പഞ്ചശിര്‍ കൂടി വീഴുമ്പോള്‍
കെ.എ സലിം
ആര്‍ക്കും കീഴടങ്ങാത്ത പഞ്ചശിര്‍ താഴ്‌വര താലിബാന് മുന്നില്‍ വീണു. താലിബാന്‍ വിരുദ്ധസേന കാര്യമായി ചെറുത്തുനില്‍പ്പുനടത്തുമെന്ന പാശ്ചാത്യമാധ്യമങ്ങളുടെ പ്രവചനം വെറുതെയായി. കാബൂള്‍ കീഴടക്കിയതിനെക്കാള്‍ ലളിതമായാണ് താലിബാന്‍ പഞ്ചശിര്‍ പിടിച്ചത്. പഞ്ചശിറിലെ യുദ്ധവീരന്‍ അഹമദ് ഷാ മസ്ഊദിന്റെ മകന്‍ അഹമദ് മസ്ഊദും അംറുല്ല സലാഹും നടത്തിയ യുദ്ധസന്നാഹം ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു. താലിബാന്‍ പഞ്ചശിറിലേക്ക് പ്രവേശിക്കും മുമ്പ് തന്നെ അംറുല്ലാ സലാഹ് തന്റെ കമാന്‍ഡര്‍മാരെയും കൂട്ടി താജികിസ്ഥാനിലേക്ക് പലായനം ചെയ്തു. പിന്നാലെ അഹമദ് മസ്ഊദും അഫ്ഗാനിസ്ഥാന്‍ വിട്ടു. അഫ്ഗാനിസ്ഥാനിലെ യുദ്ധം ഇതോടെ എതാണ്ട് അവസാനിച്ചുവെന്ന് കരുതണം. ഗോത്ര സമവാക്യങ്ങള്‍ നിര്‍ണായകമായ അഫ്ഗാനിസ്ഥാനില്‍ താജിക്കുകളുടെ ശക്തികേന്ദ്രമായ പഞ്ച്ശിര്‍ അഫ്ഗാനിസ്ഥാന്റെ സുസ്ഥിരതയില്‍ നിര്‍ണായകമാണ്. അതുകൊണ്ടായിരിക്കണം സൈന്യത്തെ അയക്കും മുമ്പ് താലിബാന്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയ്ക്ക് തയാറായത്. എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരായിരിക്കും അഫ്ഗാനിസ്ഥാനില്‍ സുസ്ഥിരത ഉറപ്പാക്കുക.
27 ശതമാനം വരുന്ന അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിഭാഗമാണ് താജിക്കുകള്‍. 40 ശതമാനത്തിലധികമുള്ള പഷ്തൂണുകളായ താലിബാന്‍ രാജ്യത്ത് അധികാരം പിടിക്കുന്നതിലുള്ള വംശീയ വിദ്വേഷം പഴയ വടക്കന്‍ സഖ്യം നേതാക്കളുടെ താലിബാന്‍ വിരോധത്തിന് ഒരു കാരണമാണ്. പത്ത് ശതമാനത്തോളമുള്ള ഹസാറകളും അത്രതന്നെയുള്ള ഉസ്‌ബെക്കുകളുമാണ് അഫ്ഗാനിസ്ഥാനിലെ മറ്റു പ്രബലവിഭാഗങ്ങള്‍. സോവിയറ്റ് അധിനിവേശക്കാലത്ത് ഗോത്രപരമായ വൈരുധ്യങ്ങള്‍ മാറ്റിവച്ചാണ് മുജാഹിദുകള്‍ ഒറ്റക്കെട്ടായി യുദ്ധം ചെയ്തത്. എന്നാല്‍ പോലും മേഖലാപരമായ നിയന്ത്രണങ്ങളുണ്ടായിരുന്നു. സോവിയറ്റ് അധിനിവേശം ഇല്ലാതായതോടെ യുദ്ധം ഗോത്രങ്ങളെ നിയന്ത്രിച്ചിരുന്ന യുദ്ധപ്രഭുക്കന്‍മാര്‍ തമ്മിലായി. അന്നും തോല്‍പ്പിക്കാനാവാത്ത ശക്തിയായി താജിക് നേതാവ് അഹമദ്ഷാ ഷാ മസ്ഊദ് തലയുയര്‍ത്തി നിന്നിരുന്നു. പഞ്ചശിറിലെ സിംഹമെന്ന താലിബാന്‍ നേതാക്കള്‍ വരെ ബഹുമാനത്തോടെ വിളിച്ചിരുന്ന മസ്ഊദിന്റെ മേഖല പിടിക്കാന്‍ സോവിയറ്റ് യൂണിയന് പോലും സാധിച്ചിരുന്നില്ല. താലിബാന്‍ ആദ്യം അധികാരത്തിലിരുന്ന 1996 മുതല്‍ 2001 വരെ പഞ്ചശിര്‍ പിടിക്കാന്‍ കാര്യമായ ശ്രമം നടത്തുകയുമുണ്ടായില്ല.
