നിലപാട് ആവർത്തിച്ച് അമിത് ഷാ കശ്മിരിൽ പാകിസ്താനുമായി ചർച്ചയില്ല
വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി
ശ്രീനഗർ • പാകിസ്താനുമായി ചർച്ചയില്ലെന്ന ബി.ജെ.പി സർക്കാരിന്റ നിലപാട് ആവർത്തിച്ച് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ പാകിസ്താനുമായി ചർച്ചയില്ലെന്നും പകരം കശ്മിരിലെ യുവാക്കളോടാണ് കേന്ദ്ര സർക്കാർ ചർച്ച നടത്തുകയെന്നും ഷാ പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഭരിക്കുന്നതെന്നും പാകിസ്താനുമായി ചർച്ചയ്ക്ക് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിദിന കശ്മിർ സന്ദർശനത്തിന്റെ അവസാന ദിനം ബാരാമുള്ളയിൽ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടെ ജമ്മുകശ്മിർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മെഹ്ബൂബ മുഫ്തിയെയും നെഹ്‌റു കുടുംബത്തെയും അമിത്ഷാ വിമർശിച്ചു. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മിരിൽ ഭീകരതയെയും വിഘടനവാദത്തെയുമാണ് പിന്തുണച്ചിരുന്നത്. എന്നാൽ കശ്മിരിൽ ബി.ജെ.പി തൊഴിൽ സൃഷ്ടിക്കാനുള്ള നിക്ഷേപമാണ് നടത്തുന്നത്. 90കൾ മുതൽ കശ്മിരിൽ മാത്രം 42,000 പേരാണ് തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കശ്മിരിലെ വികസനം മന്ദഗതിയിലായതിന് കാരണം അബ്ദുല്ലകളും മുഫ്തികളും നെഹ്റു-ഗാന്ധി കുടുംബവുമാണ്. കശ്മിർ ജനതയ്ക്കുവേണ്ടി അവർ ഒന്നും ചെയ്തില്ല. ദുർഭരണവും അഴിമതിയും വികസനമില്ലായ്മയുമാണ് അവരുടെ മുഖമുദ്രയെന്നും ഷാ ആരോപിച്ചു.
പാകിസ്താനോട് സംസാരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. എന്നാൽ താൻ സംസാരിക്കില്ല. കശ്മിരിലെ യുവാക്കളോടുമാത്രമെ സംസാരിക്കൂ. ഗുജ്ജർ, ബകർവാൾ, പഹാരി പോലുള്ള സാധാരണക്കാരോടും സംസാരിക്കും. കശ്മിരിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ അതിന്റെ വേദന തനിക്കുണ്ടാകും. സ്വന്തം മകന്റെ ശവപ്പെട്ടി ചുമക്കേണ്ടിവരികയെന്നതാണ് ഒരാളുടെ ഏറ്റവും വലിയ സങ്കടം. കശ്മിരിൽ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ മക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നും ഷാ ചോദിച്ചു. ഗുപ്കർ സഖ്യത്തിന്റെ മാതൃക മുന്നോട്ടുവയ്ക്കുന്ന ഭീകരതയും വിഘടനവാദവും കേന്ദ്രസർക്കാർ അംഗീകരിച്ചുതരില്ല. തീവ്രവാദം കശ്മിരിന് ഗുണകരമാകില്ല. വ്യവസായങ്ങളാണ് കശ്മിരിനെ വികസനത്തിലേക്കു നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."