കളരിക്കളത്തിലെ ജീവിതപ്പയറ്റ്
മനു റഹ്മാന്‍
ഓര്‍മവച്ച നാള്‍ മുതല്‍ കളരി എനിക്കൊപ്പമുണ്ട്. ഉപ്പ എടക്കാട്ടില്‍ ഉമ്മര്‍ ഹാജിയും സി.എം മാമു ഗുരുക്കളുമായിരുന്നു പ്രശസ്തമായ ചൂരക്കൊടി കളരി സംഘത്തിന് തുടക്കമിട്ടത്. അവര്‍ ഇരുവരും ഒന്നിച്ചായിരുന്നു കളരിയില്‍. നാലുവര്‍ഷം മുന്‍പാണ് ഉപ്പ മരിച്ചത്. എന്റെകൂടി ഗുരുവായിരുന്നു മാമു ഗുരുക്കള്‍. ആദ്യ ഗുരു ഉപ്പയായിരുന്നു. ഉപ്പ ചെയ്യുന്നത് അനുകരിക്കലായിരുന്നു എന്റെ കളരി പരിശീലനത്തിന്റെ തുടക്കം.
ഉമ്മ ഫാത്തിമ ഒരു വര്‍ഷം മുന്‍പാണ് മരിച്ചത്. കൊട്ടക്കാവയലിലെ പുറായില്‍ കുടുംബാംഗമായ ഹാജറയാണ് ഭാര്യ. ഏഴാം വയസിലായിരുന്നു ചൂരക്കൊടി കളരി സംഘത്തില്‍ ചേര്‍ത്തത്. അപ്പോഴേക്കും കുറേ അഭ്യാസങ്ങളെല്ലാം ഉപ്പ പഠിപ്പിച്ചിരുന്നു. എട്ടു വര്‍ഷത്തിലധികം നീണ്ടു കളരിയിലെ പരിശീലനം. എസ്.എസ്.എല്‍.സി കഴിഞ്ഞതില്‍പിന്നെയാണ് മായനാട് വിനോദ് മാഷിന് കീഴില്‍ കുങ്ഫു പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയത്. മൂന്നര വര്‍ഷം മാഷിന് കീഴില്‍ അഭ്യസിച്ചു. വിനോദ് മാഷ് ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. വടക്കേടത്ത് സീതി ഹാജി ഗുരുക്കള്‍ക്ക് കീഴിലായിരുന്നു ദക്ഷിണവച്ച് ഉഴിച്ചിലിലും ചികിത്സയിലും പരിശീലനം നേടിയത്. മാമു ഗുരുക്കളും പരിശീലിപ്പിച്ചിട്ടുണ്ട്. ടി.പി മുഹമ്മദ് ഗുരുക്കള്‍, പി. ആലി ഗുരുക്കള്‍, പരേതനായ എം. യൂസുഫ് ഗുരുക്കള്‍ എന്നിവര്‍ പ്രധാന ഗുരുക്കന്മാരായിരുന്നു. യൂസുഫ് ഗുരുക്കളായിരുന്നു ആദ്യമായി കളരി അഭ്യാസത്തിനായി എന്നെ സ്റ്റേജില്‍ കയറ്റിയത്.
യൂറോപ്യന്‍ സെലക്ഷന്‍
ഫ്രഞ്ച് തിയറ്റര്‍ ഗ്രൂപ്പായ സിങ്കാരോ (ദകചഏഅഞഛ) യുടെ സെലക്ഷനായിരുന്നു ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. തിരുവനന്തപുരത്ത് നടന്ന ഓഡിഷനിലായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 150 ഓളം കളരി അഭ്യാസികള്‍ അന്ന് ഓഡിഷനില്‍ മാറ്റുരച്ചിരുന്നു. കോഴിക്കോട്ട് നിന്ന് എനിക്ക് മാത്രമായിരുന്നു സെലക്ഷന്‍ കിട്ടിയത്.