ഇംഗ്ലീഷും ഫ്രഞ്ചും നന്നായി സംസാരിക്കാന്‍ കഴിയുന്ന അഹമദ് ഷാ മസ്ഊദാകട്ടെ അമേരിക്കയുമായി ആശയവിനിമയം നടത്തുകയും ആയുധങ്ങളുടെ ഒഴുക്ക് ഉറപ്പാക്കുകയും ചെയ്തിരുന്നു. 2001 സെപ്റ്റംബര്‍ 9ന് അല്‍ഖാഇദ മസ്ഊദിനെ ചതിയില്‍ കൊലപ്പെടുത്തുന്നതോട് കൂടിയാണ് പഞ്ചശിര്‍ ദുര്‍ബലമായി തുടങ്ങുന്നത്. പിന്നീട് അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ വാതില്‍ പഞ്ചശിറായത് ചരിത്രം. താലിബാന്‍ ആക്രമണത്തെ ചെറുത്തുനില്‍ക്കാന്‍ അഹമ്മദ് മസ്ഊദ് വിദേശരാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ആരും സഹായത്തിനെത്തിയില്ല. റഷ്യയും ചൈനയും താലിബാനൊപ്പമായിരുന്നു. അമേരിക്കയ്ക്കും താലിബാനോടായിരുന്നു താല്‍പര്യം. 1990കളില്‍ ഇറാനും തുര്‍ക്കിയും വടക്കന്‍ സഖ്യത്തെ പിന്തുണച്ചിരുന്നു. ഷീഇകള്‍ കൂടിയായ ഹസാറകളെ സുന്നികളായ താലിബാനെതിരേ പോരാടാന്‍ സജ്ജമാക്കുകയെന്ന താല്‍പര്യമായിരുന്നു ഇറാന്റേത്. മൂന്ന് ശതമാനം വരുന്ന തുര്‍ക്കുകളുടെ സംരക്ഷണമായിരുന്നു തുര്‍ക്കിയുടെ താല്‍പര്യം. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന് തുര്‍ക്കിയും ഇറാനും അക്കാലത്ത് സഹായം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത്തവണ ഇറാന്‍ താലിബാനൊപ്പമാണ്. തുര്‍ക്കിയാകട്ടെ താലിബാനെ എതിര്‍ക്കാനിടയില്ല. ഖത്തറുമായുള്ള ചര്‍ച്ചയില്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം താലിബാന്‍ ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
താലിബാനെതിരേ പോരാട്ടം നടത്താന്‍ ശേഷിയുണ്ടെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്ന താജിക് യുദ്ധപ്രഭു മുഹമ്മദ് അത്താ നൂറും ഉസ്‌ബെക് യുദ്ധപ്രഭു അബ്ദുല്‍റഷീദ് ദോസ്തമും പലായനം ചെയ്യുകയും ചെയ്തു. ഇത്രയും കാലം തുര്‍ക്കിയില്‍ പ്രവാസത്തിലായിരുന്ന ദോസ്തം താലിബാന്‍ കാബൂള്‍ പിടിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ തിരിച്ചെത്തിയിരുന്നത്. ബാല്‍ക്ക് മേഖലയില്‍ ശക്തിയുണ്ടായിരുന്ന മുഹമ്മദ് അത്താ നൂര്‍ 2001ലെ താലിബാന്റെ പിന്‍മാറ്റത്തിന് ശേഷം മസാറെ ശരീഫിന്റെ നിയന്ത്രണത്തിന് ദോസ്തമുമായി യുദ്ധം ചെയ്തയാളാണ്. ഓഗസ്റ്റ് മധ്യത്തോടെ തന്നെ പഞ്ചശിറില്‍ അഭയം തേടിയ മുന്‍നിര കമാന്‍ഡര്‍മാര്‍ ഭൂരിഭാഗവും പഞ്ചശിര്‍ വിട്ടിരുന്നു. പിന്നാലെ അഹമദ് മസ്ഊദിനൊപ്പം ബാക്കിയായത് രണ്ടാംനിരക്കാരായ ഏതാനും പേരാണ്. അവരാകട്ടെ അമേരിക്ക പരിശീലിപ്പിച്ചവരാണ്. വ്യോമാക്രമണത്തിന് പിന്നാലെ കരയിലൂടെ നീക്കം നടത്തുന്നതാണ് അമേരിക്കന്‍ പരിശീലന രീതി. അമേരിക്ക പോയതോടെ വ്യോമാക്രമണമില്ലാതായി. കരയാക്രമണത്തില്‍ നേരിട്ട് താലിബാനോട് പോരാടാനുള്ള ശേഷി താലിബാന്‍ വിരുദ്ധസേനക്കുണ്ടായിരുന്നുമില്ല.
