HOME
DETAILS

സ്വാതന്ത്ര്യപ്പുലരിയിലെ (അ)ശുഭ ചിന്തകള്‍

  
backup
August 14 2021 | 20:08 PM

896356-2


ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ ആയിരം കഷണങ്ങളായി ചിന്നിച്ചിതറുമെന്നു വിശ്വസിച്ചയാളായിരുന്നു മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍. ക്ലമന്റ് ആറ്റ്‌ലിയുടെ ഭരണകൂടം ഇന്ത്യയിലെ അധീശത്വം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാനാണ് പ്രധാനമന്ത്രിയെങ്കില്‍ ഈ വിവരക്കേട് കാണിക്കില്ലെന്നു പറഞ്ഞ് പല്ലും നഖവുമുപയോഗിച്ചു ചര്‍ച്ചില്‍ എതിര്‍ത്തു. ആയിരക്കണക്കിനു ജാതികളും ഉപജാതികളും നിരവധി മതങ്ങളും ഒട്ടനേകം ഭാഷകളും സംസ്‌കാരങ്ങളും ശീലങ്ങളും താല്‍പ്പര്യങ്ങളുമായി പരസ്പര പൊരുത്തമില്ലാത്ത അതിവിശാലമായ ഉപഭൂഖണ്ഡം ഒറ്റരാജ്യമായി ഭരിക്കാനുള്ള ത്രാണി ഇന്ത്യക്കാര്‍ക്കില്ല എന്നു വിശ്വസിച്ചയാളായിരുന്നു ചര്‍ച്ചില്‍. സ്വാതന്ത്ര്യം കിട്ടിയാല്‍ ഇന്ത്യയിലെ ജാതിവെറിയുള്ള സവര്‍ണര്‍ ജാതിയില്‍ താഴ്ന്നവരുടെയും ന്യൂനപക്ഷവിഭാഗത്തിന്റെയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുമെന്നും അത് ഇന്ത്യയെ ആഭ്യന്തര കലാപത്തിലേയ്ക്കു നയിക്കുമെന്നും ചര്‍ച്ചിലിനെപ്പോലുള്ളവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് ആറര പതിറ്റാണ്ടു മുമ്പ് ജോണ്‍ സ്ട്രാച്ചിയെന്ന മുന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് ജോലിക്കു വരാന്‍ ഭയന്ന വെള്ളക്കാരെ പ്രചോദിപ്പിക്കാന്‍ നടത്തിയ പ്രഭാഷണപരമ്പരയുണ്ട്. ആ പ്രഭാഷണത്തില്‍ സ്ട്രാച്ചി ഊന്നിപ്പറയുന്നത് ഒരിക്കലും ഇന്ത്യക്കാര്‍ക്ക് ഏകമനസ്സും ഏകശക്തിയുമായി നില്‍ക്കാന്‍ കഴിയില്ലെന്നാണ്. മതത്തിന്റെയും ജാതിയുടെയും ഉപജാതിയുടെയും സംസ്‌കാരത്തിന്റെയും ആചാരത്തിന്റെയും ഭാഷയുടെയും പേരില്‍ പരസ്പരം അറപ്പും വെറുപ്പും പകയും ഭീതിയുമായി ആയിരക്കണക്കിനു വര്‍ഷങ്ങളായി കഴിയുന്നവരാണ് ഇന്ത്യക്കാര്‍. അവര്‍ക്ക് അല്‍പ്പമെങ്കിലും പരിഗണന നല്‍കിയ ബ്രിട്ടീഷുകാരോടാണ് അവര്‍ക്ക് കൂറ്. സ്ട്രാച്ചി പറഞ്ഞു, ഇന്ത്യ എന്നൊരു രാജ്യം ഇന്നുവരെ ഉണ്ടായിട്ടില്ല, ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല. ഭരണസൗകര്യത്തിനു വേണ്ടി വിശാലമായ ഒരു ഭൂപ്രദേശത്തിന് നമ്മള്‍ നല്‍കിയ പ്രതീകാത്മകമായ പേരു മാത്രമാണത്.
അത്ഭുതമെന്നു പറയട്ടെ ജോണ്‍ സ്ട്രാച്ചിയുടെ പ്രഭാഷണപരമ്പര പുസ്തകമാക്കി മാറ്റിയപ്പോള്‍ അതിനു നല്‍കിയ പേര് ഇന്ത്യ എന്നായിരുന്നു. സ്ട്രാച്ചിയുടെ പ്രഭാഷണപരമ്പര നടന്ന ആ പതിറ്റാണ്ടില്‍ തന്നെ മുംബൈയില്‍ ഒരു അയര്‍ലന്റുകാരന്റെ (എ.ഒ ഹ്യൂം) നേതൃത്വത്തില്‍ ഒരു സംഘടന പിറന്നു. അത്ഭുതമെന്ന വാക്ക് ആവര്‍ത്തിക്കട്ടെ, ആ സംഘടനയുടെ പേര് ഇന്ത്യന്‍ ദേശീയതയെന്ന മുദ്രാവാക്യം പേറുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നായിരുന്നു.പിന്നീടങ്ങോട്ട് സംഭവിച്ചത് അസംഭവ്യമെന്നു ലോകത്തിലെ ബഹുഭൂരിപക്ഷം ബുദ്ധിജീവികളും ഭരണാധികാരികളും കരുതിയ, ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷത്തിനും വിശ്വസിക്കാന്‍ പ്രയാസമായിരുന്ന ദേശീയബോധത്തിന്റെ ശക്തിപ്പെടലും കുത്തൊഴുക്കുമായിരുന്നു. ഹ്യൂമും ബാനര്‍ജിയും മറ്റും തിരികൊളുത്തിയ പ്രസ്ഥാനം നിരവധി സമുന്നത നേതാക്കളുടെ കൂട്ടായയത്‌നത്തിലൂടെ ദേശീയപ്രസ്ഥാനമായി ശക്തിപ്രാപിച്ചു. മഹാത്മജി അതിനെ മഹാപ്രസ്ഥാനമാക്കി മാറ്റി. അത്ഭുതാവഹമായ ആ ഐക്യത്തിന്റെ പരിണിതഫലമായാണ് ഗത്യന്തരമില്ലാതെ ഇന്ത്യയെ സ്വതന്ത്രയാക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യം സന്നദ്ധമായത്.


