നിധിക്കഥയിലെ ദുരന്തനായകന്‍
കൊട്ടാര കഥകള്‍ ഉറങ്ങുന്ന ഷൊര്‍ണൂര്‍ കവളപ്പാറയുടെ മണ്ണില്‍ ഒരു നാടോടിപ്പാട്ട് പോലെ പതീറ്റാണ്ടുകളായി പാടി നടക്കുന്ന തങ്കതിളക്കം പേറുന്ന ഒരു നിധിക്കഥയുണ്ട്. ആ നിധിക്കഥയിലെ ദുരന്ത നായകനാണ് ഷൊര്‍ണൂര്‍ കവളപ്പാറ കിഴക്കെ ത്രാങ്ങാലി തോപ്പില്‍ കോളനിയിലെ രാമചന്ദ്രന്‍(58). നിധി സൗഭാഗ്യത്തിലേക്ക് കൈനീട്ടി രാമചന്ദ്രന്‍ ജീവിച്ച് തീര്‍ത്തത് മുപ്പത് വര്‍ഷത്തിലേറെ. ബാല്യവും കൗമാരവും യൗവനവും രാമചന്ദ്രന് നഷ്ടപ്പെട്ടത് നിധി സൗഭാഗ്യം തേടിയുള്ള പ്രതീക്ഷയുടെ കാത്തിരിപ്പായിരുന്നു. നിധി സൗഭാഗ്യം തട്ടിത്തെറിപ്പിച്ച വിധിക്ക് മുന്നില്‍ ഇന്ന് നിസ്സഹായനായി ദുരിതജീവിതം നയിക്കുകയാണ് രാമചന്ദ്രന്‍. നിധികുംഭം കൈവിട്ടുപോയ യാഥാര്‍ഥ്യത്തിന് മുന്നില്‍ നിരാശനായി ജീവിച്ച രാമചന്ദ്രന്റെ ജീവിതത്തെ നിര്‍ഭാഗ്യം ഒരുപാട് വേട്ടയാടി. ആ ജീവിതം ഇന്ന് ദുരിതപൂര്‍ണമാണ്. നിധി കിട്ടി തകര്‍ന്ന ജീവിതവുമായി രാമചന്ദ്രനിന്ന് കവളപ്പാറയുടെ കൊട്ടാര മണ്ണിലുണ്ട്. അയാള്‍ ഏകനാണ്. ഉറ്റവരും ഉടയവരും ഉണ്ടായിരുന്ന രാമചന്ദ്രന് ഇന്ന് ആരും തുണയില്ല. കിഴക്കെ ത്രാങ്ങാലി തോപ്പില്‍ കോളനിയിലെ പത്ത് സെന്റ് പാറ കലര്‍ന്ന മണ്ണിലെ തകര്‍ന്ന് വീഴാറായ ചെറുകൂരയുടെ തണലില്‍ രാമചന്ദ്രന്‍ ജീവിക്കുന്നു. വെയിലും മഴയും ക്ഷണിക്കാതെ കടന്ന് വരുന്ന ആ 'ചെറുവീടാ'ണ് ഇന്ന് രാമചന്ദ്രന്റെ ലോകം. തന്നെ കാണുന്നവര്‍ക്കും കാണാനെത്തുന്നവര്‍ക്കും ഇന്നും കേള്‍ക്കേണ്ടത് ആ പഴയ നിധിക്കഥ തന്നെയെന്ന് രാമചന്ദ്രന്‍ പറയുന്നു. എത്രകേട്ടാലും എത്ര പറഞ്ഞാലും തീരാത്ത മടുക്കാത്ത തങ്കത്തിളക്കമുള്ള നിധിക്കഥ. തോപ്പില്‍ കോളനിയിലെ ചോര്‍ന്നൊലിക്കുന്ന വീടിന് മുന്നിലിരുന്ന് മഴയെ നോക്കി രാമചന്ദ്രന്‍ ആ പഴയ നിധിക്കഥ രോഗങ്ങള്‍ തീര്‍ത്ത അവശതകള്‍ക്കിടയിലും പതിഞ്ഞ സ്വരത്തില്‍ മടികൂടാതെ പറഞ്ഞു തന്നു. സ്വര്‍ണ്ണത്തിളക്കമുള്ള നിധിക്കഥയുടെ പഴയ ഓര്‍മ്മത്താളുകള്‍ രാമചന്ദ്രന്‍ ഓരോന്നായി മറിച്ചു കൊണ്ട് തുടര്‍ന്നു...
