ഗവര്‍ണറുടെ ഒപ്പുകാത്ത് 8 ബില്ലുകള്‍; സംസ്ഥാനം സുപ്രിംകോടതിയിലേക്ക്; സ്വാഗതം ചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണറുടെ ഒപ്പുകാത്ത് 8 ബില്ലുകള്‍; സംസ്ഥാനം സുപ്രിംകോടതിയിലേക്ക്; സ്വാഗതം ചെയ്ത് ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എട്ടോളം ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെച്ച ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു. ബില്ലുകള്‍ നിയമമാകുന്നതിന് കാലതാമസം വരുത്തുന്ന ഗവര്‍ണറുടെ നടപടി കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് നിയമസഭ. സഭ പാസാക്കുന്ന ബില്ല് ഒപ്പിടാത്തത് ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് നിരക്കാത്തതാണ്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുന്നത് കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ തെലങ്കാന, തമിഴ്‌നാട് എന്നിവ ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. തെലങ്കാന സര്‍ക്കാര്‍ ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടാതെ മറ്റൊന്നും സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്ന വിഷയത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുവാനായി മുതിര്‍ന്ന അഭിഭാഷകനായ ശ്രീ കെ കെ വേണുഗോപാലിന്റെ സേവനം തേടാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, സുപ്രിംകോടതിയെ സമീപിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. സര്‍ക്കാരിന് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ കോടതിയെ സമീപിക്കുന്നതിലൂടെ അത് മാറും. ശമ്പളം നല്‍കാന്‍ പണമില്ലാത്ത കേരളം പോലൊരു സംസ്ഥാനം നിയമോപദേശത്തിനായി 40 ലക്ഷം രൂപയാണ് ചെലവാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."