സിനോഫോം വാക്‌സിന്‍ ആദ്യ ഡോസെടുത്ത് നാട്ടിലെത്തി; മടങ്ങാനാകാതെ പ്രവാസികള്‍ വലയുന്നു
കോഴിക്കോട്: ചൈനയുടെ സിനോഫോം വാക്‌സിന്‍ ഫസ്റ്റ് ഡോസ് എടുത്ത് നാട്ടിലെത്തി യു.എ.ഇയിലേക്ക് മടങ്ങാനാകാതെ പ്രവാസികള്‍ വലയുന്നു. അംഗീകൃത വാക്‌സിനുകളുടെ രണ്ട് ഡോസ് സ്വീകരിച്ചവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്ന യു.എ.ഇയുടെ നിബന്ധനയാണ് ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിനോഫോം വാക്‌സിന് ഇന്ത്യയില്‍ അംഗീകാരം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ഇവര്‍ക്ക് ഇവിടെ നിന്ന് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനും യു.എ.ഇയിലേക്ക് തിരികെ മടങ്ങാനും കഴിയാത്ത അവസ്ഥയിലാണ്.
ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ തുടര്‍ന്നും അതേ വാക്‌സിന്‍ തന്നെ സ്വീകരിക്കണമെന്നും മറ്റൊന്ന് സ്വീകരിക്കാന്‍ കഴിയില്ലെന്നും കോഴിക്കോട് ഡി.എം.ഒ അടക്കമുള്ള ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇവര്‍ക്ക് സിനോഫോം വാക്‌സിന്റെ രണ്ടാം ഡോസ് ലഭിക്കണമെങ്കില്‍ യു.എ.ഇയില്‍ തന്നെ മടങ്ങിയെത്തണം. എന്നാല്‍ പുതിയ നിബന്ധനകള്‍ കാരണം ഇവര്‍ക്കു മടങ്ങാനും സാധിക്കുന്നില്ല.
ബൂഫിയ, ഹോട്ടല്‍, സൂപ്പര്‍മാക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന, റമദാന്‍ അവധിയില്‍ നാട്ടിലെത്തിയവരാണ് മടങ്ങാനാവാതെ നട്ടംതിരിയുന്നത്. സിനോഫോം ആദ്യ ഡോസ് എടുത്ത് 21 ദിവസം കഴിഞ്ഞാണ് രണ്ടാം ഡോസ് നല്‍കുക. ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാം എന്ന പ്രതീക്ഷയില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീടാണ് ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും പുതിയ നിബന്ധനകളും ഏര്‍പ്പെടുത്തിയത്. ഇതോടെ ഇവര്‍ നാട്ടില്‍ കുടുങ്ങി. ആരോഗ്യ പ്രവത്തകര്‍ക്കോ മറ്റ് അധികൃതര്‍ക്കോ തങ്ങള്‍ക്ക് കൃത്യമായ മറുപടി തരാന്‍ പോവും കഴിയുന്നില്ലെന്നു ഇവര്‍ പറയുന്നു. കുറഞ്ഞ ദിവസത്തെ ലീവിന് നാട്ടിലെത്തിയ തങ്ങളുടെ മടക്കം വൈകുന്നതോടെ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണിവര്‍. വിസ, ഇഖാമ കാലാവധി കഴിയാറായവരും ഇക്കൂട്ടത്തിലുണ്ട്. വിസാ കാലാവധി ആറുമാസം വരെ ഉണ്ടെങ്കിലും തൊഴിലെടുക്കുന്ന സ്ഥാപനങ്ങളില്‍ നിന്നു പിരിച്ചുവിടുന്ന സാഹചര്യമാണെന്നും പലരും പറയുന്നു.
തങ്ങളുടെ മടക്കയാത്ര സാധ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം. യു.എ.ഇയിലെത്തിയതിന് ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ള സാഹചര്യം ഉണ്ടായാലെ ഇവര്‍ക്ക് ഇനി മടങ്ങിപ്പോവാനാകു. ഇക്കാര്യത്തില്‍ എംബസി അധികൃതര്‍ എത്രയും പെട്ടന്ന് ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."