ജമാല്‍ കൊച്ചങ്ങാടി; അക്ഷര വിസ്മയങ്ങളുടെ വലിയങ്ങാടി
എന്‍.കെ ശമീര്‍ കരിപ്പൂര്‍
മഹാഭാരതകഥയെ മുന്‍നിര്‍ത്തി ഭീമസേനനെ കേന്ദ്ര കഥാപാത്രമാകുന്ന എം.ടി വാസുദേവന്‍ നായരുടെ 'രണ്ടാംമൂഴം' കാല്‍പനിക ബിംബങ്ങള്‍ കൊണ്ട് അനുവാചകന്റെ മനോമുകുരങ്ങളില്‍ കഥയുടെ മാസ്മരിക ശക്തിപ്രകടമാക്കുന്നുണ്ട്. മലയാളത്തിന് പുറമെ ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും ഇതുപോലെ യേശു, മോശ തുടങ്ങിയ ചരിത്ര മഹത്തുക്കളെക്കുറിച്ചും രചനകളുണ്ടായിട്ടുണ്ട്. പ്രവാചക ജീവിതത്തെ അധികരിച്ച് നാമിങ്ങനെ അധികം എഴുത്തുകളൊന്നും കണ്ടിട്ടില്ല. ജീവിതത്തിന്റെ നെടുംയാത്രകളില്‍ കടന്നുപോയപ്പോഴൊക്കെ അബ്‌വായിലെ പൂഴിമണ്ണില്‍ കാറ്റും മണലും മാറിമാറി പണിത ഒരു ജഡകുടീരത്തിനരികില്‍ ചക്രവാളങ്ങളെ ഭ്രമിപ്പിച്ച ഏകാന്തതയില്‍ ഓര്‍മകള്‍ക്കും വികാരങ്ങള്‍ക്കും സ്വയം സമര്‍പ്പിച്ചു പ്രാര്‍ഥനാനിരതനായിരിക്കുന്ന പ്രവാചകനെ പലകുറി നാം വായിച്ചിട്ടുണ്ട്. അദൃശ്യമായ വിലക്കുകള്‍ മാനിച്ചുകൊണ്ടെന്നോണം ആ മൗനമുഹൂര്‍ത്തങ്ങളില്‍ പ്രവാചക ഹൃദയത്തോടൊപ്പം നടക്കാന്‍ പക്ഷേ, ആരുമുണ്ടായില്ല. ഒരുപക്ഷേ, അല്ലാമാ ഇഖ്ബാലോ അങ്ങനെ ചുരുക്കം ചിലരോ മാത്രമാവും മദീനയിലെ കാറ്റിനോടും പ്രവാചക ഹൃദയത്തോടും സല്ലപിക്കാനും പരാതി പറയാനും ധൈര്യപ്പെട്ടിരിക്കുക. എന്നാല്‍ ജീവിതത്തില്‍ തനി തങ്കമായി തിളങ്ങിയ പ്രവാചക ജീവിതത്തിലെ മൗന മുഹൂര്‍ത്തങ്ങളിലൂടെയുള്ള തീവ്രവും വികാരഭരിതവുമായ യാത്ര ജമാല്‍ കൊച്ചങ്ങാടിയുടെ രചനകളിലെ പ്രത്യേകതയാണ്.
