്യമായ ബുദ്ധിവളര്‍ച്ചയില്ലാത്ത ചിലര്‍ മിക്കപ്പോഴും തിരിച്ചു പോകാറുമാണ് പതിവ്. ഈ സാഹചര്യത്തിലാണ് ഭിന്നശേഷിക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് പദ്ധതി നടപ്പാക്കിയത്. ഫോട്ടോ പതിച്ച കാര്‍ഡ് എത്തിയതോടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമായി.
റെയില്‍വേയെ ആശ്രയിക്കുന്ന ഭിന്നശേഷിക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇതോടെയാണ് കൂടുതല്‍ പേരിലേക്ക് സംവിധാനം ഏര്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. തിരിച്ചറിയല്‍ കാര്‍ഡിനായി ഭിന്നശേഷിക്കാര്‍ക്ക് ഏറ്റവും അടുത്ത നഗരത്തിലെ സീനിയര്‍ ഡിവിഷനല്‍ മാനേജരുടെ അടുത്താണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
വോട്ടര്‍ ഐ.ഡിയുടെ കോപ്പി, ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖകള്‍, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടുകോപ്പി എന്നിവയാണ് അപേക്ഷിക്കാന്‍ വേണ്ടത്.
അപേക്ഷ സമര്‍പ്പിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഐഡി കാര്‍ഡ് ലഭിക്കാത്തവര്‍ ഡിവിഷനല്‍ ഓഫിസറുമായി ബന്ധപ്പെട്ട് അതേ ഐഡി കാര്‍ഡ് വാങ്ങണം. ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും തിരുവനന്തപുരം ഡിവിഷനിലെ ഹെല്‍പ് ലൈന്‍ നമ്പറായ 04712326483 എന്ന നമ്പറിലും ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."