ജൈവ നെല്‍കൃഷി പ്രോത്സാഹനത്തിന് 'കെട്ടിനാട്ടി'യുമായി കൃഷിവകുപ്പ്
മാനന്തവാടി: കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പാദനം ലഭിക്കുന്ന 'കെട്ടിനാട്ടി' ജൈവ നെല്‍കൃഷി പ്രോത്സാന പരിപാടിയുമായി കൃഷി വകുപ്പ്. കേരള കൃഷി വകുപ്പ് ജില്ലയില്‍ നടപ്പിലാക്കി വരുന്ന ലീഡ്‌സ് വിജ്ഞാന വ്യാപന പദ്ധതിയിലെ കര്‍ഷക പരിശീലന പരിപാടിയിലൂടെയാണ് സമ്പൂര്‍ണ ജൈവ നെല്‍കൃഷിയായ കെട്ടിനാട്ടി കര്‍ഷകരിലെത്തിക്കുന്നത്.
സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ചാണക കുഴമ്പ്, കുളര്‍മാവിന്റെ പശ, വാം അസോസ് പൈറ്റില്ലം, സ്യൂഡോമോണാസ് തുടങ്ങിയവയുടെ മിശ്രിതമുണ്ടാക്കി പ്രത്യേകം രൂപകല്‍പന ചെയ്ത ഡൈയിലൂടെ വിത്ത് മിശ്രിതത്തില്‍ പൊതിഞ്ഞ് ഗോളാകൃതിയിലാക്കി മുളപ്പിച്ചെടുക്കുന്നതാണ് 'കെട്ടിനാട്ടി' രീതി. ഏതാനും ദിവസം കൊണ്ട് തന്നെ മുളക്കുന്ന വിത്ത് 25, 30 സെന്റിമീറ്റര്‍ അകലത്തില്‍ പാടത്ത് നടുന്നതും പ്രത്യേക രീതിയിലായിരിക്കും. മുളയുടെ തുടക്കത്തില്‍ തന്നെ ആവശ്യമായ എല്ലാ വളങ്ങളും ലഭിക്കുന്നതിനാല്‍ എളുപ്പത്തില്‍ കള നിയന്ത്രണവും കീട നിയന്ത്രണവും സാധ്യമാവുമെന്നാണ് പറയപ്പെടുന്നത്.
അമ്പലവയല്‍ സ്വദേശി കുന്നേല്‍ അജി തോമസാണ് ഈ രീതികണ്ടെത്തി കൃഷിയിറക്കി വിജയം കണ്ടത്. തൃശ്ശിലേരിയിലെ ചിലകര്‍ഷകരും ഈ രീതി അവലംബിച്ച് കഴിഞ്ഞവര്‍ഷം കൃഷിയിറക്കിയിരുന്നു. തിരുനെല്ലി കൃഷിഭവന് കീഴിലുള്ള അരീക്കര പാടശേഖര സമിതിക്ക് വേണ്ടി കഴിഞ്ഞ ദിവസം നടത്തിയ കെട്ടിനാട്ടി കൃഷി പരിശീലന പരിപാടിയില്‍ ജോണ്‍സണ്‍ മാസ്റ്റര്‍, അജിതോമസ് എന്നിവര്‍ ചേര്‍ന്ന് കൃഷിരീതി പരിചയപ്പെടുത്തി. ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയരക്ടര്‍ കെ. ആശ, കൃഷി ഓഫിസര്‍ സി. ഗുണശേഖരന്‍, വി.കെ സുബാഷ്, പി സുബിന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."