ഭരണഘടനയ്ക്ക് എതിരാവുന്ന നിയമങ്ങൾ
ടീസ്താ സെതൽവാദ്
പാർലമെന്റിനെ ഉപയോഗിച്ചു ഭരണഘടനയെ ഘട്ടംഘട്ടമായി തകർത്തു കൊണ്ടിരിക്കുന്ന പ്രവണതയാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ സൂക്ഷ്മതകളെ പരിഗണിക്കാതെ നിയമങ്ങളും ഭേദഗതികളും തുടരെത്തുടരെ നടപ്പിലാക്കുന്നു. സംഭാഷണങ്ങളോ സംവാദങ്ങളോ ഇല്ല, പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റികളെ പരിഗണിക്കുക പോലുമില്ല.
2019 ഡിസംബർ 10ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിലാണ് ഇന്ത്യൻ പാർലമെന്റ് വിവേചനപരമായ പൗരാവകാശ (ഭേദഗതി നിയമം) നിയമം-2019, 311:80 എന്ന ഭൂരിപക്ഷത്തോടെ പാസാക്കുന്നത്. കൂടെതന്നെ രാജ്യവ്യാപകമായി എൻ.ആർ.സി (ദേശീയ പൗരത്വ രജിസ്റ്റർ) നടപ്പിലാക്കുമെന്നും ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനയുടെ മൗലികതയായ തുല്ല്യതയേയും വിവേചനരാഹിത്യത്തേയും വെല്ലുവിളിച്ചു കൊണ്ട് മതത്തെ അടയാളമാക്കുകയാണ് പാർലമെന്റ് ഇത്തരമൊരു നയത്തിലൂടെ ചെയ്തിരിക്കുന്നത്.
ഇസ്ലാമിക രാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയെ പ്രത്യേകം പരാമർശിച്ചു കൊണ്ട് ഈ രാജ്യങ്ങളിലെ മുസ്ലീങ്ങളല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ അതിവേഗം കുതിച്ച ഇന്ത്യൻ പാർലമെന്റ്, ഡിസംബർ 12ഒാടെ ഭേദഗതി അവതരിപ്പിച്ചു. രാജ്യവ്യാപകമായി ന്യൂനപക്ഷ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ പൊതുവെ വിയോജിപ്പുകളെ വകവയ്ക്കാത്ത അധികാര ശാസനകളെ വിറപ്പിക്കുക തന്നെ ചെയ്തു. എന്നാൽ കൊവിഡിന് പിറകെ വന്ന ലോക്ഡൗൺ മൂലം സമരപരിപാടികൾ കെട്ടടങ്ങി. ഏറെ വയ്കാതെ തന്നെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളേയും പ്രതിഷേധക്കാരേയും ഭരണകൂടം ക്രിമിനൽ വൽക്കരിച്ചു. പതിനഞ്ചോളം മുസ്ലിം സമരനേതാക്കളെ ഭീകരവാദ നിരോധന നിയമങ്ങൾ ചുമത്തി ഇപ്പോഴും തടവിലിട്ടിരിക്കുന്നു.
സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ നടപ്പിലാക്കുന്നതിന്റെ നടപടി ക്രമങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്ന് കൂടെക്കൂടെ ഓർമിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്, ആഭ്യന്തര മന്ത്രി. 2024ലെ പൊതു തെരഞ്ഞെടുപ്പിന് രണ്ടു വർഷം ബാക്കിനിൽക്കേ ആ സമയവും ആസന്നമായിരിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ 2021-22 കാലയളവിലെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പൗരത്വ നിയമത്തിന്റെ 2019ലെ വിവാദ ഭേദഗതി നിയമമായി പാസായിട്ടില്ലെങ്കിലും ഈ നിയമത്തിനു കീഴിൽ പൗരത്വം നൽകാനുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ പൗരത്വ ഭേദഗതി നിയമപ്രകാരം 1414 പൗരത്വ രേഖകൾ നൽകിയതായും ഇതിൽ പറയുന്നു. അഥവാ, ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം 2009ലെ പൗരത്വ ഭേദഗതിയിലുള്ള നിബന്ധനകൾക്കനുസൃതമായി സി.എ.എ 2019ലെ വിവേചനപരമായ നിബന്ധകൾ നടപ്പിലാക്കാൻ ആരംഭിച്ചുവെന്നു സാരം. ഒമ്പതു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്കും 29 ജില്ലാ കലക്ടർമാർക്കും വിദേശികൾക്ക് പൗരത്വം നൽകാനുള്ള അധികാരം ഇതിനകം അനുവദിച്ചിട്ടുണ്ട്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈൻ, ബുദ്ധ, പാർസി വിശ്വാസികൾക്കാണ് ഇത്തരത്തിൽ പൗരത്വം ലഭിക്കാനുള്ള അർഹത. കീഴ്ഘടകങ്ങളുമായി കൂടിയാലോചിച്ച് തീരുമാനിച്ചതിനാൽ മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ പെട്ട കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പിലാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പാർലമെന്റ് ഉറപ്പുനൽകിയിരിക്കുന്നത് 2019ലെ ഭേദഗതി പ്രകാരമുള്ള നിയമങ്ങളിൽ അന്തിമ തീരുമാനമുണ്ടാകാതെ പ്രാബല്യത്തിൽ വരില്ലെന്നുമാണ്.
