ഫോണുകളില്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചെന്ന് സൂചന, പെഗാസസെന്ന് ഉറപ്പിക്കാനാവില്ല; കേന്ദ്രം സഹകരിച്ചില്ലെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്തിയ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി സുപ്രിം കോടതി. ഇതു പെഗസസ് ആണോയെന്നു സമിതി സ്ഥിരീകരിച്ചിട്ടില്ലെന്ന്, സുപ്രിം കോടതി വ്യക്തമാക്കി.
ഇസ്‌റാഈല്‍ നിര്‍മിതമായ പെഗസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നിരീക്ഷണം. ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് റിപ്പോര്‍ട്ട് പരിശോധിച്ചത്.
പെഗാസസ് അന്വേഷണത്തോട് കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സമിതി റിപ്പോര്‍ട്ടിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു. സമിതി റിപ്പോര്‍ട്ട് എത്രമാത്രം പരസ്യമാക്കാനാവും എന്നതു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.
അന്വേഷണ റിപ്പോര്‍ട്ടിന് മൂന്നു ഭാഗങ്ങളാണുള്ളത്. സാങ്കേതിക കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട്, ഫോണുകള്‍ പരിശോധിച്ചതിന്റെ വിശദാംശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട്, എങ്ങനെയാണ് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതെന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുന്ന ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്റെ റിപ്പോര്‍ട്ട് എന്നിവയാണിവ.
അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മൊഴി സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ. പി പ്രഭാകരന്‍, ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരടങ്ങിയ മറ്റൊരു സമിതിക്കും സുപ്രിം കോടതി രൂപം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."