പ്രവാസികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകണം: സി ആർ മഹേഷ് എം എൽ എ
റിയാദ്: പ്രവാസികൾ എന്നും കറവപ്പശുക്കളായിരുന്നുവെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ അവരോട് ചിറ്റമ്മനയം പാടില്ലെന്നും സി ആർ മഹേഷ് എം എൽ എ ആവശ്യപ്പെട്ടു. നന്മ കരുനാഗപ്പള്ളി റിയാദ് കൂട്ടായ്മ നടത്തി വരുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം മൂന്നാം വർഷത്തിലേക്ക് കടന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരിയുടെ വേളയിൽ നാട്ടിലെ നിരാലംബരായ കുടുംബങ്ങളെ ചേർത്ത് പിടിക്കുന്നതിൽ നന്മ കൂട്ടായ്‌മ അടക്കം പ്രവാസികൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. കരുനാഗപ്പള്ളി ടൗൺ നന്മ നഗറിൽ (മറ്റത്ത് ബിൽഡിങ്) നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി നഗരസഭാദ്ധ്യക്ഷൻ കോട്ടയിൽ രാജു, എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ ബിജു മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
കൂട്ടായ്മയുടെ കിറ്റ് വിതരണത്തിന്റെ അടുത്ത വർഷത്തേക്കുള്ള ഫണ്ട് കോട്ടയിൽ രാജുവിൽ നിന്നും നവാസ് ലത്തീഫ് (ജോയിന്റ് ട്രഷറർ) ഏറ്റു വാങ്ങി. അശരണരായ രോഗികൾക്കുള്ള ചികിത്സാ ധന സഹായം സി ആർ മഹേഷ്, റിയാസ് സ്റ്റാർ സ്പോർട്സിന് കൈമാറി. കഴിഞ്ഞ രണ്ടു വർഷമായി കരുനാഗപ്പള്ളി താലൂക്കിലെയും പരിസര പ്രദേശങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ വീടുകളിൽ പ്രതിമാസ ഭക്ഷ്യ ധാന്യ കിറ്റുകൾ എത്തിച്ചു നൽകുന്ന എം. മഹ്ബൂബിനെ വിശിഷ്ടാത്ഥികൾ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു.
മൻസൂർ കല്ലൂർ (പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നൗഫൽ കോടിയിൽ (രക്ഷാധികാരി) ആമുഖ പ്രസംഗം നടത്തി. ഷെഫീഖ് മുസ്ലിയാർ (ജോയിന്റ് ട്രഷറർ) കൃതജ്ഞത രേഖപ്പെടുത്തി. നൗഷാദ് ബിൻസാഗർ, റിയാസ് വഹാബ്, അജ്മൽ താഹ, ഷെരീഫ് മൈനാഗപ്പള്ളി, അനസ് അബ്ദുൽസമദ് , സിറാജ് പുത്തൻതെരുവ്, നിസാം മലസ്, നിസാം ഓച്ചിറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."