വാര്‍ത്തകള്‍ ചുരുക്കത്തില്‍
കൃഷ്ണൻ ചേലമ്പ്ര
പ്രചാരത്തില്‍ മുന്നിട്ടു നിൽക്കുന്ന ദിനപത്രം ഒരു പരിഷ്കാരം നടപ്പാക്കി- സംഖ്യ അക്കത്തിലെഴുതുക എന്നത്. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള സംഖ്യ അക്ഷരത്തിലും തുടര്‍ന്നുള്ളത് അക്കത്തിലും എഴുതുകയെന്ന ശൈലിയാണ് ഏതാണ്ടെല്ലാ മാധ്യമങ്ങളും സ്വീകരിച്ചു പോരുന്നത്. പൊടുന്നനെയുള്ള ചുവടുമാറ്റത്തിന്റെ കാര്യമന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി പത്രസ്ഥലം ലാഭിക്കുകയെന്നതത്രേ. സ്ഥലം ലാഭിക്കുന്നതില്‍ മാധ്യമങ്ങള്‍ പ്രകടമാക്കുന്ന ഈ ആര്‍ജവം പക്ഷേ, വാര്‍ത്താവതരണത്തില്‍ കാണിക്കുന്നില്ലെന്നതാണ് വസ്തുത. നീട്ടിപ്പരത്തി, അനാവശ്യപ്രയോഗങ്ങള് നടത്തി, പദങ്ങള്‍ ക്രമംതെറ്റി വിന്യസിച്ച് പത്രവായന ബാലികേറാമലയാക്കുന്ന പ്രവണതയാണിപ്പോള്‍. അങ്ങനെയുള്ള അനാരോഗ്യശൈലിയെ വിലയിരുത്തുകയാണ് ഇവിടെ ലക്ഷ്യം.
ഒറ്റനോട്ടത്തില്‍ നിസാരമെന്നു തോന്നാവുന്ന തെറ്റുകളാണെങ്കിലും ദിനംപ്രതി ലക്ഷങ്ങള്‍ വായിക്കുന്ന, കാണുന്നവയാണ് ഈ മാധ്യമങ്ങളെന്നതിനാല് പ്രമാദങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.
‘മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ ഭരണാധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടെ അധികാരം ലഘൂകരിച്ചും സര്‍ക്കാര്‍ ചട്ടങ്ങള്‍ പരിഷ്കരിക്കുന്നു’.
വാര്‍ത്തയിലെ വൃഥാസ്ഥൂലതയ്ക്ക് ഉദാഹരണമാണ് ഈ വാചകം. ‘മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിച്ചും മന്ത്രിമാരുടേത് ലഘൂകരിച്ചും സര്‍ക്കാര്‍ ചട്ടം പരിഷ്കരിച്ചു’ എന്നെഴുതിയാല്ത്തന്നെ വായനക്കാരന് ആശയം സ്പഷ്ടമാകുമെന്നിരിക്കേ വാചകത്തിന് മേദസ്സ് വര്ധിപ്പിക്കുന്നതെന്തിന്? ഭരണാധികാരമല്ലാതെ മറ്റെന്തധികാരമാണ് മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുക? അധികാരം എന്ന വാക്കിന്റെ ആവര്‍ത്തനവും ഇവിടെ ഒഴിവായി. ഒരു ഖണ്ഡികയില്‍ത്തന്നെ പദങ്ങളുടെ ആവര്‍ത്തനം വായനക്കാരന് അരോചകമായി അനുഭവപ്പെടുമെങ്കില്‍ ഒരേ വാചകത്തില്‍ വരുന്ന ആവര്‍ത്തനം കല്ലുകടിയാകുമെന്നതില് സംശയമില്ല.
ബന്ധപ്പെടുന്നത് പതിവാക്കരുത്
‘കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിയന്ത്രണങ്ങളില്‍ ഇളവ്’. ഇതിങ്ങനെ നീട്ടിപ്പരത്തി എഴുതേണ്ടതില്ല. ‘കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ സംബന്ധമായി പുറപ്പെടുവിച്ച നിയന്ത്രണത്തില്‍ ഇളവ്’.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫിസില്ത്തന്നെയല്ലേ ഹാജരാവേണ്ടതെന്നതിനാല് അതെടുത്തു പറയേണ്ടതില്ല. പിന്നെ, ഹാജരാകുന്നതുമായി ബന്ധപ്പെടാന്‍ എന്തുമാത്രം ബദ്ധപ്പാടായിരിക്കും?
