പഞ്ചായത്തുകളെ ബാല സൗഹൃദമായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ദോ എബ്രഹാം
മൂവാറ്റുപുഴ: മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളെയും ബാല സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ആരക്കുഴ പഞ്ചായത്തിലെ ബാല സൗഹൃദ പഞ്ചയത്തിന്റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അക്രമങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബാല സൗഹൃദ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൊണ്ട് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ബാല സൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുത്ത പത്ത് പഞ്ചായത്തുകളില്‍ മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആരക്കുഴ, പോത്താനിക്കാട്, ആവോലി പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തത്.മറ്റു പഞ്ചായത്തുകളിലും ബാല സൗഹൃദ പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ആരംഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ആരക്കുഴ സെന്റ് ജോസഫ് എല്‍.പി.സ്കൂളില്‍ നടന്ന ചടങ്ങില്‍ രാജഗിരി ഔട്ട് റീച്ചിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ബാലസഭാ അംഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വള്ളമറ്റം കുഞ്ഞ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ സിബി കുര്യാക്കോ, മിനി രാജു, മേഴ്സി ജോസ്, സെലിന് ചെറിയാന്, സാന്ദ്ര കെന്നഡി, അനീഷ് കരുണാകരന്, അസിസ്റ്റന്റ് സെക്രട്ടറി വി.കെ.സുബാഷ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ചിന്നമ്മ ജോയ്, യൂണിസെഫ് പ്രോഗ്രാം ഓഫീസര്‍ ഷിന്റോ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ബാലപഞ്ചായത്ത് ഭാരവാഹികളായി അരുണ്‍ സൈബി, ഉത്തര സുമോദ്, ഫെബിന് താടിക്കാട്ട്, അഫ്സല് റഷീദ്, അനില ജോസ്, ആര്യനന്ദ സിജു എന്നിവര്‍ ചുമതലയേറ്റു. കുട്ടികളുടെ സംരക്ഷണ സമിതി ഔദ്യോഗികമായി എം.എല്‍.എ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."