പ്രവാചക ജീവിതത്തിലെ വ്യത്യസ്തമുഹൂര്‍ത്തങ്ങളെ എഴുപേരുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ, ഒരു സ്ഫടികത്തിലൂടെ കടന്നുപോവുന്ന ഏഴ് വര്‍ണരശ്മികള്‍ പോലെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന സര്‍ഗാത്മക രചനയാണ് ജമാലിന്റെ 'ഒരു സ്ഫടികം പോലെ' എന്ന കൃതി. ബദറിലെ യുദ്ധാനന്തര വിഭവങ്ങളില്‍ (ഗനീമത്ത്) നിന്ന് തിരുനബി തിരിച്ചറിഞ്ഞ തങ്കത്താലിയോടൊപ്പം മനസിലേക്കിരച്ചുവരുന്ന പത്‌നി ഖദീജയുടെ മുഖവും കാലവും ഉള്ളുരുക്കത്തോടെയല്ലാതെ വായിച്ചുപോവാന്‍ ആര്‍ക്കും കഴിയില്ല. സുമുഖിയും യുവതിയുമായ ആയിശയുടെ ഉള്ളുപോലും അസൂയകൊണ്ട് നിറയുമാറ് തിരുനബിയുടെ അവസാനംവരെയും നിറ സാധിധ്യമായിരുന്നു ആ വൃദ്ധ. ആ താലിമണികളില്‍ തട്ടിത്തിളങ്ങിത്തെറിച്ച കാലത്തിന്റെ മുദ്രകള്‍ അതീവചേതോഹരമായി ജമാല്‍ 'സ്ഫടികം പോലെ' എന്ന കൃതിയിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു. മറ്റൊരധ്യായത്തില്‍ അബൂബക്കര്‍ സിദ്ദീഖ് കടന്നുവരുന്നുണ്ട്. പ്രവാചകന് ഒരേ സമയം അബൂബക്കര്‍ സുഹൃത്തും ശിഷ്യനും കാവലാളും ശ്വശുരനും സഹായിയുമായിരുന്നു. ഖദീജയുടെ മടിശ്ശീലയും അബൂബക്കറിന്റെ ഖജനാവും ഇസ്‌ലാമിന്റെ വിരിപ്പന്ഥാവുകളിലേക്ക് കെട്ടുമുറിഞ്ഞൊഴുകി. ഒരിക്കല്‍ തങ്ങളിരുവരും മാത്രമായിരുന്നപ്പോള്‍ പ്രവാചകന്‍ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അബൂബക്കറുമായി പങ്കുവയ്ക്കുകയായിരുന്നു. എന്നിട്ടും പ്രവാചകന്‍ അബൂബക്കറിനോട് ചോദിച്ചു: 'അബൂബക്കര്‍ ,താങ്കളുടേത്?'. അബൂബക്കറിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല: 'അങ്ങയുടെ മുഖത്തുനോക്കി ഇങ്ങനെ ഇരിക്കുക'. അതായിരുന്നു അബൂബക്കര്‍. പ്രവാചകന്‍ കനലു പിടിക്കാന്‍ പറഞ്ഞാല്‍ തീവിഴുങ്ങാനുള്ള സത്യസന്ധതയും അര്‍പ്പണവും. സമാനതകളില്ലാത്ത ആ സൗഹൃദം സ്ഫടികംപോലെ തിളങ്ങുന്ന വായനയ്ക്കു സമര്‍പ്പിക്കുകയായിരുന്നു ജമാല്‍ കൊച്ചങ്ങാടി. പ്രവാചക ജീവിതത്തെ ഇത്രമേല്‍ സര്‍ഗാത്മകമാക്കിയ മറ്റൊരു രചന മലയാളത്തില്‍ പിന്നീട് വന്നിട്ടില്ലെന്നു പറയാം. അത്രമേല്‍ ഹൃദയസ്പൃക്കായ ഭാഷയാണ് ജമാല്‍ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. ഇതിന്റെ വിവര്‍ത്തനം തമിഴിലും വന്നിട്ടുണ്ട്.
കാവ്യവഴിയില്‍
ആസ്വാദക വൃന്ദം മനസില്‍ താലോലിക്കുന്ന ഒരുപിടി ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് ജമാല്‍ കൊച്ചങ്ങാടി. പ്രവാചക ജീവിതത്തിലെ ഏറെ സങ്കീര്‍ണമായ മുഹൂര്‍ത്തമാണ് മക്കയില്‍ നിന്നു മദീനയിലേക്കുള്ള പലായനം (ഹിജ്‌റ). മക്കയിലെ ശത്രുകൂട്ടങ്ങള്‍ നിരന്തരം ഉപദ്രവങ്ങള്‍കൊണ്ട് ജീവിതം അസാധ്യമാക്കിത്തീര്‍ത്തപ്പോര്‍ ജഗന്നിയന്താവിന്റെ കല്‍പനയോടെ പ്രവാചകന്‍ പിറന്ന നാടിനോട് യാത്രാമൊഴിചൊല്ലി, ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തിലൂടെ മദീനയെ ലക്ഷ്യമാക്കിനീങ്ങുന്ന സന്ദര്‍ഭത്തെ ഭാവനയില്‍ കൊണ്ടുവന്ന് ആസ്വാദകന്റെ മനസില്‍ ആ രംഗംവരച്ചിടാന്‍ ജമാല്‍ ശ്രമിക്കുന്നത് ഇങ്ങനെ:
'മക്കാനഗരമെ കരയൂ...
