പല കാലം, പല ഫുട്ബോൾ
പരാശരൻ
ഓരോ ഫുട്ബോൾ പോരാട്ടവും ആദ്യം തുടങ്ങുന്നതും അവസാനിക്കുന്നതും പരിശീലകൻ്റെ ഉള്ളിലാണ്. അയാൾ ചമയ്ക്കുന്ന പത്മവ്യൂഹം എതിരാളി ഭേദിക്കാതെ നോക്കുകയും നിശ്ചിത പദ്ധതിക്ക് അകത്തുനിന്നു വിജയത്തിലേക്കുള്ള വഴി വെട്ടിത്തുറക്കുകയുമാണ് കളിക്കാരുടെ ധർമം.
പല കാലത്തും പല തന്ത്രങ്ങളിൽ ഉരുവംകൊണ്ട ഫുട്ബോളുകളാണ് മൈതാനങ്ങളോട് സംവദിച്ചിട്ടുള്ളത്. അമിതപ്രതിരോധം, തീർത്തും ഒഴുകിപ്പരന്ന് കളിച്ചും പാസുകൾ നൽകി മുന്നേറിയും വ്യക്തി മികവുകളെ അമിതമായി ആശ്രയിച്ചും ലോകകപ്പ് കിരീടം സ്വന്തമാക്കി പരിശീലകർ. അവരെല്ലാം തീർത്ത സർഗാത്മക നിമിഷങ്ങളെ കൊണ്ടും കൊടുത്തും മൈതാനങ്ങൾ നിരന്തരം നെഞ്ചേറ്റി.
റൈനസിൻ്റെ ടോട്ടൽ
ഫുട്ബോൾ
1970 കളിൽ ഇതിഹാസ ഡച്ച് പരിശീലകനായ റൈനസ് മിക്കൽസ് എന്ന മനുഷ്യൻ മൈതാനത്ത് നടപ്പാക്കിയ അപാര സാധ്യതയായിരുന്നു ടോട്ടൽ ഫുട്ബോൾ. യോഹാൻ ക്രൈഫ് എന്ന വിഖ്യാത മാന്ത്രികൻ അതിന് ഭാഷ്യം ചമച്ചതോടെ അത് വിപ്ലവമായി. ഗോൾ കീപ്പർ ഒഴികെ എല്ലാവരും എല്ലാം ചെയ്യുക. മധ്യനിരക്കാരും പ്രതിരോധക്കാരും മുന്നേറ്റക്കാരും പരസ്പരം സ്ഥാനംമാറി കളിക്കുന്ന അപൂർവതയായിരുന്നു ആ തന്ത്രത്തിൻ്റെ മാസ്മരിക സിദ്ധാന്തം. അതിൻ്റെ ആണിക്കല്ലായിരുന്നു യോഹാൻ ക്രൈഫ്. 1974 ലെ ലോകകപ്പ് ഫൈനൽ വരെ ടോട്ടൽ ഫുട്ബോളുമായി ഹോളണ്ട് മുന്നേറി. അന്ന് വെസ്റ്റ് ജർമനിക്ക് മുന്നിൽ ആ തന്ത്രങ്ങൾ വിജയിച്ചില്ലെങ്കിലും വരാനിരിക്കുന്ന ഫുട്ബോൾ വിപ്ലവങ്ങളിലേക്കുള്ള നാന്ദിയായിരുന്നു അത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചർച്ചകളിൽ പോലും ടോട്ടൽ ഫുട്ബോൾ നിറയുന്നതും അതുകൊണ്ടാണ്. ഇന്നും മൈതാനത്ത് ഏറിയും കുറഞ്ഞും ആ ശൈലി തൊങ്ങൽ ചാർത്തി കളിയാടുന്നു. ഒരർഥത്തിൽ ടോട്ടൽ ഫുട്ബോളിൻ്റെ വൈവിധ്യങ്ങളാണ് ഇന്നത്തെ മൈതാനക്കാഴ്ച.