‘ബന്ധപ്പെട്ട’തുമായി മറ്റൊരു വാര്‍ത്ത: ‘സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വെള്ളിയാഴ്ച ചോദ്യം ചെയ്യും’. ഈ വാര്ത്താശകലത്തിലും ‘ബന്ധപ്പെട്ട’ അധികപ്പറ്റാണ്. ‘സ്വര്‍ണക്കടത്തു കേസില്‍...’ എന്നെഴുതിയാലെന്താണു കുറവ്? ഇതെഴുതുമ്പോള്‍ ശിവശങ്കര്‍ കേസില്‍ പ്രതിയല്ലാത്ത സ്ഥിതിക്ക് അങ്ങനെ പ്രയോഗിക്കുന്നതു തെറ്റല്ലേ എന്ന് സംശയം വരാം. ഒരു തെറ്റുമില്ല. കൂടത്തായിക്കേസില് അയല്‍വാസികളെയെല്ലാം ചോദ്യം ചെയ്തത് അവര്‍ പ്രതികളായതു കൊണ്ടല്ലല്ലോ.
വീണ്ടുമൊരു ‘ബന്ധപ്പെട്ട’: ‘വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് അന്വേഷിക്കുന്ന...’ ഇവിടെയും ‘ബന്ധപ്പെട്ട’ ഒരനാവശ്യ ഘടകം തന്നെ. ‘ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട്...’ എന്നെഴുതിയാല്‍ ധാരാളം.
ആരെന്തെങ്ങനെയെന്തു
കൊണ്ടെവിടെ?
‘സ്വര്‍ണക്കടത്ത് മുതല്‍ ലൈഫ് മിഷന് വരെ നീളുന്ന വിവാദങ്ങളാണ് തെരഞ്ഞെടുപ്പ് മുന്നില്‍ നിൽക്കേ ഇടതു സര്‍ക്കാരിന് എതിരായി ഉയര്‍ന്നത്. എന്നാല്‍ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സി.പി.എമ്മും ഘടക കക്ഷികളും’. ഏതെങ്കിലും ലേഖനത്തിന്റെ ഭാഗമല്ല, മുന്‍നിര മാധ്യമത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ തുടക്കമാണിത്.
തലക്കെട്ടിന്റെ ആകര്‍ഷണീയതയാണ് വാര്‍ത്തയിലേക്ക് വായനക്കാരനെ ആകര്‍ഷിക്കുന്ന മുഖ്യഘടകം. അതു കഴിഞ്ഞാല്‍ ആദ്യഖണ്ഡിക. വാര്‍ത്തയുടെ ആറ്റിക്കുറുക്കിയെടുത്ത രൂപമായിരിക്കണം ആദ്യഖണ്ഡിക. പത്രഭാഷയില്‍ ഇന്‍ട്രോ എന്നു പറയുന്ന (ഇതിന് ഉചിതമായ മലയാളപദം കണ്ടെത്തിയിട്ടില്ല) ആമുഖ വാചകത്തില്‍ ആരെന്തെങ്ങനെയെന്തുകൊണ്ടെവിടെയെന്നതിന്റെ സംഗ്രഹം അടങ്ങിയിരിക്കണമെന്നാണു വിവക്ഷ. എന്നാല്‍ മേലുദ്ധരിച്ച വാര്‍ത്താ ശകലത്തിന്റെ ആമുഖം നനഞ്ഞ പടക്കം പോലെയായി, പ്രത്യേകിച്ച് ആദ്യവാചകം. വാര്ത്തയുടെതല്ല, ലേഖനത്തിന്റേതു പോലെയാണ് ഈ വാചകം. ‘സ്വര്‍ണക്കടത്തു മുതല്‍ ലൈഫ്മിഷന് വരെ സര്‍ക്കാരിനെതിരായി ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുമുള്ള തീവ്രശ്രമത്തിലാണ് സി.പി.എമ്മും ഘടക കക്ഷികളും’ എന്നു മാറ്റിയെടുത്താല്‍ തീരാവുന്നതേയുള്ളൂ ഈ ‘ഇന്‍ട്രോ’യുടെ അഭംഗി. രണ്ടു വാചകങ്ങള്‍ ഒന്നാക്കിയതോടൊപ്പം വാര്ത്താഗാത്രത്തിന്റെ മേദസ്സും അലിഞ്ഞില്ലാതായി.
