മത്സ്യവില്പനക്കാരനെ ആക്രമിച്ച് കൊള്ള: മൂന്നുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: മത്സ്യവില്പനക്കാരനെ ആക്രമിച്ച് കൊള്ളയടിച്ച കേസില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റുചെയ്തു. മേലേചൊവ്വ പാതിരിപ്പറമ്പ് മനോജ് നിവാസില്‍ വി മനോജ് (28), മാട്ടൂല്‍ സൗത്തിലെ സി ഫായിസ് (28), ഇരിട്ടി പുന്നാട്ടെ പി.കെ സജേഷ് (29) എന്നിവരെയാണു ടൗണ്‍ പൊലിസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ പിണറായി കിഴക്കുംഭാഗത്തെ തെക്കയില്‍ വീട്ടില്‍ പി ബാലന്റെ കൈയില്‍ നിന്നു 19,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അറസ്റ്റ്. മത്സ്യവില്പനയ്ക്കു ശേഷം ബസ് സ്റ്റാന്‍ഡിലേക്കു നടക്കവേ ബാലനെ താവക്കര അണ്ടര്‍ബ്രിഡ്ജിനു സമീപം തടഞ്ഞുവച്ച് കൊള്ളയടിക്കുകയായിരുന്നു. ബാലന് ടൗണ്പൊലിസില് നല്കിയ പരാതിയെ തുടര്‍ന്നു മണിക്കൂറുകള്‍ക്കുള്ളിലാണു പൊലിസ് പ്രതികളെ പിടികൂടിയത്. മോഷണക്കേസില്‍ ശിക്ഷകഴിഞ്ഞ് കഴിഞ്ഞ 17നാണ് മനോജ് പുറത്തിറങ്ങിയത്. ജയിലിലായിരുന്ന ഫായിസും ഇതേദിവസം പുറത്തിറങ്ങി.
റെയില്‍വേ സ്റ്റേഷന് പരിസരം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിവരികയായിരുന്നു പ്രതികളെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."