ആവശ്യത്തിന് സൈനികരില്ലാത്തതായിരുന്നു മറ്റൊരു പ്രശ്‌നം. യുദ്ധപരിചയമില്ലാത്ത യുവാക്കളെയും ഖനിത്തൊഴിലാളികളെയുമാണ് ആയുധമണിയിച്ച് യുദ്ധശേഷിയുള്ള താലിബാനെതിരേ മസ്ഊദ് ഒരുക്കിനിര്‍ത്തിയത്. മഞ്ഞുകാലം ശക്തിയാകും വരെ പോരാടാനായാല്‍ താലിബാനുമായി പഞ്ചശിറിന് സ്വയംഭരണാധികാരം നല്‍കാന്‍ താലിബാനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്നായിരുന്നു മസ്ഊദിന്റെ പദ്ധതി. എന്നാല്‍ സെപ്റ്റംബര്‍ അഞ്ചിന് ബോംബുകള്‍ വര്‍ഷിക്കാന്‍ ശേഷിയുള്ള ഡ്രോണുകളുമായി താലിബാന്‍ സൈന്യം പഞ്ചശിറിലേക്ക് ഇരച്ചുകയറിയതോടെ മസ്ഊദിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അവസാനഘട്ടത്തില്‍ സമാധാനക്കരാറുണ്ടാക്കാന്‍ മസ്ഊദ് ശ്രമിച്ചെങ്കിലും അതും സാധ്യമായില്ല.
എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ എന്ന താലിബാന്റെ ആശയം അഫ്ഗാന്‍ സാഹചര്യത്തില്‍ വലിയ വെല്ലുവിളിയാണ്. ഒരേസമയം അല്‍ഖാഇദയുമായും പാകിസ്താന്റെ ഐ.എസ്.ഐയുമായും ബന്ധമുള്ള ഹഖാനി വിഭാഗത്തിന് അധികാരത്തില്‍ താല്‍പര്യമുണ്ട്. കാബൂളിന്റെ വലിയൊരു ഭാഗത്ത് സുരക്ഷാ ചുമതലയിലുള്ളത് ഹഖാനി വിഭാഗക്കാരാണ്. ദക്ഷിണ മേഖലയില്‍ നിന്നുള്ളവര്‍ക്ക് താലിബാനിലുള്ള സ്വാധീനത്തില്‍ മറ്റു മേഖലയിലുള്ളവര്‍ക്ക് പരാതിയുണ്ട്. മേഖലാപരമായ പ്രശ്‌നങ്ങളുണ്ട്. എങ്കിലും കഴിഞ്ഞ കാലത്തേത് പോലെ താലിബാന്‍ ഇപ്പോള്‍ പൂര്‍ണമായും പഷ്തൂണ്‍ നിയന്ത്രണത്തിലുള്ള സംഘടനയല്ല. താജിക്കുകളും ഉസ്‌ബെക്കുകളും അവരുടെ നേതൃനിരയിലുണ്ട്. സര്‍ക്കാര്‍ രൂപീകരണത്തില്‍ കൂടുതല്‍ മറ്റു വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാല്‍ സുസ്ഥിരതയെന്ന അഫ്ഗാനിസ്ഥാന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒന്ന് സാധ്യമാകും. അഫ്ഗാനിസ്ഥാന്റെ സുസ്ഥിരത ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് പ്രധാനമാണ്. ഐ.എസ് ഖുറാസാന്‍ പോലുള്ള ഭീകര സംഘടനകളാകും അഫ്ഗാനിസ്ഥാന്റെ സുസ്ഥിരതയ്ക്ക് ഏറ്റവും വലിയ വെല്ലുവിളിയാവുക. താലിബാന്റെ സഹായത്തോടെ ഐ.എസിനെ മേഖലയില്‍ നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് റഷ്യ കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."