റാഗ്നിക്കിൻ്റെ ഗഗൻപ്രസിങ്
2002ൽ ജർമനി ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയത് ഒലിവർ ഖാൻ എന്ന അതികായനായ ഗോൾ കീപ്പറുടെ, അയാളുടെ ഇച്ഛാശക്തിയുടെ ബലത്തിലായിരുന്നു. ഫൈനലിൽ ബ്രസീലിന് മുന്നിൽ വീണെങ്കിലും ആ തോൽവി അവർക്ക് തിരിച്ചറിവായിരുന്നു. പിന്നീട് ജർമൻ ഫുട്ബോൾ മാറ്റത്തിൻ്റെ കാഹളം മുഴക്കി. അവർ സ്വപ്നം കണ്ടത് 2006ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ കിരീടം നേടുക എന്നതായിരുന്നു. ഇതിഹാസ താരം യുർഗൻ ക്ലിൻസ്മാനെ പരിശീലകനായി നിയോഗിച്ച് അതിനുള്ള ശ്രമങ്ങളും തുടങ്ങി. 2006ലും 2010ലും അവർക്ക് കിരീടത്തിൽ മുത്തമിടാൻ യോഗമുണ്ടായില്ല. രണ്ട് തവണയും അവർ മൂന്നാം സ്ഥാനത്തെത്തി. 2014ൽ അവർ ലോക ചാംപ്യൻമാരായി. കൃത്യം 12 വർഷങ്ങൾക്കിപ്പുറം നഷ്ടപ്പെട്ട ലോക കിരീടം ആരാണോ തങ്ങളെ കീഴടക്കി സ്വന്തമാക്കിയത് ആ എതിരാളികളെ അവരുടെ നാട്ടിലെത്തി നാണം കെടുത്തി തിരിച്ചെടുക്കാൻ ജർമനിക്ക് സാധിച്ചു.
2006 ൽ ക്ലിൻസ്മാൻ പരിശീലകനായി വരുമ്പോൾ അസിസ്റ്റൻ്റായി ഒപ്പം കൂട്ടിയത് ജോക്വിം ലോ എന്ന പരിശീലകനെയായിരുന്നു. 2006 ലെ ലോകകപ്പിന് പിന്നാലെ ക്ലിൻസ്മാൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മുഖ്യ പരിശീലകനായി ജോക്വിം ലോ സ്ഥാനമേറ്റു. ലോയുടെ കീഴിലെ ജർമൻ കിരീട നേട്ടത്തിൻ്റെ ഹൈലൈറ്റ് സെമിയിൽ ബ്രസീലിനെ തകർത്തെറിഞ്ഞ 7-1ൻ്റെ വിജയമായിരുന്നു.
1950 ലെ മാരക്കാന ഫൈനലിൽ ഉറുഗ്വെയ്ക്ക് മുന്നിൽ 2-1 ന് പരാജയപ്പെട്ടത് ദേശീയ ദുരന്തമായി ബ്രസീൽ കണക്കാക്കുന്നു. അതിലും വലിയ നാണക്കേട് എന്നാണ് ബെലോ ഹൊറിസോണ്ടെയിലെ ആ ഭീകര രാത്രിയെ ബ്രസീലിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അന്ന് മൈതാനത്ത് ജർമനി നടപ്പാക്കിയ കൂട്ട ആക്രമണത്തിൻ്റെ സൂത്രധാരൻ ലോ ആയിരുന്നില്ല. അദ്ദേഹത്തിൻ്റെ സഹ പരിശീലകനായി പ്രവർത്തിച്ച ഹാൻസ് ഡെയ്റ്റർ ഫ്ലിക്ക് (ഹാൻസി ഫ്ലിക്ക്) ആണ്. നിലവിൽ ജർമൻ ടീമിൻ്റെ മുഖ്യ കോച്ചാണ് ഹാൻസി ഫ്ലിക്ക്.
2002 ലെ ഫൈനൽ തോൽവിക്ക് ശേഷമുള്ള ജർമൻ ഫുട്ബോൾ പരിഷ്കാരത്തിൻ്റെ സൈദ്ധാന്തികൻ റാൽഫ് റാഗ്നിക്ക് എന്ന കോച്ചാണ്. ആധുനിക ജർമൻ ഫുട്ബോളിൻ്റെ പിതാവ് എന്നാണ് അദ്ദേഹത്തിന് വിശേഷണം. റാഗ്നിക്ക് ഉത്തരാധുനിക ഫുട്ബോളിലേക്ക് തുന്നിച്ചേർത്ത പുത്തൻ ശൈലിയാണ് ഗഗൻ പ്രസിങ്.