ഇരുപത്തിമൂന്നാം വയസിലായിരുന്നു ഫ്രാന്‍സ് യാത്ര. 2004ല്‍ തിരിച്ചുപോന്നു. യൂറോപ്പില്‍ എത്തിയും പരിശീലനം തുടര്‍ന്നു. വൃത്താകൃതിയിലുള്ള വേദിയും ചുറ്റും കാണികളുമായിരുന്നു അവിടുത്തെ പരിപാടികളിലെല്ലാം കണ്ടത്. സ്റ്റേഡിയത്തില്‍ പ്രകടനം നടത്തുന്ന പ്രതീതി. അശ്വാഭ്യാസികള്‍ സൃഷ്ടിക്കുന്ന വൃത്തത്തിനകത്തായിരുന്നു ഞങ്ങളുടെ പ്രകടനം. പത്ത് യൂറോപ്യന്‍ രാജ്യങ്ങളിലും യു.എസിലുമായി വിവിധ നഗരങ്ങളില്‍ പ്രകടനങ്ങള്‍ അരങ്ങേറി.
കളരിയുമായി ലോകസഞ്ചാരം
ഫ്രാന്‍സ് പോലുള്ള ഒരു രാജ്യത്ത് എത്താനായി എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ സന്തോഷം. റഷ്യയില്‍ ചെന്നപ്പോള്‍ അവിടുത്തെ രാജ്ഞി (ഇന്ന് രാജഭരണം ഇല്ലെങ്കിലും) നല്‍കിയ സത്ക്കാരം ജിവിതത്തില്‍ ഒരിക്കലും മറക്കില്ല. മോസ്‌കോയില്‍ ഞങ്ങളുടെ താമസം കടലിന് നടുവില്‍ നങ്കൂരമിട്ട കപ്പലിലായിരുന്നു.
ചെലവുകളെല്ലാം കഴിഞ്ഞ് നാല്‍പതിനായിരം രൂപയായിരുന്നു ശമ്പളം. അക്കാലത്ത് അത് വലിയ തുകയാണ്. ഇപ്പോള്‍ വര്‍ഷം പത്തിരുപത് കഴിഞ്ഞല്ലോ. ആറു മാസം കൂടുമ്പോള്‍ നാട്ടില്‍ വരുമായിരുന്നു. പത്തു ദിവസത്തെ അവധിക്കാണ് വരിക.
2004ല്‍ ആയിരുന്നു ഫ്രാന്‍സില്‍നിന്നുള്ള മടക്കം. ഹോളണ്ട്, ബെല്‍ജിയം, സ്‌പെയിന്‍, റഷ്യ, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ എണ്ണമറ്റ നഗരങ്ങളില്‍ ഞങ്ങള്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. കളരിയുടെ ആദ്യഭാഗമായ മെയ് സ്വാധീനം (വഴക്കം) ഒത്തടിയില്‍ അമര്‍ന്ന്, അമര്‍ച്ചയിലെടുത്തുവച്ച് വലത്തുകൊണ്ടു ചവുട്ടി... തുടങ്ങിയവയായിരുന്നു അവതരിപ്പിച്ചത്.
മടങ്ങിവരവിന്റെ പ്രേരണ
ഫ്രാന്‍സിലെ പുസാന്‍ ഫെസ്റ്റിവലില്‍ ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയ കണ്‍സേര്‍ട്ടായിരുന്നു അവതരിപ്പിച്ചത്. ഒറ്റചെയ്യുന്ന ചലനങ്ങള്‍ (ആയുധം ഇല്ലാതെ ആക്ഷന്‍മാത്രം)കാണികളില്‍ ഏതോ വ്യത്യസ്തതരം നൃത്തരൂപത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുക. അവര്‍ക്ക് അത് വേറിട്ട അനുഭവമായി മാറിയതായി ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
എട്ടുപേരായിരുന്നു കേരളത്തില്‍നിന്നുള്ള സംഘത്തില്‍. കോട്ടയം, തൃശൂര്‍ ജില്ലകളില്‍നിന്നായി മൂന്നുപേര്‍ വീതവും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ഓരോരുത്തരുമായിരുന്നു ഫ്രാന്‍സിലേക്ക് പറന്നത്.
