ലോകായുക്തയുടേതല്ല, പട്ടിയുടെ പല്ലാണ് പറിക്കേണ്ടത്; തെരുവ്നായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: തെരുവ്നായ ശല്യം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. വാക്സിന്റെ ഗുണനിലവാരത്തില്‍ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് നായകളുടെ കടിയേറ്റു. സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പി.കെ.ബഷീര്‍ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യരെ പട്ടി കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന് പട്ടിയെ കടിച്ചാലാണ് വാര്‍ത്ത. പട്ടിയെ മനുഷ്യന് കടിക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനമെന്നും പി കെ ബഷീര്‍ പറഞ്ഞു. ലോകായുക്തയുടെ പല്ലല്ല, പട്ടിയുടെ പല്ല് പറിക്കണം. അവിടെയാണ് നിയമം ഉണ്ടാക്കേണ്ടത്. ജനങ്ങള്‍ക്ക് സ്വൈ ര്യമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും പി കെ ബഷീര്‍ പറഞ്ഞു.
പേവിഷ ബാധ ഏറ്റ് ഈവര്‍ഷം ഇത് വരെ 20 പേര് മരിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചവര്‍ പേവിഷ ബാധയേല്‍ക്കാല്‍ കൂടുതല്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ മുറിവേറ്റവരാണ്.15 പേര് വാക്സീന് എടുത്തിരുന്നില്ല.തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂര്‍ണമായി നിലച്ചു എന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
തെരുവുനായ് കടിച്ചുള്ള മരണം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സീനെ കുറിച്ച് പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."