കോണ്‍ഗ്രസ് പുനഃസംഘടന: ചര്‍ച്ച പുരോഗമിക്കുന്നു
ഡി.സി.സി പ്രസിഡന്റുമാരെ 15നകം പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ഡി.സി.സി പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. നേരത്തെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരുമായി സുധാകരന് ചര്‍ച്ച നടത്തിയിരുന്നു. എം.പിമാരുമായി ഡല്‍ഹിയിലും ആശയവിനിമയം നടത്തിയിരുന്നു.
പുനഃസംഘടനയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് പുതിയ നേതാക്കളെ നിയോഗിക്കുക. ഇതിനോടകം തന്നെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ പേരുകള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നറിയുന്നു. ഇതിന്റെ പ്രഖ്യാപനം ഈ മാസം 15നകം ഉണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് അറിയിച്ചത്. ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ ഒരു പാക്കേജായി നല്‍കാനാണ് ഇപ്പോഴുള്ള ശ്രമം. അതേസമയം കീഴ്ഘടകങ്ങളിലെ പുനഃസംഘടനയും അടുത്തുതന്നെ ഉണ്ടാകുമെന്നാണ് ഇന്നലെ നടന്ന യോഗം നല്കുന്ന സൂചന. പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരുതരത്തിലുള്ള അച്ചടക്ക ലംഘനവും വച്ചുപൊറുപ്പിക്കില്ലെന്ന കൃത്യമായ മുന്നറിയിപ്പാണ് കെ.പി.സി.സി പ്രസിഡന്റ് ഇന്നലെ യോഗത്തില്‍ നല്‍കിയത്. വി.ഡി സതീശന്, വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി തോമസ് എം.എല്‍.എ, ടി. സിദ്ദിഖ് എം.എല്‍.എ എന്നിവരുടെ സാന്നിധ്യത്തിലാണ് ഓണ്‍ലൈന്‍ യോഗം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."