കഅബതന്‍ നഗരമെ കരയൂ...
നിന്‍ മാനസപുത്രന്‍ പോവുകയായ്..
സോദോംനഗരിയില്‍
തീമഴ പെയ്‌തൊരാ
ആഗ്‌നേയശാപം മറന്നുവോ നീ
ആദ് സമൂദിനെ
കീഴ്‌മേല്‍ മറിച്ചൊരാ
ദൈവശാപം മറന്നു പോയോ...?'
ഈ ഗാനം നാല്‍പ്പത്തഞ്ചു വര്‍ഷം മുന്‍പ് അന്ത്യപ്രവാചകന്‍ എന്ന കാസറ്റിലാണ് ആദ്യമായി വന്നത്. പിന്നീട് അതേ ഗാനം റസൂല്‍ എന്ന പേരില്‍ സീഡിയായപ്പോള്‍ പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സലും പാടി. ശേഷം എരഞ്ഞോളി മൂസ പാടിയപ്പോഴാണ് കൂടുതല്‍ ഹിറ്റായത്. ഹജജ് കര്‍മങ്ങളെ ആധാരമാക്കി ധാരാളം പാട്ടുകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഹജ്ജ് കര്‍മങ്ങളെ മാനവികതയുടെ ഉദാത്തമായ പ്രതിബിംബങ്ങളാക്കി അവതരിപ്പിക്കുന്ന ജമാലിന്റെ വരികള്‍ സുന്ദരമായ ആശയപ്രപഞ്ചങ്ങളെയാണ് ദൃശ്യപ്പെടുത്തുന്നത്:
'കഅബാ മന്ദിര വാതില്‍ക്കലണയും,
ദുല്‍ഹജ്ജ് മാസമേ വന്നാലും
തൗബയില്‍ മുങ്ങിയ ഖല്‍ബുകളഖിലം
സംസമില്‍ കഴുകിത്തുടച്ചാലും..
മാനവ സംസ്‌കാരത്തിന്‍ ആദിമകേന്ദ്രം
പാവന ഭക്തിതന്‍ പരിശുദ്ധഗേഹം
ഇവിടെ വിശുദ്ധമാം മനുഷ്യവികാരങ്ങള്‍;
ഇന്നും തളിരിട്ടു നില്‍ക്കുന്നു
ഇവിടെ യുഗങ്ങള്‍തന്‍
ആത്മവിലാപങ്ങള്‍
ഇതിഹാസങ്ങളായ് ഉണരുന്നൂ
ഇവിടെ കളങ്കങ്ങള്‍ മാഞ്ഞു മര്‍ത്യന്‍
ശിശുവായ് വീണ്ടും ജനിക്കുന്നു
അറഫയില്‍ വിടരുന്ന ഭക്തിതന്‍
പൂക്കള്‍ക്ക്
വര്‍ണ വ്യത്യാസങ്ങളില്ലാ..
ഹറമില്‍ കടക്കുന്ന മാനവഹൃദയത്തില്‍
കാമവിദ്വേഷങ്ങളില്ലാ..
സ്ത്രീധന സമ്പ്രദായം ഒരു പെണ്‍കുട്ടിയുടെ ദരിദ്രനായ പിതാവിന്റെ ആധിയെ വരിഞ്ഞുമറുക്കുന്ന നിമിഷങ്ങളെ ഓര്‍മിപ്പിക്കുന്ന ജമാലിന്റെ ഏറെശ്രദ്ധേയമായ രചന തുടങ്ങുന്നത് ഇങ്ങനെ:
വാടി വീണ പൂവ് പോലെ
പൊന്നു മോളെ നിന്‍ മുഖം
കണ്ടിടുമ്പോള്‍ കത്തിടുന്നു
ബാപ്പയുടെ ഖല്‍ബകം..'
കെ. രാഘവന്‍ മാഷ് സംഗീതം നിര്‍വഹിക്കുകയും വി.ടി മുരളി പാടി ഏറെ ഹിറ്റാവുകയും ചെയ്തതാണ് ഈ ഗാനം.
