ഞങ്ങള്‍ക്ക് പ്രായമൊരു പ്രശ്നമേയല്ല
ടോക്കിയോ: വനിതകളുടെ സ്കേറ്റ്ബോര്‍ഡിങ് മത്സരഫലം പുറത്തുവന്നപ്പോള്‍ കണ്ടുനിന്നവരെല്ലാം ഞെട്ടി. ഒരു നിമിഷം ഇത് കുട്ടികളുടെ ഒളിംപിക്സാണോ എന്ന് തോന്നി. ഒളിംപിക്സില്‍ പുതുതായി ഉള്‍പ്പെടുത്തി സ്കേറ്റ്ബോര്‍ഡിങ്ങില്‍ മൂന്നു മെഡലും സ്വന്തമാക്കിയത് സ്കൂള്‍ കുട്ടികള്‍.
ഒളിംപിക്സിനെ ആശ്ചര്യത്തോടെയും വിസ്മയത്തോടെയും കാണുന്ന പ്രായത്തില്‍ ആദ്യ രണ്ടു സ്ഥാനവും നേടിയിരിക്കുകയാണ് ജപ്പാന് താരം മോമിജി നിഷിയയും ബ്രസീല്‍ താരം റെയ്സ ലീലും. ഇരുവര്‍ക്കും പ്രായം 13. പിന്നാലെ വെങ്കല മെഡല്‍ നേടിയ ജപ്പാന്റെ തന്നെ ഫ്യൂന നകായാമയ്ക്കും പ്രായം അധികമില്ല. 16 വയസ് മാത്രം! 13 വര്‍ഷവും 330 ദിവസവുമാണ് മോമിജി നിഷിയയുടെ പ്രായം. ഒളിംപിക്സില്‍ വ്യക്തിഗത വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് നിഷിയ. 1936ല്‍ ബെര്‍ലിന്‍ ഒളിംപിക്സില്‍ സ്പ്രിങ്ബോര്‍ഡില്‍ സ്വര്‍ണം നേടിയ യു.എസ് താരം മര്‍ജോറി ഗെസ്ട്രിങ്ങാണ് ഇക്കാര്യത്തില്‍ ഒന്നാമത്. അന്ന് 13 വര്‍ഷവും 268 ദിവസവുമായിരുന്നു മര്‍ജോറിയുടെ പ്രായം. വ്യക്തിഗത ഇനത്തില്‍ ഒളിംപിക് മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വെള്ളി നേടിയ റെയ്സയും സ്വന്തമാക്കി. 13 വര്‍ഷവും 203 ദിവസവുമാണ് റെയ്സയുടെ പ്രായം. നേരത്തേ ഈ ഇനത്തിന്റെ പുരുഷ വിഭാഗത്തില്‍ സ്വര്‍ണം നേടി ആതിഥേയ രാജ്യക്കാരനായ യൂട്ടോ ഹോറിഗോമി കരുത്ത് കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."