പുതിയ ടീമിനെ വാർത്തെടുക്കാനും പ്രതിസന്ധി നേരിടുന്ന ടീമുകളെ ഉടച്ചു വാർക്കാനും റാഗ്നിക്കിന് സവിശേഷ സിദ്ധിയുണ്ട്. അതുകൊണ്ടാണ് സമീപ കാലത്ത് മാഞ്ചസ്റ്റർ യുനൈറ്റഡ് അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്. പക്ഷേ, എന്തുകൊണ്ടോ അദ്ദേഹം ടീം വിട്ടു. ഇപ്പോൾ ഓസ്ട്രിയൻ ദേശീയ ടീമിൻ്റെ പരിശീലകനാണ് റാഗ്നിക്ക്.
ഗഗൻ പ്രസിങ് ശൈലിയുടെ ഇന്നത്തെ പ്രയോക്താക്കളിൽ ഒരാളാണ് ഹാൻസി ഫ്ലിക്ക്. സമീപ കാലത്ത് യൂറോപ്യൻ ഫുട്ബോളിൽ തരംഗം തീർത്ത പരിശീലകരാണ് ലിവർപൂളിൻ്റെ യുർഗൻ ക്ലോപും മുൻ ചെൽസി പരിശീലകനായ തോമസ് ടുക്കലും ബയേൺ മ്യൂണിക്കിൻ്റെ ജൂലിയൻ നാഗൽസ്മാനും എല്ലാം. ഇവരെല്ലാം മൈതാനത്ത് അവലംബമാക്കുന്നത് ഗഗൻ പ്രസിങ് ശൈലിയാണ്. എതിരാളിയുടെ ഹാഫിൽ പരമാവധി പന്ത് നിർത്തി ആക്രമണം സംഘടിപ്പിക്കുക. പന്ത് കൈവശം വച്ച് പാസുകൾ കൈമാറി നിരന്തരം മുന്നേറുക. ഗോൾ കീപ്പറിൽ നിന്നു തുടങ്ങി പാസിങ്ങിലൂടെ കളി മെനയുക. ഗോളിലേക്ക് വഴി തുറക്കില്ലെന്ന് തോന്നിയാൽ തിരിച്ച് സ്വന്തം ഹാഫിലേക്ക് ഇറങ്ങി വീണ്ടും ഗോൾ കീപ്പറിൽ നിന്നു തന്നെ മുന്നേറ്റം തുടങ്ങുക. പൊസഷൻ കൈവിട്ടാൽ വളരെ വേഗം തന്നെ പന്ത് തിരിച്ചെടുക്കുക. നിരന്തരം എതിർ ഹാഫിൽ സമ്മർദം (പ്രസിങ്) തീർക്കുക. ഇങ്ങനെ 90 മിനുട്ടും ഇടതടവില്ലാതെ പന്തുമായി മുന്നേറുക എന്നതാണ് ഈ ശൈലിയുടെ മർമം.
പ്രസിങ് സ്റ്റൈൽ ഇന്ന് ഒട്ടുമിക്ക ടീമുകളുടെയും നിർണായക തന്ത്രമാണ്. അമിതമായി പ്രതിരോധിച്ച് തഞ്ചം കിട്ടുമ്പോൾ കൗണ്ടർ അറ്റാക്കുകൾ ചെയ്യാനല്ല ടീമുകൾ ഇപ്പോൾ ശ്രമിക്കുന്നത്. പകരം ആക്രമണങ്ങളുടെ നൈരന്തര്യത്തിനിടെ വീണുകിട്ടുന്ന നിമിഷങ്ങൾ നഷ്ടപ്പെടുത്താതെ പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കാനാണ് ടീമുകൾ ശ്രമിക്കുന്നത്. ആക്രമണത്തിനൊപ്പം കൗണ്ടർ എന്ന ഇരട്ട വഴികളിലേക്ക് കളി പരിവർത്തിപ്പിക്കാൻ പരിശീലകർ ഇപ്പോൾ സധൈര്യം ഇറങ്ങുന്നു.
