ട്രെയിനുകളിൽ അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ നൽകിത്തുടങ്ങുന്നു തിരുവനന്തപുരം ഡിവിഷനിൽ ഇന്നുമുതൽ
കണ്ണൂർ • കൊവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ട്രെയിനുകളിൽ പകൽസമയത്ത് അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ നൽകിത്തുടങ്ങുന്നു.
ഇന്നുമുതൽ തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ ലഭിക്കും. എന്നാൽ പാലക്കാട് ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിൽ നിന്ന് അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നു ഡിവിഷൻ അധികൃതർ സുപ്രഭാതത്തോടു പറഞ്ഞു.
കൊവിഡ് നിയന്ത്രണം നീങ്ങിയിട്ടും ട്രെയിനുകളിൽ പകൽസമയത്ത് അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ നൽകാത്തതു സംബന്ധിച്ച് കഴിഞ്ഞ 22നു സുപ്രഭാതം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ ആറുമുതൽ രാത്രി ഒൻപതു വരെയുള്ള സമയത്താണ് അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്രചെയ്യാൻ കഴിഞ്ഞിരുന്നത്.
കൊവിഡിനു ശേഷം ട്രെയിൻ സർവിസ് പതിവുപോലെയായതോടെ സാധാരണ കോച്ചുകളിലടക്കം യാത്രക്കാരുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
രാവിലെയും വൈകുന്നേരവും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ പകൽസമയത്ത് നൽകുന്നതോടെ ഇത് കുറയ്ക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."