കടുത്തുരുത്തിയിലെ ഇ.പി വാസുദേവന്‍ ഗുരുക്കളുടെ ശിഷ്യനായ ബിനോയ് ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു പരിപാടി അവതരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ യൂറോപ്യന്‍ ബന്ധമായിരുന്നു ഇന്ത്യന്‍ ആയോധന കലാസംഘത്തെ യൂറോപ്പിലേക്ക് എത്തിക്കുന്നതിന് വഴിതെളിയിച്ചത്.
അന്ന് ഫ്രാന്‍സിലേക്ക് പോയവരില്‍ ഞാന്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്. മറ്റുള്ളവരെല്ലാം അവിടെ തന്നെ ജീവിതം കരുപ്പിടിപ്പിച്ചു. മിക്കവരും അവിടുന്നുള്ള സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു. ഇനി അവരൊന്നും മടങ്ങിവരാന്‍ സാധ്യതയില്ല. ഗുരുക്കളുടെ വാക്കും നമ്മുടെ മണ്ണും കാറ്റുമെല്ലാം വിട്ടുള്ള ഒരു നാട്ടില്‍ കഴിയുന്നത് ശ്വാസംമുട്ടുന്ന അനുഭവമാവുമെന്ന തിരിച്ചറിവായിരുന്നു മടങ്ങാന്‍ പ്രേരണയെന്ന് ഷംസുദ്ദീന്‍ ഗുരുക്കള്‍ പറയുന്നു.
ഇപ്പോള്‍ ശിഫ ഫാര്‍മസി എന്ന പേരില്‍ പാരമ്പര്യ കളരി മര്‍മ്മ ചികിത്സാലയമുണ്ട്. അതിനൊപ്പം മായനാട്ട് സ്വന്തമായി കളരിയും നടത്തുന്നുണ്ട്. കോഴിക്കോട്- വയനാട് റോഡില്‍ ചെലവൂര്‍ ടൗണിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ രണ്ടു വരെയും വൈകിട്ട് നാലു മുതല്‍ ഏഴുവരെയും ഷംസുവിനെ ഇവിടെ കാണാം. വൈകിട്ട് ഏഴര മുതല്‍ ഒന്‍പതരവരെയാണ് കളരിയിലെ അഭ്യാസപാഠങ്ങള്‍.
ഓണ്‍ലൈന്‍ ഗുരു
ഗുരുക്കള്‍ ഷംസു എന്ന് ടൈപ്പ് ചെയ്താല്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ഉള്‍പ്പെടെ ഷംസുവിന്റെ സൗജന്യ കളരി ക്ലാസുകള്‍ കാണാനും പഠിക്കാനും സാധിക്കും. അന്യംനിന്നുകൊണ്ടിരിക്കുന്ന കളരിയെന്ന നാടിന്റെ തനതുകലയെ നഷ്ടസ്മരണയിലേക്ക് പോകാതെ കാക്കുന്നതിനുള്ള തന്റെ എളിയ ശ്രമമാണ് ഓണ്‍ലൈനിലൂടെ ലാഭേച്ഛയില്ലാതെ നടത്തുന്ന ക്ലാസുകള്‍.
യൂറോപ്പില്‍ ജീവിച്ച കാലത്ത് വാങ്ങിയ 13 സെന്റ് സ്ഥലത്തില്‍ നാലു സെന്റ് കളരിപ്പുരക്കായി മാറ്റിവച്ചിരിക്കുകയാണ്. കളരിയെ പ്രോത്സാഹിപ്പിക്കാന്‍ തന്നെപോലുള്ള ഗുരുക്കന്മാര്‍പോലും രംഗത്തുവരുന്നില്ലെങ്കില്‍ അതിവേഗം വിസ്മൃതിയിലേക്ക് ഈ കലാരൂപം മാറുമെന്ന് ഷംസു മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."