പെക്കർമാൻ്റെ സൗന്ദര്യശാസ്ത്രം
ലാറ്റിനമേരിക്കക്കാർ ഹൃദയംകൊണ്ടാണ് ഫുട്ബോൾ കളിക്കുന്നത് എന്നു പറയാറുണ്ട്. പെലെയും മറഡോണയും ഗാരിഞ്ചയും ഒർട്ടേഗയുമെല്ലാം നൈസർഗിക കളിയഴകിൻ്റെ ഉപാസകരായി മാറിയതിൻ്റെ കാരണവും അതുതന്നെ. കാലാന്തരത്തിൽ ഫുട്ബോളും വിപണിവത്കരണത്തിലേക്ക് മാറുകയും കളിക്കുന്നത് ആനന്ദിപ്പിക്കുന്നതിനേക്കാൾ ജയിക്കാനാണെന്ന തത്വം അംഗീകരിക്കപ്പെടുകയും ചെയ്തു. ഫുട്ബോൾ ഇന്ന് യൂറോപ്പിലെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ഒന്നുകൂടിയാണ്. മോഹിപ്പിക്കുന്ന പ്രതിഫലവും പ്രശസ്തി
യും കിട്ടുന്നതിനാൽ ലാറ്റിനമേരിക്കൻ സൂപ്പർ താരങ്ങളടക്കമുള്ള മിക്ക കളിക്കാരും ഇന്ന് യൂറോപ്പിലാണ് കരിയറിൻ്റെ സിംഹഭാഗവും ചെലവിടുന്നത്. ലാറ്റിനമേരിക്കൻ ടീമുകളും ഇന്ന് യൂറോപ്യൻ സ്റ്റൈൽ കടം കൊണ്ടതോടെ അവിടങ്ങളിലെ ഫുട്ബോൾ ശൈലിക്ക് അപചയം സംഭവിച്ചു. പരുക്കൻ അടവുകളുടെ അതിപ്രസരവും അതിൻ്റെ മഹിത പാരമ്പര്യത്തെ തകർത്തു.
ഇങ്ങനെയൊക്കെ പറയുമ്പോഴും അതിനെയെല്ലാം പിന്തള്ളി ഒരു മനുഷ്യൻ ഡഗൗട്ടിൽ നിൽക്കുന്നുണ്ട്. അർജൻ്റീനക്കാരനായ പരിശീലകൻ ഹോസെ പെക്കർമാൻ. ഇപ്പോൾ വെനസ്വല ടീമിൻ്റെ കോച്ചാണ് പെക്കർമാൻ. 2006ലെ ലോകകപ്പിൽ അർജൻ്റീന കളിച്ചത് പെക്കർമാൻ്റെ തന്ത്രങ്ങളിലായിരുന്നു. ക്വാർട്ടറിൽ പരാജയപ്പെട്ടെങ്കിലും അന്ന് അർജൻ്റീന ജർമൻ മണ്ണിൽ കളിച്ചത് ഹൃദയം കൊണ്ടായിരുന്നു.
മധ്യനിര മാന്ത്രികൻ
യുവാൻ റോമൻ റിക്വൽമിയെ മുൻനിർത്തി പെക്കർമാൻ ആവിഷ്കരിച്ച തന്ത്രം ഫുട്ബോൾ ചരിത്രത്തിലെ സവിശേഷ അധ്യായമാണ്. സെർബിയ ആൻഡ് മോണ്ടെനെഗ്രോക്കെതിരെ 24 പാസുകളിൽ പിറന്ന ഒറ്റ ഗോൾ മതി ആ പരിശീലകൻ്റെ സൗന്ദര്യശാസ്ത്ര ബോധം അറിയാൻ. എട്ട് വർഷങ്ങൾക്കിപ്പുറം കാനറികളുടെ മണ്ണിലും ആ ലാറ്റിനമേരിക്കൻ ലാവണ്യത ലോകം കണ്ടു. അന്ന് ജെയിംസ് ഹാമിഷ് റോഡ്രിഗസിനെ മുൻനിർത്തി അദ്ദേഹം പരിശീലിപ്പിച്ച കൊളംബിയൻ സംഘം മൈതാനത്ത് കളിയഴകിൻ്റെ ചാരുത മുഴുവൻ തുറന്നുവച്ചു.
വാൽക്കഷ്ണം: അറേബ്യൻ മണ്ണിൽ കാത്തിരിക്കുന്നത് ഫുട്ബോളിൻ്റെ ശൈലീകൃത വൈവിധ്യങ്ങളാണ്. ആഫ്രിക്കൻ വന്യതയുടെ സുന്ദര നിമിഷങ്ങളും ഏഷ്യയുടെ അതിജീവന പാഠങ്ങളും ലാറ്റിനമേരിക്കൻ സർഗാത്മകതയും വിടരുന്ന രാവുകൾ. അവിടെ ടോട്ടൽ ഫുട്ബോളും ഗഗൻ പ്രസിങും ടിക്കി ടാക്കയും പൊടിപ്പും തൊങ്ങലും ചാർത്തി കാത്തിരിക്കുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."