ഹിജാബ് വിലക്ക്; ഹരജികളില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹരജികളില്‍ സുപ്രിം കോടതി വ്യാഴാഴ്ച വിധിപറയും. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക. സെപ്തംബര്‍ 22നാണ് ഹരജികളില്‍ വാദം പൂര്‍ത്തിയാക്കിയത്.
2021 ഡിസംബര്‍ 27ന് ഉഡുപ്പി സര്‍ക്കാര്‍ പിയു കോളജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ എത്തിയ വിദ്യാര്‍ഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ 2022 ജനുവരി 1ന് വിദ്യാര്‍ഥികള്‍ പരസ്യ പ്രതിഷേധത്തിലേക്ക് കടന്നു. ജനുവരി 3ന് ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളജിലും ഹിജാബ് ധരിച്ച് എത്തിയവരെ പ്രിന്‍സിപ്പളിന്റെ നേതൃത്വത്തില്‍ പ്രധാന കവാടത്തില്‍ തടഞ്ഞു. ഇതോടെ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമായി.
ഇതിനിടെ സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ കാവി ഷാള്‍ ധരിച്ച് കോളജുകളിലെത്തി ഹിജാബിനെതിരെ പ്രതിഷേധം തുടങ്ങി. ഈ പ്രതിഷേധവും വളരെ പെട്ടെന്ന് മറ്റു കോളജുകളിലേക്ക് പടര്‍ന്നു. ജനുവരി 14ന് ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് ഈ സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.
ഫെബ്രുവരി 5ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് കര്‍ണാകയിലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിന് മുന്‍പ് ജനുവരി 31ന് ഹിജാബ് വിഷയത്തില്‍ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ഥിനികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് വിശാല ബെഞ്ചിന് കൈമാറി. അന്തിമ ഉത്തരവ് വരുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരാന്‍ ഹൈക്കോടതി വിശാല ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ 11 ദിവസം വാദം നീണ്ടു നിന്നു. മാര്‍ച്ച് 15ന് ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഇറക്കി. വിധിക്ക് എതിരെ നിരവധി സംഘടനകള്‍ സുപ്രിംകോടതിയെ സമീപിച്ചു. സെപ്തംബര്‍ 5ന് സുപ്രിംകോടതി ഹരജികള്‍ പരിഗണിച്ചു. 10 ദിവസം നീണ്ട വാദംകേള്‍ക്കലിന് ഒടുവില്‍ വിധി പറയാന്‍ മാറ്റിവെച്ച കേസിലാണ് ഇന്ന് സുപ്രിംകോടതി വിധി പറയുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."