സമസ്ത മുശാവറയിലേക്ക് ഏഴു പുതിയ അംഗങ്ങൾ
കോഴിക്കോട് • സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറയിൽ ഒഴിവുവന്ന ഏഴ് അംഗങ്ങളുടെ സ്ഥാനത്തേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട പി.പി ഉമർ മുസ് ലിയാർ കൊയ്യോട് കണ്ണൂർ ജില്ലയിലെ കൊയ്യം സ്വദേശിയാണ്. സമസ്ത കണ്ണൂർ ജില്ലാ പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യതുൽ ഖുത്വബാഅ് പ്രസിഡൻ്റ്, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജോയിന്റ് സെക്രട്ടറി, പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ അറബിക് കോളജ് പ്രിൻസിപ്പൽ, കൂടാതെ നിരവധി മഹല്ലുകളുടെ ഖാസിയുമാണ്. കൊയ്യോട് ടി.എ മൊയ്തീൻകുട്ടി മുസ് ലിയാരാണ് പിതാവ്. മാതാവ്: ഖദീജ.
വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സമസ്ത കേന്ദ്ര മുശാവറ സീനിയർ അംഗമായ കെ. മോയ്തീൻകുട്ടി മുസ് ലിയാർ മലപ്പുറം ജില്ലയിലെ കോട്ടുമല സ്വദേശിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പൽ, സമസ്ത തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. പിതാവ് കുറുങ്കാട്ടിൽ കുട്ടിഹസൻ ഹാജി, മാതാവ്: ഖദീജുമ്മ പാണക്കാട്. മറ്റൊരു വൈസ് പ്രസിഡന്റായ എം.പി കുഞ്ഞിമുഹമ്മദ് മുസ് ലിയാർ പാലക്കാട് ജില്ലയിലെ മാരായമംഗലം സ്വദേശിയും നിലവിൽ സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റും എസ്.എം.എഫ് ജില്ലാ പ്രസിഡന്റുമാണ്. പിതാവ് മോതീരപ്പീടിക്കൽ അലവി എന്ന കുഞ്ഞാപ്പു. മാതാവ്: വീരായിമ്മ.
ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ. ഉമർ ഫൈസി മുക്കം കോഴിക്കോട് ജില്ലയിലെ വല്ലത്തായിപാറ സ്വദേശിയാണ്. കാരമൂല ദാറുസ്വലാഹ് അറബിക് കോളജ് പ്രിൻസിപ്പൽ, സമസ്ത കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോർഡ് എക്‌സിക്യൂട്ടിവ് അംഗം, എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, കോഴിക്കോട് തർബിയ്യത്തുൽ ഇസ് ലാം സഭ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. പിതാവ് കീലത്ത് മുഹമ്മദാജി. മാതാവ്: കുഞ്ഞീതുമ്മ.
മുശാവറ മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട കൊടുവായക്കൽ അസ്ഗറലി ഫൈസി മലപ്പുറം ജില്ലയിലെ പട്ടിക്കാട് മുള്യാർകുർശി സ്വദേശിയും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് മുദരിസുമാണ്. 1973ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ നിന്നും രണ്ടാം റാങ്കോടെ ഫൈസി ബിരുദം നേടി. പിതാവ് മൊയ്തുട്ടിമാൻ ഹാജി. മാതാവ്: ഖദീജ ഉമ്മ.
മറ്റൊരംഗമായ സി.കെ അബ്ദുറഹിമാൻ ഫൈസി മലപ്പുറം ജില്ലയിലെ അരിപ്ര സ്വദേശിയും കേരളത്തിലെ ഏറ്റവും വലിയ പള്ളിദർസുകളിലൊന്നായ ആലത്തൂർപടി മുദരിസുമാണ്. നിലവിൽ സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ ബോഡി അംഗവും സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി, ജാമിഅ നൂരിയ്യ, ദാറുൽ ഹുദാ ചെമ്മാട് പരീക്ഷാ ബോർഡ് എന്നിവയിൽ അംഗവുമാണ്. 1995ൽ ജാമിഅ നൂരിയ്യ അറബിക് കോളജിൽ നിന്നും ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടി. പിതാവ് മുഹമ്മദ് സഈദ് മുസ്ലിയാർ. മാതാവ്: പെരിമ്പലം ആഇശ ഹജ്ജുമ്മ.
സി.കെ സൈതാലിക്കുട്ടി ഫൈസി മലപ്പുറം ജില്ലയിലെ ഓമച്ചപ്പുഴ സ്വദേശിയും കോറാട് മുദരിസുമാണ്. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. പിതാവ് ചെറുകര അബ്ദുൽ ഖാദിർ മുസ് ലിയാർ. മാതാവ്: വരിക്കോട്ടിൽ വിരയ്യക്കുട്ടി.
എൻ. അബ്ദുല്ല മുസ് ലിയാർ കോഴിക്കോട് ജില്ലയിലെ നടമ്മൽപൊയിൽ സ്വദേശിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ നിന്നും ഫൈസി ബിരുദം നേടിയ ശേഷം വിവിധ സ്ഥലങ്ങളിൽ മുദർരിസായി സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ സമസ്ത കോഴിക്കോട് ജില്ലാ ട്രഷററും ജംഇയ്യതുൽ മുദരിസീൻ ജില്ലാ പ്രസിഡന്റുമാണ്. പിതാവ് നടമ്മൽ ഇമ്പിച്ച്യാലി ഹാജി. മാതാവ്: കനിങ്ങപുറത്ത് ഫാത്തിമ.
ഒളവണ്ണ അബൂബക്കർ ദാരിമി കോഴിക്കോട് ജില്ലയിലെ ഒളവണ്ണ സ്വദേശിയാണ്. 1980ൽ നന്തി ദാറുസ്സലാം അറബിക് കോളജിൽ നിന്നും ദാരിമി ബിരുദം നേടിയ ശേഷം നിരവധി കോളജുകളിൽ മുദരിസായി സേവനം ചെയ്തു. ഇപ്പോൾ കുറ്റിക്കാട്ടൂർ ജാമിഅ യമാനിയ്യ അറബിക് കോളജ് വൈസ് പ്രിൻസിപ്പലാണ്. നിലവിൽ സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റാണ്. പിതാവ് ഉണ്ണിക്കോയ മൊല്ല. മാതാവ് ഖദീജ ബീവി.
പി.വി അബ്ദുസ്സലാം ദാരിമി കാസർകോട് ജില്ലയിലെ ആലംപാടി സ്വദേശിയും ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ് ലാമിക് അക്കാദമി പ്രിൻസിപ്പലുമാണ്. സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, ദാരിമീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പിതാവ് ചെങ്കട മൊയ്തീൻ കുട്ടി മുസ് ലിയാർ. മാതാവ്: ബീഫാത്തിമ്മ പയ്യന്നൂർ.
കെ.എം ഉസ്മാൻ ഫൈസി തോടാർ ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ സൽമ നിവാസിയും ഉള്ളാൾ സയ്യിദ് മദനി അറബിക് കോളജ് പ്രിൻസിപ്പലുമാണ്. 1985ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ നിന്നും ഫൈസി ബിരുദം നേടി. സമസ്ത ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യതുൽ മുദർരിസീൻ ട്രഷറർ, ജില്ലാ പ്രസിഡന്റ് എന്നീ നലകളിലും പ്രവർത്തിച്ചുവരുന്നു. പിതാവ് മുഹമ്മദ്. മാതാവ്: ബീഫാത്തിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."