ഇന്ന് എഴുപത്തഞ്ചാമത്തെ സ്വാതന്ത്ര്യപ്പുലരിയിലേയ്ക്ക് നമ്മുടെ രാജ്യം മിഴി തുറക്കുകയാണ്. ഇന്ത്യക്കു മുമ്പും ശേഷവും പിറവിയെടുത്ത പല രാജ്യങ്ങളും ശിഥിലമാകുകയോ ഏകാധിപത്യത്തിന്റെ ചങ്ങലക്കണ്ണികളാല്‍ വരിഞ്ഞുമുറുക്കപ്പെടുകയോ ചെയ്തിട്ടും 135 കോടിയോളം ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി 74 വര്‍ഷവും ഭാരതത്തിന് നിലനില്‍ക്കാന്‍ കഴിഞ്ഞെന്നത് മഹാത്ഭുതമാണ്. ഭൂമിശാസ്ത്രപരമായി അതിര്‍ത്തി അവസാന നിമിഷത്തിലും വെളിപ്പെടുത്താതെ ബ്രിട്ടീഷ് ഭരണകൂടം ഈ രാജ്യത്തെ സാമുദായികമായി വെട്ടിമുറിച്ചപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കിടയിലുണ്ടായ ചോരപ്പുഴയൊഴുകലും വിവിധ മേഖലകളില്‍ പലപ്പോഴായുണ്ടായ അസ്വസ്ഥതകളും മാറ്റിനിര്‍ത്തിയാല്‍ 1947 ഓഗസ്റ്റ് 15 മുതല്‍ ഇന്ത്യ പ്രശ്‌നരഹിതമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായി നിലനില്‍ക്കുകയാണ്.അതൊരു ലോകാത്ഭുതം തന്നെയാണ്. കാരണം, സ്വാതന്ത്ര്യപൂര്‍വ കാലത്തുണ്ടായിരുന്നതില്‍ നിന്ന് ഒട്ടും കുറയാത്ത മത, ജാതി, ആചാര, ഭാഷാ, സംസ്‌കാര വൈവിധ്യങ്ങള്‍ ഇന്നുമുണ്ട്. അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും തര്‍ക്കങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്നുമുണ്ട്. പക്ഷേ, അവയൊന്നും രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടേയില്ല. അതിനു പ്രധാനകാരണം ഏറെ സവിശേഷതകളുള്ള ഭരണഘടന സ്വന്തമാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞുവെന്നതാണ്.


