നടന്നത് ഒത്തുതീര്‍പ്പോ? കസ്റ്റംസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദത്തിലേക്ക്
സ്വന്തം ലേഖകന്‍
നെടുമ്പാശ്ശേരി: തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജില്‍ നിന്നും സ്വര്‍ണം പിടികൂടിയ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന സ്ഥാനമൊഴിയുന്ന കൊച്ചി കസ്റ്റംസ് കമ്മിഷണറുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദത്തിന് വഴി തുറക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കേസിന്റെ ആരംഭഘട്ടം മുതല്‍ സംസ്ഥാന മന്ത്രിസഭയിലെ ഉന്നതരെ കേന്ദ്രീകരിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും കേസ് ഒതുക്കിതീര്‍ക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടായെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തുന്നത് ഇതാദ്യമായാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് പരാമര്‍ശിക്കുന്ന കുറ്റപത്രം കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത് വന്‍ വിവാദത്തിന് ഇടയാക്കുകയും സംസ്ഥാന സര്‍ക്കാരും കസ്റ്റംസും തമ്മില്‍ തുറന്നപോരിന് വഴി തുറക്കുകയും ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പെട്ടെന്ന് കമ്മിഷണറെ സ്ഥലംമാറ്റിയത്. ഈ കുറ്റപത്രത്തിലും സര്‍ക്കാരിലെ ഉന്നതരുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ മൂന്നാംദിവസമാണ് കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാറിനെ മഹാരാഷ്ട്രയിലെ ഭീവണ്ടി ജി.എസ്.ടി കമ്മിഷണറായി സ്ഥലംമാറ്റിയത്. ഇത് കേസുകള്‍ രാഷ്ട്രീയമായി ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കവര്‍ച്ചാക്കേസും നയതന്ത്ര ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളും രാഷ്ട്രീയ നേതൃത്വത്തിന് പരുക്കില്ലാതെ ഒത്തുതീര്‍ത്തതായാണ് ആരോപണം ഉയര്‍ന്നിരുന്നത്. ഇതിനു പിന്നാലെ കുഴല്‍പ്പണക്കവര്‍ച്ചാക്കേസില്‍ സംസ്ഥാന പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചോദ്യംചെയ്യലിന് വിധേയരായ ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സാക്ഷി്പ്പട്ടികയിലേക്ക് വഴിമാറുകയും ചെയ്തിരുന്നു. കമ്മിഷണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഇതിനകം തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നിയമസഭയിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."