പത്രപ്രവര്‍ത്തന രംഗത്ത്
സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ് എറണാകുളത്തു നിന്ന് സി.പി മമ്മുവിന്റെ ഉടമസ്ഥതയില്‍ പുറത്തിറങ്ങിയിരുന്ന കേരള നാദം സായാഹ്ന പത്രത്തിലാണ് ജമാല്‍ ആദ്യമായി ജോലിക്ക് ചേരുന്നത്. പിതാവിന്റെ പത്രപ്രവര്‍ത്തന പാരമ്പര്യം ജമാലില്‍ വന്ന് ചേര്‍ന്നത് യാദൃച്ഛികമാവാം. എഴുത്തുരംഗത്ത് ജമാലിന് എന്നും പ്രചോദനവും പ്രോത്സാഹനവും നല്‍കിയ വ്യക്തിയായിരുന്നു പി.എ സെയ്ത് മുഹമ്മദ്. കേരള മുസ്‌ലിം ചരിത്ര രചനയ്ക്ക് അതുല്യസംഭാവനകള്‍ നല്‍കിയ പ്രതിഭ. കേരള മുസ്‌ലിം ഡയറക്ടറി (1960), കേരള മുസ്‌ലിം ചരിത്രം പോലുള്ള അര ഡസനിലേറെ ചരിത്രരചനകളെഴുതിയ സെയ്ത് മുഹമ്മദ് ആദ്യത്തെ മാപ്പിള മുസ്‌ലിം ചരിത്രകാരനായിരുന്നു. ഗുരുതുല്യനായ സെയ്ത് മുഹമ്മദിന്റെ ജീവചരിത്രം ജമാല്‍ എഴുതി ഏതാനും വര്‍ഷം മുന്‍പേ ഗ്രെയ്‌സ് ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രകാരനും നടനുമായിരുന്ന കോഴിക്കോട്ടുകാരന്‍ ആര്‍ട്ടിസ്റ്റ് എ.എം കോയയുടെ മകള്‍ ഫാത്തിമയെയാണ് ജമാല്‍ വിവാഹം ചെയ്തിരുന്നത്.
1980ല്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റെ മുഖപത്രമായിരുന്ന ലീഗ് ടൈംസില്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് ജമാലിന്റെ തട്ടകം കോഴിക്കോട് കേന്ദ്രമായി മാറിയത്. ലീഗ് ടൈംസിന്റെ ഓഫിസ് അന്ന് കോഴിക്കോട് പന്നിയങ്കരയിലായിരുന്നു. പി.കെ മാനു സാഹിബ്, കെ.പി കുഞ്ഞിമൂസ, ടി.പി ചെറൂപ്പ, പോക്കര്‍ കടലുണ്ടി, ഉമ്മര്‍ പാണ്ടികശാല, ഇ.കെ.കെ മുഹമ്മദ്, സൂപ്പി വാണിമേല്‍ തുടങ്ങിയവരെല്ലാം ജമാലിന്റെ സഹപ്രവര്‍ത്തകരായി അന്ന് ലീഗ് ടൈംസിലുണ്ട്.
മുസ്‌ലിം ലീഗ് ലയനത്തെ തുടര്‍ന്ന് ലീഗ് ടൈംസ് പൂട്ടിയപ്പോള്‍ ഒരു വര്‍ഷത്തോളം പ്രിവ്യു എന്ന പത്രത്തില്‍ ജോലിചെയ്തു. പിന്നീട് ആരംഭകാലം മുതല്‍ 2002 വരെ മാധ്യമത്തിലായിരുന്നു. എഴുത്തുകാര്‍ എഴുതുന്നതെല്ലാം പ്രൂഫ് റീഡിങ് മാത്രം ശരിയാക്കി അതുപോലെ പ്രസിദ്ധീകരിക്കലാണ് പത്രാധിപരുടെ ജോലിയെന്ന് നമ്മള്‍ കരുതുന്നുവെങ്കില്‍, ജമാലിന്റ കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ്. പ്രശസ്തരായ പല സാഹിത്യകാരന്മാരുടെയും സൃഷ്ടികള്‍ ജമാല്‍ എഡിറ്റു ചെയ്തിട്ടുണ്ട്.