ഭരണഘടനാശില്‍പ്പികള്‍ ഏറെ സൂക്ഷ്മതയോടെയാണ് ഓരോ വാക്കും വാചകവും അതില്‍ എഴുതിച്ചേര്‍ത്തത്. രാജ്യം ഏകാധിപത്യത്തിലേയ്‌ക്കോ ശിഥിലീകരണത്തിലേയ്‌ക്കോ കൂപ്പുകുത്തി നശിക്കാതിരിക്കാന്‍ സവിശേഷതകളുള്ള ഫെഡറല്‍ സംവിധാനം ഏര്‍പ്പെടുത്തി. ഭാരതീയന്‍, ഇന്ത്യക്കാരന്‍ എന്നീ വിശേഷണങ്ങള്‍ക്ക് ഏതെങ്കിലും പ്രത്യേക മതക്കാരനോ ജാതിക്കാരനോ മാത്രമേ അര്‍ഹനായുള്ളൂവെന്നോ ഏതെങ്കിലും പ്രത്യേക ജാതിക്കാരനും മതക്കാരനും അര്‍ഹനായിരിക്കില്ലെന്നോ ശഠിക്കാന്‍ ഒരു ശക്തിക്കും കഴിയാത്ത രീതിയില്‍ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ ഭരണഘടനക്ക് ഇന്നോളം കഴിഞ്ഞു. ചര്‍ച്ചിലിനെയും സ്ട്രാച്ചിയെയും പോലുള്ള ഇന്ത്യാവിരുദ്ധരുടെ പ്രഖ്യാപനങ്ങള്‍ പതിരാണെന്നു തെളിയിക്കാന്‍ മുക്കാല്‍ ശതകത്തിനിടയില്‍ ഭാരതത്തിലെ ജനാധിപത്യ, മതേതര വിശ്വാസികള്‍ക്കു കഴിഞ്ഞു. തീര്‍ച്ചയായും ഭാരതമെന്ന പേര്‍ കേട്ടാല്‍ എല്ലാ ഭാരതീയരുടെയും അന്തരംഗം അഭിമാനപൂരിതമാകേണ്ടതാണ്. നിശ്ചയമായും ഓരോ സ്വാതന്ത്ര്യദിനപ്പുലരിയും നമ്മുടെ മനസ്സുകളെ ശുഭചിന്തകളാല്‍ ഹര്‍ഷപുളകിതമാക്കേണ്ടതാണ്.
പക്ഷേ, എത്രനാള്‍. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലം അലട്ടാതിരുന്ന ഈ ചോദ്യം ഇന്നു നമ്മുടെ ഉറക്കം കെടുത്തുന്ന തരത്തില്‍ എത്തിയിരിക്കുന്നു. ജമ്മു കശ്മിരിന്റെ സംസ്ഥാനപദവി എടുത്തു മാറ്റി രണ്ടു കേന്ദ്രഭരണപ്രദേശങ്ങള്‍ സൃഷ്ടിച്ചതോടെ ജനാധിപത്യത്തിന്റെ നെടുംതൂണായ ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കപ്പെട്ടിരിക്കുന്നു. ജമ്മു കശ്മിരിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളില്‍ കൂടി ഈ രീതി പരീക്ഷിച്ചാല്‍ പാതി സ്വാതന്ത്ര്യമുള്ള സംസ്ഥാനങ്ങള്‍ ഇല്ലാതാകും. എല്ലാ പ്രദേശങ്ങളും കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും. ഏകാധിപത്യത്തിന് വളക്കൂറുള്ള മണ്ണായി ഈ നാട് മാറും.


ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കലും പൗരത്വ നിയമത്തിലെ ഭേദഗതിയും ഒരു വിഭാഗം ജനങ്ങളുടെ മനസ്സില്‍ കടുത്ത ഭീതി ജനിപ്പിച്ചിരിക്കുകയാണ്. അസമില്‍ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയപ്പോള്‍ ആ മണ്ണില്‍ ജനിച്ചു വളര്‍ന്ന പതിനായിരങ്ങളാണ് പട്ടികയ്ക്കു പുറത്തായത്. അതില്‍ എല്ലാ മതക്കാരും ഉള്‍പ്പെടുന്നുണ്ടെന്നു വന്നപ്പോഴാണല്ലോ മതവിവേചനം പരസ്യമാക്കി പൗരത്വനിയമം ഭേദഗതി ചെയ്തത്. രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകര്‍ സമരരംഗത്തിറങ്ങിയിട്ട് മാസങ്ങള്‍ ഏറെയായിരിക്കുന്നു. എന്തെങ്കിലും ആനുകൂല്യങ്ങള്‍ ചോദിച്ചല്ല അവരുടെ സമരം. തങ്ങളുടെ അവകാശം കുത്തകകള്‍ക്ക് തീറെഴുതുന്നതിനെതിരേയാണ്. ജാതീയവും മതപരവുമായ പീഡനങ്ങളുടെ കണക്കുകള്‍ ഇവിടെ നിരത്തേണ്ടതില്ലല്ലോ. കടക്കു പുറത്ത് എന്ന് ഇന്ത്യയിലെ ഒരു വിഭാഗം മറ്റു വിഭാഗങ്ങളോട് ആക്രോശിച്ചു കൊണ്ടിരിക്കുകയും അധികാര കേന്ദ്രങ്ങളുടെ സംരക്ഷണയോടെ അത്തരക്കാര്‍ കൂടുതല്‍ ശക്തരായി മാറുകയും ചെയ്യുകയാണ്.


ഇഷ്ടമില്ലാത്തവരെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു. എന്തെങ്കിലും കുറ്റം ചെയ്തുവെന്നു തെളിയിക്കപ്പെടാതെ രാജ്യദ്രോഹിയെന്നു മുദ്രകുത്തി ദീര്‍ഘകാലം ജയിലില്‍ കിടന്നു നരകിച്ച്, ഫാ. സ്റ്റാന്‍ സ്വാമി മരിച്ചത് ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അതുപോലെ, മനുഷ്യാവകാശ ലംഘനത്തിന്റെ എത്രയെത്ര സംഭവങ്ങള്‍. ഇതൊന്നും ഇന്ത്യയെപ്പോലൊരു ജനാധിപത്യ, മതേതര രാജ്യത്തിന് ഭൂഷണമേയല്ല.
എങ്കിലും നമുക്ക് ആശിക്കാം.., പ്രാര്‍ഥിക്കാം... സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവുമെല്ലാം ഇവിടെ നിലനില്‍ക്കുമെന്ന്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

സി എച്ച് രാഷ്ട്ര സേവാ പുരസ്‌കാരം കെ സി വേണുഗോപാൽ എം പിക്ക്

uae
  •  3 months ago
No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago