വിമാനത്താവള യന്ത്രസാമഗ്രികള്‍ നാളെ കൊണ്ടുപോകും
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമനത്താവളത്തിലേക്കുള്ള എയ്‌റോ ബ്രിഡ്ജ് അഴീക്കല്‍ തുറമുഖത്തു നിന്ന് റോഡ് മാര്‍ഗം നാളെ കൊണ്ടുപോകും. ഇതിനാവവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെയും വകുപ്പ് മേധാവികളുടെയും യോഗം ചേര്‍ന്നു. മൂന്ന് ഹൈഡ്രോളിക് ആക്‌സില്‍ ട്രെയിലറുകളിലായാണ് എയ്‌റോബ്രിഡ്ജ് ഉപകരണങ്ങള്‍ കൊണ്ടുപോകുക. 66 അടി നീളവും 11 അടി വീതിയും 17 അടി ഉയരവുമുള്ളതാണ് ഉപകരണങ്ങള്‍. ഇവ കൊണ്ടുപോകുന്ന വഴിയില്‍ താഴ്ന്ന നിലയിലുള്ള വൈദ്യുതി ലൈനുകള്‍ താല്‍ക്കാലികമായി മാറ്റി വൈദ്യുതി ബന്ധം വിഛേദിക്കും. ബി.എസ്.എന്‍.എല്‍ ലൈനുകളും താല്‍ക്കാലികമായി മാറ്റും.
നാളെ രാത്രി 10ന് അഴീക്കല്‍ തുറമുഖത്ത് നിന്ന് വാഹനങ്ങള്‍ പുറപ്പെടും. വളപട്ടണം വഴി രാവിലെയോടെ മേലെ ചൊവ്വയിലെത്തും. ഞായറാഴ്ച രാത്രി 10ന് മേലെ ചൊവ്വയില്‍ നിന്ന് പുറപ്പെട്ട് 29ന് രാവിലെ ഏഴ് മണിയോടെ വിമാനത്താവള പ്രദേശത്ത് എത്തിക്കും. ട്രെയിലറുകള്‍ സഞ്ചരിക്കുന്ന വഴിയില്‍ മറ്റ് ഗതാഗതം പൊലിസ് പൂര്‍ണമായി നിയന്ത്രിക്കും. ദേശീയപാതയില്‍ ഒരു ഭാഗത്ത് മാത്രമായി ഈ സമയം ഗതാഗതം പരിമിതപ്പെടുത്തും.
വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയില്‍ 27, 28 തിയതികളില്‍ രാത്രി വൈദ്യുതി വിതരണം തടസപ്പെടും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, എ.ഡി.എം മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ഗംഗാധരന്‍, ആര്‍.ടി.ഒ കെ.കെ മോഹനന്‍ നമ്പ്യാര്‍, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ സുധീര്‍ കുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."