ചീനിത്തോട് പാട്ടക്കരാര്‍ ഒപ്പിട്ടത് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെ
കൊണ്ടോട്ടി: ഖാസിയാരകം ചീനിക്കല്‍ത്തോട് സ്വകാര്യവ്യക്തിക്ക് പഞ്ചായത്ത് മുന്‍ഭരണസമിതി പാട്ടത്തിനു നല്‍കിയത് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനിടെ. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം പാട്ടകരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വിവിധ കക്ഷിനേതാക്കളുടെയും സ്ഥിരംസമിതി അധ്യക്ഷരുടെയും യോഗം ചേരാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഹൈക്കോടതില്‍ കേസ് നിലനില്‍ക്കുന്ന വാര്‍ത്തയും പുറത്തു വന്നിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉപസമിതി യോഗത്തില്‍ സമര്‍പ്പിക്കുമെന്ന് അബ്ദുല്‍ ഹക്കീം പറഞ്ഞു. 2013 ജനുവരി 25ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം തോടിനു മുകളിലായി 68 മീറ്റര്‍ നീളത്തിലും 1.80 മീറ്റര്‍ വീതിയിലുമായി സ്ലാബിട്ടിരുന്നു. വിവിധയിടങ്ങളില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തെത്തുടര്‍ന്ന് കലക്ടര്‍ സ്ലാബ് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടു. പെരിന്തല്‍മണ്ണ സബ്കലക്ടറുടെയും ഏറനാട് അഡീഷണല്‍ തഹസില്‍ദാറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ലാബ് പൊളിച്ചുമാറ്റാന്‍ 2014 ജൂലൈ ഒമ്പതിന് കലക്ടര്‍ ഉത്തരവിറക്കിയത്. ഇതിനെതിരേ തോടിനു സമീപമുളള സ്ഥല ഉടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസില്‍ 2014 ഒക്ടോബര്‍ 23നാണ് കോടതി അവസാനമായി വാദം കേട്ടത്. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് 2015 ജൂണ്‍ എട്ടിന് കൊണ്ടോട്ടി ഗ്രാമപഞ്ചായത്തും സ്വകാര്യവ്യക്തിയും തമ്മില്‍ കരാര്‍ഒപ്പിട്ടത്. നേരത്തെ ഹൈക്കോടതിയില്‍ നിന്നും പിന്‍വലിച്ച കേസിന്റെ വിവരങ്ങളാണ് പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ച യോഗത്തിന്റെ മിനിട്ട്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്ത് യോഗ തീരുമാനം അറിയിച്ചുളള പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പാട്ടത്തിനു നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മെയ് 29ന് തദ്ദേശസ്വയം ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."