മുന്‍നിരയിലുള്ള മിക്ക എഴുത്തുകാരും തങ്ങളുടെ സൃഷ്ടികളള്‍ അതുപോലെ പ്രസിദ്ധീകരിക്കണം എന്ന ശാഠ്യമുള്ളവരാകും. അക്കാര്യം തിരിച്ചറിയുന്നതുകൊണ്ട് തന്നെ എഴുത്തുകാരന് മാര്‍ഗനിദേശം നല്‍കാനുള്ള പത്രാധിപരുടെ സ്വാതന്ത്ര്യത്തില്‍ നിന്നുകൊണ്ട് ജമാല്‍ പ്രവര്‍ത്തിക്കും. പ്രസിദ്ധ നോവലിസ്റ്റായിരുന്ന ഇ. ഹരികുമാര്‍ ഒരിക്കല്‍ മാധ്യമം വാര്‍ഷികപ്പതിപ്പിനു വേണ്ടി 'സാന്ത്വനത്തിന്റെ താക്കോല്‍' എന്ന ഒരു കഥ എഴുതി അയച്ചു. ഉടന്‍ വന്നു പത്രാധിപരായ ജമാലിന്റെ കത്ത്. വളരെ മനോഹരമായ ഒരു കഥയുടെ അവസാന ഭാഗം നന്നായില്ല; മാറ്റിയെഴുതണം, എന്നാണ് ജമാലിന്റെ അഭിപ്രായം. തന്റെ കഥയിലൂടെയും കഥാപാത്രങ്ങളിലൂടെയും ഒരിക്കല്‍കൂടി ഒന്നു സഞ്ചരിച്ചുനോക്കിയ ഹരികുമാറിന് ജമാലിന്റെ അഭിപ്രായം തീര്‍ത്തും ശരിയാണെന്ന് തോന്നി. ഒന്നു രണ്ടു പ്രാവശ്യം മാറ്റിയെഴുതി കഥ വീണ്ടും അയച്ചുകൊടുത്തു. അത് കയ്യില്‍ കിട്ടിയ ജമാലിന്റെ മറുപടി ഇങ്ങനെ: 'അഭിനന്ദനങ്ങള്‍.. കഥ ഇപ്പോള്‍ മനോഹരമായിരിക്കുന്നു. ഈ സംഭവം ഹരികുമാര്‍ പിന്നീട് ചന്ദ്രിക വാരികയില്‍ നല്‍കിയ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്. എഴുത്തുകാരനും പത്രാധിപരും തമ്മിലുള്ള ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ ഇടപെടലുകളെ കുറിച്ച അനുഭവസാക്ഷ്യങ്ങളുടെ ഓര്‍മകളാണ് 'പേന സാക്ഷി' എന്ന പുസ്തകത്തിലൂടെ ജമാല്‍ അവതരിപ്പിക്കുന്നത്. ബഷീര്‍, വി.കെ.എന്‍, ഒ.വി വിജയന്‍, ടി.വി കൊച്ചുബാവ, പോഞ്ഞിക്കര റാഫി, നടന്‍ മമ്മൂട്ടി, സുകുമാര്‍ അഴീക്കോട് തുടങ്ങി നിരവധി പേരുടെ കത്തുകളുടെ സാക്ഷ്യമാണ് 'പേന സാക്ഷി'യില്‍.
