വായ്പയുടെ വലയില്‍ വീഴല്ലേ; അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പൊലിസ്
വായ്പയുടെ വലയില്‍ വീഴല്ലേ; അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ക്കെതിരേ മുന്നറിയിപ്പുമായി പൊലിസ്
തിരുവനന്തപുരം• അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ വഴി വായ്പയെടുക്കുന്നതിനെതിരേ മുന്നറിയിപ്പുമായി പൊലിസ്. വളരെ എളുപ്പത്തില്‍ വായ്പ ലഭിക്കാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. ഇത്തരം ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്ട് നമ്പറുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി തുടങ്ങിയവ ലഭിക്കാന്‍ അനുമതി നല്‍കേണ്ടി വരും. ഈ കോണ്‍ടാക്ട് നമ്പറുകളും ഫോട്ടോകളുമാണ് വായ്പയ്ക്കായുള്ള ജാമ്യം.
കോണ്‍ടാക്ട് നമ്പറുകളുടെ എണ്ണം കൂടുംതോറും ലഭിക്കാന്‍ സാധ്യതയുള്ള തുകയുടെ പരിധിയും വര്‍ധിക്കും. വായ്പയായി കിട്ടിയ പണം അവര്‍ പറയുന്ന തുകയായി തിരിച്ചടച്ചില്ലെങ്കില്‍ ആദ്യം ഭീഷണിപ്പെടുത്തും. പിന്നെ ഫോണില്‍നിന്ന് ശേഖരിച്ച ചിത്രങ്ങള്‍ നഗ്‌നദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ത്ത് അയക്കും. ഈ ചിത്രങ്ങള്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം അയച്ചുനല്‍കുകയും വായ്പയെടുത്തയാള്‍ക്ക് അപമാനവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യും. അംഗീകൃതമല്ലാത്ത ഇത്തരം ലോണ്‍ ആപ്പുകള്‍ക്ക് പിന്നില്‍ പലപ്പോഴും വിദേശികള്‍ ആയിരിക്കുമെന്നും കൈക്കലാക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സി പോലുള്ള മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് കടത്തുന്നതിനാല്‍ തിരിച്ചുപിടിക്കുന്നത് ദുഷ്‌കരവും ശ്രമകരവുമാണെന്നും പൊലിസ് പറയുന്നു.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴിയെന്നും അവരുടെ പ്രലോഭനങ്ങള്‍ തിരസ്‌കരിക്കാനും അവര്‍ അയച്ചുതരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലിസ് വിശദീകരിക്കുന്നുണ്ട്. വായ്പ ആവശ്യമുള്ളവര്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും മാത്രം ആശ്രയിക്കണം. സൈബര്‍ തട്ടിപ്പുകള്‍ പൊലിസിനെ അറിയിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറായ 1930ല്‍ ബന്ധപ്പെടാമെന്നും കേരള പൊലിസ് ഫേസ്ബുക്ക് പേജ് വഴി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."