മഴയേ... തൂകരുതേ...
സൂപ്പർ 12 മത്സരങ്ങൾക്ക് ഇന്നു തുടക്കം ⭗ ഭീഷണിയായി മഴ
* ആദ്യ മത്സരം ആസ്‌ത്രേലിയയും ന്യൂസിലൻഡും തമ്മിൽ
* രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും അഫ്ഗാനും നേർക്കുനേർ
സിഡ്‌നി • ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിച്ചതോടെ ഇനി സൂപ്പർ 12 വെടിക്കെട്ടിലേക്ക്. പരൽ മീനുകളും വമ്പൻ സ്രാവുമടങ്ങുന്ന പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം. 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ആസ്‌ത്രേലിയ ന്യൂസിലൻഡിനെ നേരിടും. 2021 ലോകകപ്പ് ഫൈനലിലെ തോൽവിക്ക് മധുരപ്രതികാരവുമായി കിവീസ് ഇന്നിറങ്ങുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്കും ആരാധകർക്കും ഒരേ ഒരു പ്രാർഥന മാത്രം, മഴയേ തൂകരുതേ.... വൈകിട്ട് 4.30ന് നടക്കുന്ന ഇംഗ്ലണ്ട് – അഫ്ഗാനിസ്താൻ മത്സരത്തിനും മഴ വില്ലനായുണ്ട്. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട എൽ നിനോ പ്രതിഭാസമാണ് ഇതിനു കാരണമെന്നാണ് നിരീക്ഷണം. ന്യൂസിലൻഡ് – ഇന്ത്യ, അഫ്ഗാനിസ്താൻ – ദക്ഷിണാഫ്രിക്ക സന്നാഹ മത്സരങ്ങൾക്ക് മഴ വില്ലൻ വേഷത്തിലെത്തിയതോടെ ഒരു പന്ത് പോലും എറിയാൻ കഴിയാതെ കളി ഉപേക്ഷിച്ചിരുന്നു.
മത്സരം ഉപേക്ഷിച്ചാൽ
മഴ വില്ലനാവുമെങ്കിലും രണ്ട് ഇന്നിങ്‌സുകളിലും ചുരുങ്ങിയത് അഞ്ച് ഓവറെങ്കിലും എറിയാനായാൽ മത്സരത്തിലെ വിജയികളെ കണ്ടെത്താം. അഥവാ ഒരു പന്ത് പോലും എറിയാൻ കഴിയാതെ വന്നാൽ മത്സരം ഉപേക്ഷിക്കുകയും ഇതോടൊപ്പം ഇരുടീമും പോയിന്റ് പങ്കുവയ്ക്കുകയും ചെയ്യും. ഗ്രൂപ്പ്ഘട്ട മത്സരമായതിനാൽ റിസർവ് ദിനമുണ്ടാവില്ല. സെമി, ഫൈനൽ മത്സരങ്ങളിലാണ് റിസർവ് ദിനം ഉണ്ടായിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."