വിഭാഗീയതയ്‌ക്കൊപ്പം ഐ.എന്‍.എല്ലില്‍ കോഴ ആരോപണവും
സ്വന്തം ലേഖകന്‍
കോഴിക്കോട്: വിഭാഗീയത രൂക്ഷമാകുന്നതിനിടെ ഐ.എന്‍.എല്‍ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി കോഴ ആരോപണവും.
പി.എസ്.സി അംഗത്വം നല്‍കാന്‍ 40 ലക്ഷം രൂപ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.സി മുഹമ്മദാണ് പാര്‍ട്ടിക്ക് ലഭിച്ച പി.എസ്.സി അംഗത്വം വിറ്റുവെന്ന് ആരോപിച്ച് രംഗത്തുവന്നത്.
ഐ.എന്‍.എല്‍ പേരാമ്പ്ര നിയോജകമണ്ഡലം ഭാരവാഹിയായിരുന്ന മുയിപ്പോത്ത് സ്വദേശി വി.ടി.കെ അബ്ദുല്‍ സമദിനെയാണ് പാര്‍ട്ടി നോമിനിയായി പി.എസ്.സി അംഗമാക്കിയത്. ഫെബ്രുവരിയിലായിരുന്നു നിയമനം നടന്നത്. ഇതിന് മുന്‍പ് നടന്ന ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പാര്‍ട്ടി ഫണ്ടിലേക്ക് എന്നുപറഞ്ഞ് കോഴവാങ്ങാന്‍ തീരുമാനമെടുത്തതെന്നാണ് ആരോപണം.
താനടക്കം മൂന്നുപേര്‍ മാത്രമാണ് സെക്രട്ടേറിയറ്റില്‍ തീരുമാനത്തെ എതിര്‍ത്തത്. ആദ്യ ഗഡുവായി 20 ലക്ഷം വാങ്ങിയെന്നും ശേഷമുള്ള 20 ലക്ഷം ശമ്പളം കിട്ടുന്ന മുറയ്ക്ക് വാങ്ങാനും ധാരണയായെന്നും ഇ.സി മുഹമ്മദ് പറഞ്ഞു.
പി.ടി.എ റഹീം എം.എല്‍.എയുടെ നേതൃത്വത്തിലുണ്ടായിരുന്ന നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേരത്തെ ഐ.എന്‍.എല്ലില്‍ ലയിച്ചിരുന്നു. ഈ വിഭാഗത്തിന്റെ നേതാവാണ് ഇ.സി മുഹമ്മദ്. പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാരോപിച്ച് ഐ.എന്‍.എല്‍ വിട്ട് എന്‍.എസ്.സി പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിലാണ് ഈ വിഭാഗം.
ഇതിനിടെയാണ് നേതൃത്വത്തിനെതിരേ കോഴ ആരോപണം ഉയരുന്നത്.
ഐ.എന്‍.എല്ലില്‍ ഏറെ നാളായി നിലനില്‍ക്കുന്ന വിഭാഗീയത രൂക്ഷമാക്കുന്നതാണ് പുതിയ വിവാദം. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലുണ്ടായ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്‍.കെ അബ്ദുല്‍ അസീസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീര്‍ ബഡേരി എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മൂന്ന് നേതാക്കളെ പുറത്താക്കാനും തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കമ്മിറ്റിയില്‍ രണ്ടു ചേരികള്‍ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായിരുന്നു. ആദ്യമായി മന്ത്രിസഭയില്‍ പ്രവേശനം ലഭിച്ച ഐ.എന്‍.എല്ലിലെ തര്‍ക്കങ്ങള്‍ എല്‍.ഡി.എഫിന് തലവേദനയായിട്ടുണ്ട്.
അതിശയിപ്പിക്കുന്നതെന്ന്
എ.പി അബ്ദുല്‍വഹാബ്
പി.എസ്.സി അംഗത്വം 40 ലക്ഷത്തിന് വിറ്റെന്ന ആരോപണം വ്യാജമെന്നും അതിശയിപ്പിക്കുന്നതാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുല്‍വഹാബ്. ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."