മണ്ണിനടിയില്‍ നിന്നും
പൊന്തിവന്നത് നിധികുംഭം
1980കളുടെ കാലം കവളപ്പാറ കൊട്ടാരത്തിന് കീഴിലെ കിഴക്കെ ത്രാങ്ങാലി ചെണ്ണം പറ്റ ശിവക്ഷേത്രവളപ്പിലെ ആല്‍മരത്തണലിലെ മണ്ണിനടിയില്‍ നിന്ന് പൊന്തിവന്ന നിധി കുംഭം തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആ ദിവസം രാമചന്ദ്രന്റെ മനസില്‍ ഇന്നും ഒളിമങ്ങാതെ കിടപ്പുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കം പേറുമ്പോഴും ആ ഓര്‍മ്മകളുടെ സുവര്‍ണ്ണ ശോഭയ്ക്ക് രാമചന്ദ്രന്റെ മനസില്‍ ഒട്ടും മങ്ങലേറ്റിട്ടില്ല. ഈ നിധിക്കഥ തുടരാന്‍ രാമചന്ദ്രന് ഇനി തന്റെ കൗമാരകാലത്തേക്ക് തിരിച്ചു നടക്കണം. കാരണം, രാമചന്ദ്രന്റെ 15ാം വയസിലാണ് നിധികുംഭം രാമചന്ദ്രന്‍ എന്ന നിരക്ഷരനായ കൗമാരക്കാരന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.
'അന്ന് പതിവുപോലെ വീടിനു സമീപത്തെ ചെണ്ണംപറ്റ ശിവക്ഷേത്ര മൈതാനത്ത് കന്നുകാലികളെ മേയ്ച്ചിരിക്കുന്ന നേരം. സമയം പോക്കിനായി കൈയിലുണ്ടായിരുന്ന വടികൊണ്ട് (പോത്തുകളെ മേയ്ക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക മുടിയന്‍ കോല്‍) മണ്ണില്‍ വെറുതെ കുത്തി കുഴിച്ചു സമയം കളയുന്ന നേരം. അല്‍പം താഴ്ന്നപ്പോള്‍ മണ്ണില്‍ ഒരു ശബ്ദ വ്യത്യാസം തോന്നി. അമ്പരപ്പോടെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു അടപ്പ് (മൂടി) പോലെ കണ്ടു. ഇരുമ്പ് കമ്പിയെടുത്ത് സ്ഥലം വലുതായി കുഴിച്ചു. മണ്ണിനടിയില്‍ നിന്ന് ഒരു വലിയ കിണ്ടി പ്രത്യക്ഷപ്പെട്ടു. പുറത്തെടുത്ത് മണ്ണ് കുടഞ്ഞു. പിന്നെ, കൈയിലുണ്ടായിരുന്ന തോര്‍ത്ത് മുണ്ട് നിലത്ത് വിരിച്ച് കിണ്ടി തുറന്നു നോക്കി. നിധിയായിരുന്നു അതെന്ന് പെട്ടെന്ന് മനസിലാക്കാനായില്ല.
1800 ഗ്രാം തൂക്കം വരുന്ന പഞ്ചലോഹത്തിന്റെ കിണ്ടിയും ആയിരത്തില്‍പ്പരം സ്വര്‍ണ്ണനാണയങ്ങളുമായിരുന്നു അതിലുണ്ടായിരുന്നതെന്ന തങ്കത്തിളക്കമുള്ള സത്യം മനസിലാക്കിയപ്പോഴേക്കും നിധിക്കഥ തന്റെ കൈവിട്ടുപോയിരുന്നു. നിധി കിട്ടിയ അത്ഭുതവും, ഞെട്ടലും വിട്ടുമാറും മുന്‍പേ നിധിക്കഥ നാടറിഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന നേരം പശുക്കളെ മേയ്ച്ചു നടന്നിരുന്ന മറ്റൊരു സമപ്രായക്കാരന്‍ ചങ്ങാതി എത്തി. അത് നിധിക്കഥയിലെ മറ്റൊരു വഴിത്തിരിവായി മാറി. നിധിയുടെ അവകാശത്തര്‍ക്കം ഉടലെടുത്തു. നിധിത്തര്‍ക്കം നാട്ടില്‍ പാട്ടായതോടെ. പൊലിസും റവന്യൂ അധികൃതരും പുരാവസ്തു അധികൃതരും മറ്റും സ്ഥലത്ത് പാഞ്ഞെത്തി നിധികുംഭം പിടിച്ചെടുത്തു. കേസും അവകാശത്തര്‍ക്കവുമായി നിധി നിയമ പ്രശ്‌നത്തിലായി. പിന്നെ, മണ്ണിനടിയില്‍ നിന്ന് നിധി കണ്ടെത്തിയ ആള്‍ എന്ന നിലയില്‍ തനിക്കെന്തെങ്കിലും ലഭിക്കും എന്ന ഉറച്ച പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷയില്‍ കൗമാരവും യൗവ്വനവും പിന്നിട്ടു. മുപ്പത് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നിധി സംബന്ധിച്ച തര്‍ക്കത്തില്‍ പാലക്കാട് ജില്ലാ കലക്ടറുടെ അന്തിമ വിധി തേടി എത്തി. 'നിധികുംഭവും ഉടമസ്ഥാവകാശവും കവളപ്പാറ കൊട്ടാരത്തിന് പൂര്‍ണമായും വിട്ടുനല്‍കുന്നു' എന്ന നാല് വരി ഉത്തരവ് വായിച്ച് തന്നത് പ്രദേശവാസിയായ ഒരു സുഹൃത്ത് ആയിരുന്നു.