എഴുതാതിരുന്നാല്‍ ഭേദം
വാര്‍ത്ത എങ്ങനെ എഴുതാതിരിക്കാം എന്നതിനു ദൃഷ്ടാന്തമാണ് താഴെ കൊടുക്കുന്നത്:
‘ഹാത്രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നീതിയെ കൊല്ലുന്ന മോദി-യോഗി ഭരണകൂട ഭീകരതക്കെതിരേ ഒക്ടോബര്‍ ഒമ്പത്, പത്ത് തീയതികളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നയിക്കുന്ന സ്വാഭിമാന യാത്രക്ക് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നന്മണ്ട മുതല്‍ ബാലുശ്ശേരി പാര്‍ക്കു വരെ ഐക്യദാര്‍ഢ്യ പദയാത്ര നടത്തി’. ഒറ്റ ശ്വാസത്തില്‍ വായിച്ചെടുക്കാന്‍ പറ്റാത്ത ഈ ‘ഇന്‍ട്രോ’യെ അനാവശ്യ പ്രയോഗങ്ങളും ആവര്‍ത്തനവുമാണ് വിരസമാക്കിയത്. ഇതെങ്ങനെ ചെത്തി മിനുക്കിയെടുക്കാമെന്ന് നോക്കാം.
‘ഹാത്രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മോദി-യോഗി ഭരണകൂട ഭീകരതക്കെതിരേ ഇന്നും നാളെയും സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ നയിക്കുന്ന സ്വാഭിമാന യാത്രക്ക് മുന്നോടിയായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ പദയാത്ര നടത്തി’. ഇവിടെ യൂത്ത് കോണ്‍ഗ്രസ് എന്ന വാക്കിന്റെ ആവര്‍ത്തനവും നീതിയെ കൊല്ലുന്ന എന്ന അനാവശ്യ പ്രയോഗവും ഒഴിവാക്കി. ജില്ലാ, പ്രാദേശിക പേജില്‍ വരുന്ന വാര്‍ത്തയായതിനാല്‍ കോഴിക്കോടും ഒക്ടോബര്‍ ഒമ്പതിനിറങ്ങിയ പത്രമായതിനാല്‍ മാസത്തിന്റെ പേരും തീയതിയും ഒഴിവാക്കാം. തീയതിക്കു പകരം ഇന്നും നാളെയും എന്നു മതി. യാത്ര എവിടെ നിന്നു തുടങ്ങി എവിടെ അവസാനിച്ചു എന്നത് ‘ഇന്‍ട്രോ’യില്‍ പ്രസക്തമല്ല.
പദധാരാളിത്തമരുത്
എത്രയും കുറഞ്ഞ വാക്കുകള്‍ കൊണ്ട് എത്രയും കൂടുതല്‍ ആളുകള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ എഴുതുന്നതാണ് പത്രഭാഷ എന്നോര്‍ക്കുക. പദധാരാളിത്തം വാര്‍ത്തയുടെ അന്തസ്സത്ത ചോര്‍ത്തിക്കളയും. അതിനാല്‍ എഴുതിക്കഴിഞ്ഞ ശേഷം ഒരാവര്‍ത്തിയെങ്കിലും വായിച്ച് അനാവശ്യപദങ്ങള്‍ വെട്ടിക്കളയണം. കഴിവതും ലളിതമായ പദങ്ങള്‍ വേണം ഉപയോഗിക്കേണ്ടത്. അതോടൊപ്പം വ്യാകരണപരമായ വിശുദ്ധി പാലിക്കുകയും വേണം. ഗഹന പദങ്ങള്‍ വ്യാകരണപ്പിശകോടെ വായിക്കേണ്ടി വരുമ്പോള്‍ തോന്നുന്ന ഇച്ഛാഭംഗം ഒന്നു വേറെത്തന്നെ.
