ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദ സഞ്ചാരി ശുശ്രൂഷ ലഭിക്കാതെ മരിച്ച സംഭവം; പോര്‍ച്ചുഗല്‍ ആരോഗ്യ മന്ത്രി രാജിവെച്ചു
ലിസ്ബണ്‍: വിനോദ സഞ്ചാരിയായ ഇന്ത്യന്‍ യുവതി പ്രസവ ശുശ്രൂഷ ലഭിക്കാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജി വെച്ചു. 34 വയസ്സുള്ള യുവതിയാണ് മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാര്‍ത്താ ടെമിഡോ രാജിവെക്കുകയായിരുന്നു.
രാജ്യത്തെ അടിയന്തരമായ പ്രസവ ചികിത്സാ സംവിധാനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് രാജി. അടിയന്തര പ്രസവ ചികിത്സ അവസാനിപ്പിച്ചതോടെ പ്രസവവേദനയുമായെത്തുന്ന ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യമാണ്. ഇതാണ് ഇന്ത്യന്‍ യുവതിയുടെ മരണത്തിനിടയാക്കിയത്.
ഇനി ഓഫിസില്‍ തുടരാനുള്ള സാഹചര്യമില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ടെമിഡോ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്താ മരിയയില്‍ നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ സ്ത്രീ മരിച്ചിരുന്നു. ഈ വാര്‍ത്ത പുറത്തു വന്നതിന് തൊട്ടുപിറകെയാണ് മന്ത്രിയുടെ രാജി.
ആരോഗ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായും കൊവിഡിനെതിരെ വിജയകരമായ വാക്‌സിനേഷന്‍ കാമ്പെയ്ന്‍ സംഘടിപ്പിക്കുന്നതുള്‍പ്പെടെ ഇതുവരെയുള്ള അവരുടെ സേവനത്തിന് നന്ദി പറയുന്നതായും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വാക്‌സിനേഷന്‍ കാമ്പെയ്‌നിന്റെ വിജയത്തെ തുടര്‍ന്ന് ഏറ്റവും ജനപ്രീതിയുള്ള സര്‍ക്കാര്‍ അംഗങ്ങളില്‍ ഒരാളായിരുന്നു ടെമിഡോ.
വേനലവധിക്കാലത്ത് പ്രത്യേകിച്ച് വാരാന്ത്യങ്ങളില്‍ പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാലാണ് അടിയന്തര പ്രസവ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."