കെ.എസ്.ആർ.ടി.സി ബസ് മിനിലോറിയിലിടിച്ച് ഒരു മരണം
കോഴിക്കോട് • നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഒരാൾ മരിച്ചു. കെ.എസ്.ആർ.ടി.സി ഡ്രൈവറടക്കം നാലുപേർക്ക് പരുക്കേറ്റു. മിനിലോറിയിലുണ്ടായിരുന്ന മലപ്പുറം മണ്ണാർക്കാട് തച്ചനാട്ടുകര സ്വദേശി നെടുമ്പാറ ഷഫീഖ് അലി(37) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ അരീക്കാട് വച്ചാണ് അപകടമുണ്ടായത്. ഇറച്ചിക്കോഴികളുമായി വന്ന മിനിലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ ഇടതുവശം ചേർന്നുവന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറുകയായിരുന്നു. ലോഡ് ഇറക്കുകയായിരുന്ന ഷഫീഖ് ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തൽക്ഷണം മരിച്ചു. കോഴികളെ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടി തലയിൽ വീണാണ് ലോറിയിലുണ്ടായിരുന്ന മലപ്പുറം മേലാറ്റൂർ ചേലക്കാട് കോഡൂരിലെ നബീൽ (35), പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിലെ നദീം (41) നാട്ടുകല്ല് സ്വദേശി മുർഷിദ് (23) എന്നിവർക്ക് പരുക്കേറ്റത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പൊലിസ് അറിയിച്ചു.
സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ ബാബുവിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലിസ് കേസെടുത്തു. തിരുവനന്തപുരത്തു നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസാണ് അപകടത്തിൽപ്പെട്ടത്. മുബീന കാരാകുർശിയാണ് മരിച്ച ഷഫീഖിന്റെ ഭാര്യ. മകൾ: ഫാതിമ ഹിബ. സഹോദങ്ങൾ: സമീന, സഫ്‌ന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."