നിധി നഷ്ടമാക്കിയത്
അമ്മയുടെ ജീവനും
നിധി സൗഭാഗ്യം നഷ്ടമായ മനോവേദനയില്‍ രാമചന്ദ്രന്റെ അമ്മ കാളിയുടെ മനോനില തെറ്റി. നിധിയെക്കുറിച്ച് മാത്രം അവര്‍ പുലമ്പികൊണ്ടിരുന്നു. മകന്റെ നിധിയെ കുറിച്ച് അവര്‍ പറഞ്ഞ് നടന്നു. ഒരു നാള്‍ മരണത്തിന് കീഴടങ്ങി കാളിയും നിധിക്കഥയിലെ വേദനയുടെ മറ്റൊരു അധ്യായം തീര്‍ത്തു മടങ്ങി. ശേഷം രാമചന്ദ്രന്‍ വിവാഹിതനായി. ഒരു കുട്ടിയുടെ അച്ഛനായി.
നിധി സംബന്ധിച്ച് ഉത്തരവ് എതിരായതോടെ രാമചന്ദ്രന്‍ തനിച്ചായി. ഭാര്യയും ജീവിതത്തിന്റെ ഒരു വഴിയില്‍വച്ച് രാമചന്ദ്രനെ ഉപേക്ഷിച്ച് അകന്നു. പിന്നെ, വിധിയൊരുക്കിയ തിരക്കഥയില്‍ ഏകനായി നിരാശയും വേദനയും 'ശ്വസിച്ച് ' രാമചന്ദ്രന്റെ ജീവിതം...
അവകാശ തര്‍ക്കത്തില്‍
നഷ്ടമായ നിധി സൗഭാഗ്യം
നിധികുംഭം സംബന്ധിച്ച തര്‍ക്കത്തില്‍ യഥാര്‍ഥ അവകാശി രാമചന്ദ്രനാണെന്ന സത്യം മനസിലാക്കിയിട്ടും പ്രദേശവാസികളായ അര ഡസനോളം പേര്‍ കേസില്‍ അവകാശത്തര്‍ക്കമുന്നയിച്ച് കക്ഷിചേര്‍ന്നു. ഇതോടെ പാലക്കാട് ജില്ലാ കലക്ടറേറ്റില്‍ മുപ്പത് വര്‍ഷത്തിലധികം കാലം നിധിക്കേസ് തീര്‍പ്പാവാതെ കിടന്നു ഇതിനിടെ പലരും അവകാശ തര്‍ക്കം ഉപേക്ഷിച്ച് കേസില്‍ നിന്ന് പിന്മാറി. ചിലര്‍ മരിച്ചു. അവസാനം രാമചന്ദ്രനടക്കം മൂന്നു കക്ഷികള്‍ മാത്രമായി ചുരുങ്ങി.
