വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ പുന:സ്ഥാപിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു; എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തൃശൂര്‍: നിര്‍ത്തലാക്കിയ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ ഈ മാസം അവസാനത്തിനകം പുനഃസ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു എസ്.കെ.എസ്.എസ്.എഫ് നേതാക്കളെ അറിയിച്ചു. 2020ല്‍ നിയമസഭ പാസാക്കിയ ഓപണ്‍ സര്‍വകലാശാല നിയമവുമായി ബന്ധപ്പെട്ട് മറ്റു സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫും സമസ്ത വിദ്യാഭ്യാസ ബോര്‍ഡും പ്രതിഷേധിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ മാസത്തിനകം വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചത്.
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത് മൂലം റെഗുലര്‍ വിദ്യാഭ്യാസം സാധ്യമാകാത്ത വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാണെന്ന് മന്ത്രിയെ നേതാക്കള്‍ ബോധ്യപ്പെടുത്തി. തുടര്‍ന്ന് പുതിയ നിയമഭേദഗതിക്ക് വേണ്ടി നിയമസഭയില്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. മലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ന്യൂനതകള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തണമെന്നും മന്ത്രിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തിലുള്ള മന്ത്രിയുടെ അനുകൂല നിലപാടിനെ തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് 20ന് നടത്താനിരുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് താല്‍കാലികമായി നിര്‍ത്തിവച്ചതായി നേതാക്കള്‍ അറിയിച്ചു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട്, സംസ്ഥാന ട്രഷറര്‍ ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി, സംസ്ഥാന സെക്രട്ടറി ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."