പാര്‍ട്ടിക്കെതിരേ പ്രതിഷേധ കവിതയുമായി ജി. സുധാകരന്‍
സ്വന്തം ലേഖകന്‍
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ച സി.പി.എം നടപടിയോടുള്ള അമര്‍ഷം കവിതയിലൂടെ പ്രകടിപ്പിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍.
ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച നേട്ടവും കോട്ടവും എന്ന കവിതയിലൂടെയാണ് സുധാകരന്‍ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിച്ചത്.
ഒരുതരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതെന്ന് കവിതയിലൂടെ സുധാകരന്‍ തുറന്നുപറയുകയാണ്. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മിഷന്‍ ആലപ്പുഴയില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് കവിത വിവാദമാകുന്നത്.
''വളവും ഇട്ടില്ല വെളളവും ചാര്‍ത്തിയില്ലവഗണനയായി മുകുളം കൊഴിഞ്ഞുപോയില്ല'' എന്നു പറയുന്ന കവിതയില്‍ ''ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിതജീവിതം സാമൂഹ്യമായെന്നും പറയും, സ്‌നേഹിതര്‍ സത്യമെങ്കിലും വഴുതിമാറും മഹാ നിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മറഞ്ഞുമറഞ്ഞു പോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍, വന്നാല്‍ വന്നെന്നുമാം'' എന്ന് വ്യക്തമാക്കുന്നു.
തിരിച്ചുവരവിനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്ന് പറയുന്ന സുധാകരന്‍ ആകാംക്ഷാഭരിതരായ നവാഗതര്‍ക്ക് വഴിമാറുന്നെന്ന സൂചനയും നല്‍കിയാണ് കവിത അവസാനിപ്പിക്കുന്നത്.
സുധാകരന്റെ കവിത വിവാദമായതോടെ ഞാന്‍ എന്ന കവിതയിലൂടെ തിരിച്ചടിച്ച് ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ മേഖലാ പ്രസിഡന്റ് അനു കോയല്‍ ഫേസ്ബുക്കിലെത്തി. ''നാം ചെയ്തതിന്റെ ഗുണങ്ങള്‍ ഗുണങ്ങളായി തന്നെ എന്നിലെത്തുമെന്നത് മാത്രമാണ് സത്യം'' എന്നാണ് കവിതയിലൂടെ യുവനേതാവിന്റെ മറുപടി.
അതേസമയം പുതിയ തലമുറയെ ക്ഷണിക്കുന്നതാണ് വാരിക പ്രസിദ്ധീകരിച്ച കവിതയെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഫേസ്ബുക്കിലൂടെ സുധാകരന്‍ പ്രതികരിച്ചു. കവിത നവാഗതര്‍ക്കുള്ളതാണെന്നും അദ്ദേഹം പറയുന്നു.
സുധാകരന്റെ അടുത്ത ആളായിരുന്ന എച്ച്.സലാം തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പരാതിയുമായി വന്നതും നേതാക്കളില്‍ ഭൂരിഭാഗവും അതിനെ പിന്തുണച്ചതുമാണ് സുധാകരനില്‍ പ്രതിഷേധം സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."