പാലക്കാട് കലക്ടറേറ്റില്‍ പൊടിപിടിച്ച് പതിറ്റാണ്ടുകളോളം കിടന്ന ആ ഫയലിലായിരുന്നു രാമചന്ദ്രന്റെ ജീവിതവും, പ്രതീക്ഷയും, സ്വപ്നങ്ങളുമത്രയും. കവളപ്പാറ കൊട്ടാരത്തിന്റെ അധീനതയിലാണ് ചെണ്ണംപറ്റ ശിവക്ഷേത്രം. നിധി കിട്ടിയത് ക്ഷേത്ര മണ്ണില്‍ നിന്നായതിനാല്‍ കവളപ്പാറ കൊട്ടാരവും കേസില്‍ കക്ഷിയായി കടന്നുവന്നു. മൂന്നു പതിറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജില്ലാ കലക്ടര്‍ പല ഹിയറിംഗുകള്‍ക്കും ശേഷം നിധിതര്‍ക്ക കേസില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്തിമ വിധി പുറപ്പെടുവിച്ചു. നിധികുംഭം കവളപ്പാറ കൊട്ടാരത്തിന് പൂര്‍ണമായും വിട്ടുകൊടുത്ത് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അവകാശ തര്‍ക്കത്തില്‍ ബലിയാടായി രാമചന്ദ്രന്‍ കലക്ടറേറ്റിന്റെ പടികള്‍ ഇറങ്ങിപ്പോന്നത് വേദനയോടെയും, വെറും കൈയ്യോടെയുമാണ്. നിധി സൗഭാഗ്യത്തിന്റെ ഒരംശവും അനുഭവിക്കാന്‍ വിധി രാമചന്ദ്രനെ അനുവദിച്ചില്ല. നിധിക്കഥയിലെ ദുരന്തനായകനായി രാമചന്ദ്രന്‍ ഏകാന്ത ജീവിതം തുടരുന്നു.
നഷ്ടമായത് നിധി മൂല്യത്തിന്റെ
മൂന്നിലൊന്ന്
ആര്‍ക്കിയോളജി നിയമ പ്രകാരം നിധികുംഭത്തിന്റെ ആകെ മൂല്യത്തിന്റെ മൂന്നിലൊന്ന് വിഹിതം മണ്ണിനടിയില്‍ നിന്ന് നിധി കണ്ടെത്തിയയാളെന്ന നിലയില്‍ രാമചന്ദ്രന് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ നിധി കണ്ടെത്തിയത് സംബന്ധിച്ച് അവകാശത്തര്‍ക്കം കേസിന്റെ അവസാന നിമിഷം വരെ നിലനിന്നതോടെയാണ് കലക്ടറുടെ വിധി രാമചന്ദ്രനെ തുണയ്ക്കാതെ പോയത്.
കാരുണ്യത്താനയി കൈ നീട്ടി
രാമചന്ദ്രന്‍
തെങ്ങ് കയറ്റമെന്ന ഉപജീവനം നടത്താന്‍ രാമചന്ദ്രന്‍ ആരോഗ്യവും പ്രായവും മാനസികാവസ്ഥയും മറ്റും തടസമായി. ഇപ്പോള്‍ കരള്‍ സംബന്ധമായ അസുഖം സാരമായി ബാധിച്ചതോടെ ആശുപത്രിയിലായി. പരിചരിക്കാനോ സഹായിക്കാനോ ആരുമില്ലാത്ത അവസ്ഥ. നിധി സ്വപ്നങ്ങള്‍ തകര്‍ന്ന് തരിപ്പണമായ രാമചന്ദ്രന്റെ മനസില്‍ ഇന്ന് ഒരു നേരത്തെ മരുന്നിനെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും മാത്രമാണ് സ്വപ്‌നം. രോഗങ്ങളും കീഴടക്കിയ അവസ്ഥയില്‍ വെയിലും മഴയും ഏല്‍ക്കാതെ കിടക്കാന്‍ ഒറ്റമുറി വീട്. രാമചന്ദ്രന്റെ വലിയ സ്വപ്നങ്ങള്‍ ഇന്നിത്ര മാത്രം. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി.കാര്‍ഡ്, ബാങ്ക് അക്കൗണ്ട് ഇതൊന്നുമില്ലാത്ത രാമചന്ദ്രന് തന്റെ കഥ വിശ്വസിക്കുന്നവരുടെ കാരുണ്യം മാത്രമാണ് തുണ.
വീടും സ്ഥലവും ജപ്തി വലയില്‍
രാമചന്ദ്രന്റെ വീടും സ്ഥലവും പണ്ടെന്നോ എടുത്ത ബാങ്ക് വായ്പയില്‍ കുരുങ്ങി ജപ്തിയിലായതിന്റെ അറിയിപ്പുകള്‍ രാമചന്ദ്രനെ തേടി വന്നിരുന്നു. ബാങ്കിന്റെ കനിവില്‍ അത് നടപ്പാക്കാതെ കിടക്കുന്നു. നിധി കിട്ടി തകര്‍ന്ന ജന്മമായി രാമചന്ദ്രന്‍ ഈ മണ്ണില്‍ ജീവിച്ച് തീര്‍ക്കുന്നു സഹതപിക്കുന്നവരുണ്ട്. സഹായിക്കുകുന്നവരുണ്ട്. അവര്‍ക്ക് മുന്നിലാണ് രാമചന്ദ്രന്റെ പ്രതീക്ഷ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."