'ഹിജാബ് തെരഞ്ഞെടുപ്പാണ്, അതവളുടെ സ്‌കൂളിലേക്ക് ടിക്കറ്റുമാവാം; ഒരു പെണ്‍കുട്ടിക്കെങ്കിലും വിദ്യാഭ്യാസം നിഷേധിച്ചു എന്നതാണ് വിലക്കിന്റെ ആത്യന്തികഫലം' വിലക്കപ്പെട്ടവര്‍ക്കൊപ്പം നിന്ന വിധി ന്യായം
ന്യൂഡല്‍ഹി: വിലക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ ജസ്റ്റിസ് സുധാന്‍ശു ധുലിയ നടത്തിയ വിധിന്യായം. ഒരു പറ്റം പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ഭാവിയെ കുറിച്ച പ്രതീക്ഷയുടെ നേരിയ തിരി തെളിച്ച വിധിന്യായം.
ഒരു പെണ്‍കുട്ടിക്കെങ്കിലും വിദ്യാഭ്യാസം നിഷേധിച്ചു എന്നതാണ് ഹിജാബ് വിലക്കിന്റെ ആത്യന്തികഫലം എന്ന് തന്റെ വിധിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നും ഒരു പെണ്‍കുട്ടി സ്‌കൂള്‍ കവാടത്തിലേക്ക് എത്തുകയെന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഹിജാബ് സ്‌കൂളിലേക്കുള്ള അവളുടെ ടിക്കറ്റാണ് എന്നും ജസ്റ്റിസ് ധുലിയ വ്യക്തമാക്കി.കര്‍ണാടകയിലെ കുന്താപുരയില്‍ ഹിജാബ് വിലക്കിയതുമൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഹരജിക്കാരികള്‍ കൂടിയായ അയിശത്ത് ശിഫയുടെയും തഹ്‌രിന ബീഗത്തിന്റെയും അനുഭവകഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ജസ്റ്റിസ് ധുലിയ ഹിജാബ് പെണ്‍കുട്ടിയുടെ മൗലികാവകാശമാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമെന്ന വിഷയം മനസില്‍ വച്ചാണ് താന്‍ വിധി പറയുന്നത്. ഹിജാബ് അനിവാര്യ മതാചാരമാണോയെന്ന് കോടതി തീരുമാനിക്കേണ്ടതില്ല. കര്‍ണാടക ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ തെറ്റുപറ്റി. ഹിജാബ് അനിവാര്യ മതാചാരമായിരിക്കാം, അല്ലായിരിക്കാം. എന്നാല്‍ അത് ഇപ്പോഴും വിശ്വാസത്തിന്റെ ഭാഗമായി പാലിക്കപ്പെടുന്ന ആചാരമാണ്. ഏതു വസ്ത്രം ധരിക്കണമെന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ വിഷയമാണ്. അതില്‍ ഏറിയും കുറഞ്ഞും മറ്റൊന്നുമില്ല. ക്ലാസ് മുറിയില്‍ അവള്‍ക്ക് ഹിജാബ് ധരിക്കാനാണ് താല്‍പര്യമെങ്കില്‍ തടയാന്‍ പറ്റില്ല - അദ്ദേഹം പറഞ്ഞു.
ഒരു പെണ്‍കുട്ടി സ്‌കൂളിലെത്തുന്നതിന് നിലവില്‍ നേരിടുന്ന വെല്ലുവിളികളുടെ വെളിച്ചത്തില്‍ വേണം ഹിജാബ് കേസും കാണാനെന്ന് അദ്ദേഹം വിധിയില്‍ എഴുതി. ഹിജാബ് ധരിക്കുന്നു എന്ന കാരണത്താല്‍ മാത്രം ഒരു പെണ്‍കുട്ടിയുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിലൂടെ അവളുടെ ജീവിതം ഏതെങ്കിലും നിലക്ക് മെച്ചപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ഈ കോടതിക്ക് മുന്നിലുയര്‍ന്നിരിക്കുന്നത്. ക്ലാസ് മുറിയില്‍ അവള്‍ ഹിജാബ് ധരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതില്‍ നിന്ന് അവളെ തടയാന്‍ പറ്റില്ല. ഒന്നുകില്‍ അവളുടെ തിരഞ്ഞെടുപ്പ് എന്ന നിലയിലായിരിക്കാം ഹിജാബ് ധരിക്കുന്നത്.
അല്ലെങ്കില്‍ ഹിജാബ് ധരിക്കുന്നത് കൊണ്ട് മാത്രമായിരിക്കാം അവളുടെ യാഥാസ്ഥിതിക കുടുംബം ഒരു പക്ഷേ അവളെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കുന്നത്. അത്തരം കേസുകളില്‍ ഹിജാബ് സ്‌കൂളിലേക്കുള്ള അവളുടെ ടിക്കറ്റാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെയും മതാനുഷ്ഠാനങ്ങളെയും യുക്തിസഹമായി ഉള്‍ക്കൊള്ളാവുന്ന സഹിഷ്ണുതയും സാഹോദര്യവും നമ്മുടെ ഭരണഘടന മൂല്യങ്ങളാണെന്നും വിധിയില്‍ ജസ്റ്റിസ് ധുലിയ ഓര്‍മിപ്പിച്ചു.
സ്‌കൂളിലേക്ക് കടക്കുന്ന പെണ്‍കുട്ടിയോട് ഹിജാബ് അഴിക്കാന്‍ പറയുമ്പോള്‍ ആദ്യം അവളുടെ സ്വകാര്യതയിലേക്കാണ് കടന്നു കയറുന്നത്. പിന്നീടവളുടെ ആത്മാഭിമാനത്തെയാണ് ആക്രമിക്കുന്നത്. അന്തിമമായി അവളുടെ മതേതര വിദ്യാഭ്യാസമാണ് തടയുന്നത്.
അതിനെല്ലാമുപരി ഇത് ഭരണഘടനയുടെ 19(1)എ, 21, 25(1) എന്നിവയുടെ ലംഘനമാണെന്നും സുധാന്‍ശു ധൂലിയ വിധിന്യായത്തില്‍ വ്യക്തമാക്കി. വ്യക്തി സ്വാതന്ത്ര്യം, സാഹോദര്യം, തുല്യത തുടങ്ങിയവയുടെ പ്രാധാന്യം കാര്യങ്ങള്‍ അംബേദ്കര്‍ അടക്കമുള്ളവരെ ഉദ്ധരിച്ച് ധൂലിയ വിധിന്യായത്തില്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. തുല്യതയെയും സ്വാതന്ത്ര്യത്തെയും മാറ്റി നിര്‍ത്തി കാണാന്‍ കഴിയില്ല. ഇതെല്ലാം സാഹോദര്യവുമായും ബന്ധപ്പെട്ടുകിടക്കുന്നു. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാമെന്നും വിധിയില്‍ ധൂലിയ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."