ലീഗ് നേതാക്കള്‍ പങ്കെടുക്കരുതെന്ന് ആവശ്യം: യോഗത്തില്‍ നിന്ന് മുസ്‌ലിംലീഗ് ഇറങ്ങിപ്പോയി
മലപ്പുറം: ഉണ്യാലിലെ സി.പി.എം മുസ്‌ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍നിന്നും മുസ്‌ലിംലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി. അബ്ദുറഹ്മാന്‍ രണ്ടത്താണി ഉള്‍പെടെയുള്ള ലീഗ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന വി.അബ്ദുറഹ്മാന്‍ എംഎല്‍എയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ലീഗ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്.
താനൂര്‍ ഉണ്യാലില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് സമാധാനം പുനസ്ഥാപിക്കാന്‍ ജില്ല കലക്ടര്‍ എ.ഷൈനമോള്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് സ്ഥലം എം.എല്‍.എ കൂടിയായ വി അബ്ദുറഹ്മാന്‍ ഏകപക്ഷീയ നിലപാടു സ്വികരിച്ചത്. ഇന്നലെ മൂന്ന് മണിക്കാണ് ജില്ലാ കലക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മുന്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണിയും തിരൂര്‍ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വെട്ടം ആലിക്കോയ, താനൂര്‍ നിയോജക മണ്ഡലം മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം.പി അഷ്‌റഫ് തുടങ്ങിയ നേതാക്കളാണ് യോഗത്തിലെത്തിയിരുന്നത്. പിന്നീട് എത്തിയ താനൂര്‍ എംഎല്‍എ വി.അബ്ദുറഹ്മാന്‍ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ഉണ്ണ്യാല്‍ പ്രദേശത്തെ ആളുകളും മാത്രം യോഗത്തില്‍ പങ്കടുത്താല്‍ മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. എന്നാല്‍ മുസ്‌ലിംലീഗിന്റെ പ്രതിനിധികളെ തീരുമാനിക്കേണ്ടത് എംഎല്‍എ അല്ലെന്നും പാര്‍ട്ടിയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കലക്ടറെ അറിയിച്ചു. കലക്ടറുടെ ക്ഷണം സ്വീകരിച്ചാണ് യോഗത്തിനെത്തിയതെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു. കലക്ടര്‍ ഉള്‍പ്പെടെ ഇടപെട്ടെങ്കിലും എംഎല്‍എ നിലപാടില്‍ ഉറച്ചു നിന്നതോടെ ലീഗ് നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."