മാധ്യമം വിട്ടതിന് ശേഷം 2006 വരെയുള്ള അന്തരാളഘട്ടത്തിലാണ് ജമാലിന്റെ ചില ശ്രദ്ധേയമായ കൃതികള്‍ പുറത്തുവന്നത്. 'ക്ലാസിക് അഭിമുഖങ്ങള്‍', 'കൊളംബസും മറ്റ് യാത്രികരും' എന്നീ കൃതികള്‍ അക്കാലത്ത് എഴുതിയതാണ്. രണ്ടും തര്‍ജമകളാണ്. മള്‍ബറി ബുക്‌സിലെ ഷല്‍വിയും അക്കാലത്ത് ജമാലിനെ ചില പുസ്തകങ്ങള്‍ എഴുതാന്‍ ഏല്‍പിച്ചിരുന്നു. അദ്ദേഹത്തിന്റെ യാദൃച്ഛിക മരണം കാരണം അത് നടക്കാതിരുന്നപ്പോള്‍ പ്രസ്തുത ഉദ്യമം ഒലീവ് ബുക്‌സ് ഏറ്റെടുത്തു. 'വിശ്വസാഹിത്യ പ്രതിഭകള്‍' എന്നാണ് കൃതിയുടെ പേര്. 200 ശതകത്തില്‍ ലോക സാഹിത്യത്തിലെ അനശ്വരപ്രതിഭകളെ പരിചയപ്പെടുത്തുന്ന കൃതിയായിരുന്നു അത്. ലോകത്തെ ശ്രദ്ധേയരായ 160 സാഹിത്യപ്രതിഭകളെ
ഉള്‍പ്പെടുത്തി ആ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് വരാനിരിക്കുന്നു. അതില്‍ കേരളത്തില്‍ നിന്ന് ബഷീറിനെയും കവി കുമാരനാശാനെയുമാണ് ജമാല്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ബംഗ്ലാദേശില്‍ നിന്ന് നസ്‌റുല്‍ ഇസ്‌ലാമും പാക്കിസ്താനില്‍ നിന്ന് അല്ലാമാ ഇഖ്ബാലും സാദത്ത് ഹസന്‍ മാന്തോയും കടന്നുവരുന്നു. സാധാരണ രീതിയില്‍ ഇത്തരം കൃതികളില്‍ യൂറോപ്യന്‍ സാഹിത്യകാരന്മാരെ മാത്രമാണ് നമ്മുടെ എഴുത്തുകാര്‍ പരിഗണിക്കാറുള്ളത്. എന്നാല്‍ ജമാലിന്റെ രചനാരീതി ഇതില്‍ നിന്നു വ്യത്യസ്തമാവുന്നു.
മലയാളനോവലുകളിലെ മുസ്‌ലിം ഇതിവൃത്തമുള്ള നോവലുകളെ പ്രമേയമാക്കി ജമാല്‍ എഴുതിയ 'മുസ്‌ലിം സാമൂഹ്യജീവിതം മലയാളനോവലില്‍' എന്ന കൃതി മാപ്പിളമാരുടെ സാമൂഹ്യജീവിതത്തിന്റെ സവിശേഷതകള്‍ അനാവരണം ചെയ്യുന്നു. ബഷീറിന്റെ (ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന കൃതിയിലെ) 'കുഞ്ഞിപ്പാത്തുമ്മ' എന്ന കഥാപാത്രം 'എനിക്ക് കള്ളസാക്ഷി പറയാനറിയില്ല' എന്ന് തീര്‍ത്ത് പറയുന്ന ഒരു രംഗമുണ്ട്. ആ കഥാപാത്രം നിരക്ഷരയാണെങ്കിലും മാപ്പിളപ്പെണ്ണിന്റെ ധൈര്യത്തിന്റേയും തന്റേടത്തിന്റെയും പ്രതീകമായി കുഞ്ഞിപ്പാത്തുമ്മയെ ജമാല്‍ തന്റെ കൃതിയിലൂടെ ഉയര്‍ത്തിക്കാണിക്കുന്നു. ഉള്ളിലേക്ക് വലിയുന്ന നിലവിളി എന്ന അധ്യായം നോവലുകളിലെ മാപ്പിളപ്പെണ്ണുങ്ങളുടെ സന്ദര്‍ഭമാവശ്യപ്പെടുമ്പോള്‍ സംജാതമാകുന്ന സ്ഥൈര്യവും ധൈര്യവും അപഗ്രഥിക്കുന്ന സവിശേഷ നിരീക്ഷണങ്ങളാണ്. കുഞ്ഞു പാത്തുമ്മയേയും ഉറൂബിന്റെ ഉമ്മാച്ചുവിനേയുമൊക്കെ ഉദാഹരിച്ചാണിത് സാധിക്കുന്നത്. ഒരു നൂറ്റാണ്ടിനിടയ്ക്കുള്ള മാപ്പിള ജീവിതങ്ങളെ പ്രമേയമാക്കുന്ന മലയാളത്തിലെ മികച്ച പലനോവലുകളെയും പ്രസ്തുതകൃതിയില്‍ ജമാല്‍ പഠനവിധേയമാക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമി ആദ്യ പതിപ്പിറക്കിയ ഈ പുസ്തകത്തോളം ഗഹനമായ മറ്റൊരു പഠനം പിന്നീടുണ്ടായില്ലെന്നത് ജമാലിന്റെ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നു.
