ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനം അനുവദിക്കില്ല: യൂത്ത് ലീഗ്
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിര് ഖനനം നടത്തുന്നതിനു വേണ്ടി എം.എസ്.പി.എല്‍ സ്വകാര്യ കമ്പനി നടത്തുന്ന നീക്കം ചെറുത്തുതോല്‍പ്പിക്കുമെന്ന് യൂത്ത് ലീഗ് ദേശീയ കണ്‍വീനര്‍ പി.കെ ഫിറോസ് പറഞ്ഞു. നിര്‍ദിഷ്ട ഖനന പ്രദേശത്ത് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരപ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2006 ല്‍ എല്‍.ഡി.എഫ് സംസ്ഥാന ഭരിച്ചപ്പോള്‍ അന്നത്തെ വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയാണ് എം.എസ്.പി.എല്‍ കമ്പനിക്ക് ഖനനാനുമതി നേടിക്കൊടുത്തതെന്നും പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരാണ് ഈ അനുമതി റദ്ദാക്കിയതെന്നും ഫിറോസ് പറഞ്ഞു. വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.പി റിയാസ് സലാം അധ്യക്ഷനായി. സി.പി.എ അസീസ്, നജീബ് കാന്തപുരം, സാജിദ് നടുവണ്ണൂര്‍, ആവള ഹമീദ്, മൂസ കോത്തമ്പ്ര, അസീസ് നരിക്കിലക്കണ്ടി, നൗഫല്‍ ചെറുവണ്ണൂര്‍, പി.സി ഉബൈദ്, പി. ഹാരിസ്, ടി.പി നാസര്‍, ഫൈസല്‍ ചാവട്ട്, മുഹമ്മദലി കന്നാട്ടി, ശിഹാബ് കന്നാട്ടി, നജീര്‍ അലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."