തിരുവോണദിനത്തിൽ പട്ടിണിസമരവുമായി ഹർഷിന; സമരം നൂറാം ദിവസത്തിലേക്ക്
തിരുവോണദിനത്തിൽ പട്ടിണിസമരവുമായി ഹർഷിന; സമരം നൂറാം ദിവസത്തിലേക്ക്
കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയതിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് ഹർഷിന നടത്തുന്ന സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. നൂറാം ദിവസത്തിന്റെ ഭാഗമായി ഇന്ന് തിരുവോണദിനത്തിൽ ഹർഷിന പട്ടിണി സമരം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലെ സമരപന്തലിലാണ് ഹർഷിനയുടെ നിരാഹാര സമരം. മറ്റുസമര സമിതി അംഗങ്ങളും ഹർഷിനക്കൊപ്പം പട്ടിണി സമരം നടത്തും. നടനും സംവിധായകനുമായ ജോയ് മാത്യു ഇന്ന് സമരപന്തലിൽ എത്തും.
ചികിത്സക്കിടെ അശ്രദ്ധ കാണിച്ച് തന്റെ വയറ്റിൽ കത്രിക കുടുങ്ങാൻ കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഹർഷിന. മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച ഹർഷിന പൊലിസ് അന്വേഷണത്തിൽ പൂർണ്ണ തൃപ്തയാണെന്നും പറഞ്ഞിരുന്നു. ആരോഗ്യവകുപ്പിന്റെയും മെഡിക്കൽ ബോർഡിന്റെയും മുഴുവൻ അന്വേഷണങ്ങളും ഡോക്ടർമാരെ അനുകൂലിക്കുന്ന തരത്തിൽ ഉള്ളതാണ്. ഇതെല്ലാം തന്റെ പരാതികളെ അവഗണിക്കുന്നതാണെന്നും ഹർഷിന പറയുന്നു.
പൊലിസ് അന്വേഷണം പൂർത്തിയാക്കി എത്രയും പെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പൊലിസിനോട് ആവശ്യപ്പെട്ടതായി ഹർഷിന പറഞ്ഞു. റിപ്പോർട്ട് എത്രയും പെട്ടന്ന് സമർപ്പിക്കാമെന്ന് എസിപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പൊലിസ് കുറ്റപത്രം നൽകാൻ കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."