പിതാവിനെ കുറിച്ചല്‍പ്പം
വിവാഹ ജീവിതത്തിന്റെ മധുരനാളുകളിലേക്ക് പ്രവേശിച്ച് ദിവസങ്ങള്‍ക്കകം തന്നെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ വ്യക്തിയാണ് ജമാലിന്റെ ഉപ്പ സൈനുദ്ദീന്‍ നൈന. അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്ത് നല്ലൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും വാഗ്മിയുമായിരുന്നു. കൊച്ചിയിലെ പ്രാചീനവും കുലീനവുമായ കുടുംബമാണ് നൈനമാരുടേത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെ കുറിച്ച് സഹപ്രവര്‍ത്തകരായിരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ തന്റ ആത്മകഥാ സ്പര്‍ശമുള്ള 'ഓര്‍മയുടെ അറകള്‍' എന്ന കൃതിയിലും ഇ. മൊയ്തു മൗലവി തന്റെ 'ഓര്‍മകള്‍' എന്ന പുസ്തകത്തിലും പ്രതിപാദിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരാവേശം യുവഹൃദയങ്ങളില്‍ ഇരമ്പിയിരുന്ന കാലത്ത് കൊച്ചിയില്‍ നിന്ന് ബഷീറും നൈനയും 'ഉജ്ജീവനം' എന്ന പേരില്‍ ഒരു പത്രം നടത്തിയിട്ടുണ്ട്. പത്രാധിപര്‍ ബഷീറും പ്രസാധകന്‍ സൈനുദ്ദീന്‍ നൈനയുമായിരുന്നു. ഉജ്ജീവനത്തില്‍ വന്ന ബഷീറിന്റെ ചില ലേഖനങ്ങള്‍ അദ്ദേഹത്തെ അധികാരിവര്‍ഗത്തിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റി. അന്ന് തന്റെ കൈയ്യിലെ വാച്ച് അഴിച്ചുകൊടുത്ത് പൊലിസിന്റെ കണ്ണില്‍പ്പെടാതെ എവിടെയെങ്കിലും പോയി രക്ഷപ്പെട്ട് ജീവിക്ക് എന്ന് സൈനുദ്ദീന്‍ നൈന നിര്‍ദേശിച്ചു. അവിടെ നിന്നാണ് വൈക്കം മുഹമ്മദ് ബഷീറെന്ന ദേശാന്തരിയായ സാഹിത്യകാരന്‍ മലയാളത്തില്‍ രൂപപ്പെടുന്നത്. തന്റെ സഹതടവുകാരനും കൂട്ടുകാരനുമായിരുന്ന നൈനയുടെ മകന്‍ ജമാലിനോട് അതുകൊണ്ടുതന്നെ ബഷീറിന് എന്നും വലിയ സ്‌നേഹമായിരുന്നു. ബഷീറിന്റെ ബേപ്പൂരിലെ വൈലാവിലുള്ള മാങ്കോസ്‌റ്റൈന്‍ മരച്ചുവട്ടിലെ മിക്ക സായാഹ്ന കൂടിച്ചേരലുകളിലും ജമാലും ഉണ്ടാവും; ബഷീറിന്റെ ക്ഷണം സ്വീകരിച്ചവനായിട്ടോ അല്ലാതെയോ. ഇടക്ക് ജമാലിന്റെ വരവൊന്ന് നീണ്ടുപോയാല്‍ ഉടനെയെത്തും ബഷീറിന്റെ കത്ത് 'പ്രിയപ്പെട്ട ജമാല്‍...' എന്ന അഭിസംഭോധനയോടെ. ബഷീറിന്റെ അത്തരം കത്തുകളെല്ലാം ഓര്‍മകളുടെ മധുരംപുരട്ടി ജമാല്‍ ഇന്നും സൂക്ഷിക്കുന്നു.