‘ദളിത് പിന്നാക്ക-സ്ത്രീ-ന്യൂനപക്ഷ പീഡനങ്ങളില്‍ പ്രതിഷേധിച്ച് ബഹുജന മനഃസാക്ഷിയെ ഉണര്‍ത്താനും കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെയും ജില്ലയില്‍ പതിനായിരം വീടുകളില്‍ ‘ജനതയുടെ സമര സാക്ഷ്യം’ സംഘടിപ്പിക്കാന്‍ എല്‍.ജെ.ഡി ജില്ലാ നേതൃയോഗം തീരുമാനിച്ചു’. വികലമായ പദപ്രയോഗവും വ്യാകരണത്തെറ്റും ഒത്തുചേരുമ്പോള്‍ പാരായണക്ഷമമല്ലാതാകുന്നതിന് തെളിവാണ് ഈ വാര്‍ത്താശകലം. ഉണര്‍ത്തുകയെന്നത് ക്രിയയും എതിരേ എന്നത് നടപടി എന്ന നാമത്തിന്റെ വിശേഷണവും ആകയാല്‍ അവ സമുച്ചയിപ്പിക്കുന്നത് ഉചിതമല്ലെന്നു മാത്രമല്ല അഭംഗി കൂടിയാണ്. ഈ അപാകമെങ്ങനെ മാറ്റിയെടുക്കാമെന്നു നോക്കാം.
‘ദളിത് പിന്നാക്ക- സ്ത്രീ-ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരേ ബഹുജന മനഃസാക്ഷിയെ ഉണര്‍ത്താനും കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിക്കുന്നതിനുമായി...’ എന്ന് ആദ്യഭാഗത്ത് ചെറിയ മാറ്റം വരുത്തിയാല്‍ വാചകം ശരിയായി. അഭംഗി മാറി, ഒപ്പം വ്യാകരണപ്പിശകും.
വാദം സി.ബി.ഐയുടേതു തന്നെ
ഇതിനു സമാനമായി കണ്ട മറ്റൊരു വാര്‍ത്താ ശകലം: ‘ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും ബാങ്കിന്റെ ആസ്തി ഗുണം മെച്ചപ്പെടുത്തുന്നതിനും മുന്‍ഗണന നൽകുമെന്ന് എസ്.ബി.ഐയുടെ പുതിയ ചെയര്മാന് ദിനേശ്കുമാര്‍ ഖാര’. ഇവിടെ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനും തമ്മില്‍ സമുച്ചയിക്കുകയില്ല. ‘ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ബാങ്കിന്റെ ആസ്തിഗുണം മെച്ചപ്പെടുത്തുന്നതിനും...’ എന്നാക്കിയാല്‍ തീരാവുന്നതാണ് പ്രശ്നം.
‘ലാവ്ലിന് കേസില്‍ ശക്തമായ വസ്തുതകളില്ലെങ്കില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിന്റെ വസ്തുതകളും തങ്ങളുടെ വാദങ്ങളുമടങ്ങിയ സമഗ്രമായ കുറിപ്പ് എഴുതി നൽകാമെന്ന് സി.ബി.ഐ. അറിയിച്ചു’. പറഞ്ഞു, അറിയിച്ചു എന്നിങ്ങനെ രണ്ടു വാചകങ്ങളും അവസാനിക്കുന്നത് വിരസതയല്ലേ? ഇതൊഴിവാക്കാന്‍ ആദ്യ വാചകത്തിലെ ‘പറഞ്ഞു’ ഒഴിവാക്കിയാല്‍ മതി. ‘ലാവ്ലിന് കേസില്‍ ശക്തമായ വസ്തുതകളില്ലെങ്കില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി’. രണ്ടാമത്തെ വാചകത്തിലെ ‘തങ്ങളുടെ’ എന്ന പ്രയോഗവും ഒഴിവാക്കണം. തങ്ങളുടെ വാദമല്ലാതെ മറ്റാരുടെ വാദമാണ് സി.ബി.ഐ. ഹാജരാക്കുക?
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."