ഒരു പിതാവിന്റെ കരസ്പര്‍ശവും ലാളനയും കൊതിക്കുന്ന ബാല്യത്തില്‍ (1952ല്‍) എട്ടാം വയസിലാണ് ജമാലിന്റ ഉപ്പ മരിച്ചത്. ഏക പെങ്ങളായിരുന്ന ആയിശയുടെ വിവാഹംനടക്കുന്ന ദിവസംതന്നെയാണ് ഉപ്പയുടെ വിയോഗം വിധിയുടെ രൂപത്തില്‍വന്നത്. മനസ് ഒറ്റപ്പെട്ടുപോയ സന്ദര്‍ഭം! ഉപ്പ മരിച്ച് ഒരു മാസം തികഞ്ഞില്ല സ്‌നേഹനിധിയായ ഉമ്മയും നാഥനിലേക്ക് യാത്രയായി. ജീവിതം അനാഥബാല്യത്തിലേക്ക് വലിച്ചെറിയപ്പെട്ട സന്ദര്‍ഭം. ജ്യേഷ്ഠനായ മുസ്തഫയും സഹോദരിയുമെല്ലാമായിരുന്നു അപ്പോള്‍ ജമാലിന് ആശ്രയമായുണ്ടായിരുന്നത്. കൊയര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി (ഇന്നത്തെ കൊയര്‍ഫെഡ്) യിലായിരുന്നു ജ്യേഷ്ഠന്‍ ജോലി ചെയ്തിരുന്നത്. വളരെ ചെറുപ്രായത്തില്‍ അധ്വാനത്തിലേക്കിറങ്ങിയ ജ്യേഷ്ഠന് താനൊരു ഭാരമാവരുതെന്ന നിര്‍ബന്ധബുദ്ധി ജമാലിനുണ്ടായിരുന്നു. അങ്ങനെ കഠിനാധ്വാനത്തിലൂടെയും സ്ഥിരപരിശ്രമങ്ങളിലൂടെയുമാണ് ജമാല്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്.
ചെറിയ പത്രങ്ങളില്‍ ജോലിചെയ്തും സ്വയം പരിശ്രമിച്ചുമാണ് ജമാല്‍ പത്രപ്രവര്‍ത്തനത്തിന്റെ മാന്തിക രഹസ്യങ്ങള്‍ മനസിലാക്കിയത്. ശരിയായ അര്‍ഥത്തില്‍ ഒരു സാംസ്‌കാരിക പത്രപ്രവര്‍ത്തകന്‍. യാതൊരു പരിചയവുമില്ലാത്ത പല എഴുത്തുകാരെയും ചിത്രകാരന്മാരെയും ഫോട്ടോഗ്രാഫര്‍മാരെയും ജമാല്‍ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവന്നത് അവരുടെ മറഞ്ഞുകിടന്ന സര്‍ഗശക്തി കണ്ടറിഞ്ഞാണ്. സൈന്‍ ബോര്‍ഡ് എഴുതി നടന്ന ആര്‍ട്ടിസ്റ്റ് സഗീറിനെയും ഹോമിയോ ഡോക്ടറായ ഡോ. റഹ്മാനെയും സുനില്‍ അശോകപുരത്തെയും പോലുളള എത്രയോ ചിത്രകാരന്മാര്‍.. റസാഖ് കോട്ടയ്ക്കല്‍, അജീബ് കോമാച്ചി, അബുല്‍ കലാം ആസാദ്, എന്‍.പി ജയന്‍, സുനില്‍ ഇന്‍ഫ്‌റെയിം, ഇഖ്ബാല്‍ (തെഹല്‍ക) തുടങ്ങിയ ഫോട്ടോഗ്രാഫര്‍മാര്‍. ഇങ്ങനെ എത്രയോ കലാകാരന്‍മാര്‍.. പ്രായംകൊണ്ട് 76ന്റെ നിറവിലെത്തിയ ജമാല്‍ മകള്‍ ജുബി സുലേഖയോടൊപ്പം കോഴിക്കോട് കിണാശ്ശേരിക്കടുത്തുള്ള കുളങ്ങരപ്പീടികയിലുള്ള തന്റെ നൈന ഹൗസില്‍ പുതിയ പുസ്തകമെഴുത്തുമായി സായാഹ്ന ജീവിതത്തിലൂടെ സഞ്ചരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."