ഹരിയാന, പഞ്ചാബ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള 29 ജില്ലകളുടെ പട്ടികയിലേക്ക് ഗുജറാത്തിലെ ആനന്ദ്, മെഹ്സാന ജില്ലകളെ കൂടി ഉൾപ്പെടുത്തി പട്ടിക വിപുലീകരിച്ചതായാണ് ഒക്ടോബർ 31നുള്ള റിപ്പോർട്ട്. ഛത്തീസ്ഗഢ്, പഞ്ചാബ്, ഹരിയാന എന്നീ പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളും തദ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി ഈ സർക്കാരുകൾ 2019ലെ സി.എ.എ ഭേദഗതിക്കും ഇതിന്റെ ഭാഗമായുള്ള എൻ.ആൻ.സി, എൻ.പി.ആർക്കും എതിരാണ്.
ഈ പൗരത്വ ത്രിശൂലത്തിന്റെ മറ്റു രണ്ട് ദംഷ്ട്രകളാണ് എൻ.പി.ആറും എൻ.ആൻ.സിയും. ഈ മൂന്നു നയങ്ങളും പൂർണമായി നടപ്പിലായാൽ അസമിലേതിനു സമാനമായ മാനവിക പ്രശ്നങ്ങളെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരിക. അസമിലെ എൻ.ആർ. സി അന്തിമ പട്ടിക പ്രകാരം 19 ലക്ഷം പേരെയാണ് ഇന്ത്യക്കാരല്ലത്താവരായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ അഞ്ചര ലക്ഷം പേർ മുസ്ലിംകളാണ്. 2.2 ലക്ഷം ജനങ്ങളെ വിദേശികളെന്ന് അസം പൊലിസ് വിളിക്കുമ്പോൾ, തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസുകളിൽ സംശയകരമായ സമ്മതിദായകർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അപകട സാഹചര്യത്തെ തരണം ചെയ്യുന്നതിനായി ഒരു കൂട്ടം യുവത സന്നദ്ധ പ്രവർത്തനം നടത്തുന്നുണ്ട്.
ആഴ്ചയിൽ 40 കുടുംബങ്ങൾ തോറും സന്ദർശിച്ച് ഇവർക്കു വേണ്ട നിയമ, സമാന്തര നിയമ സഹായങ്ങൾ ലഭ്യമാക്കുകയാണ് ഇവർ. മാസത്തിൽ 150ഒാളം കുടുംബങ്ങളിലേക്ക് ഇത്തരം സഹായങ്ങളെത്തിക്കുന്ന ഇവർ തടങ്കൽ പാളയങ്ങളിലടക്കപ്പെട്ട നിരവധി പേരെയും മോചിപ്പിക്കുകയുണ്ടായി. 3.3 കോടി ജനസംഖ്യയുള്ള അസമിലെ 1.3 കോടി ദരിദ്ര ജനവിഭാഗത്തെയാണ് പൂർണമായും പൗരത്വാവകാശത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. മറ്റെല്ലാ ക്ഷേമപ്രവർത്തനങ്ങളേയും വിസ്മരിച്ചു കൊണ്ട് 1,700 കോടിയാണ് അസം സർക്കാർ ഇതിനായി ചെലവഴിച്ചത്. പ്രതീക്ഷിച്ചത്ര മുസ്ലീംങ്ങൾക്ക് പൗരത്വം നിഷേധിക്കാൻ സാധിക്കാത്തതിലുള്ള രാഷ്ട്രീയ അതൃപ്തി സർക്കാരിനുണ്ട്. ഇതേ തുടർന്ന് ഈ നിർദയ കണക്കെടുപ്പ് വീണ്ടും നടത്താനിരിക്കുകയാണ് അസം സർക്കാർ. ഇത്തരം പരീക്ഷണങ്ങൾ പുറത്തു പറയാൻ സാധിക്കാത്ത വിധത്തിലുള്ള കലാപത്തിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കുമെന്ന് തീർച്ച.
സർക്കാർ ഇന്ത്യയിലെ 'സ്വാഭാവിക താമസക്കാരുടെ' (എൻ.പി.ആർ) കണക്കെടുക്കുന്നത് 2010ലാണ്. 1955ലെ പൗരാവകാശ നിയമത്തിന്റെ ചുവടുപിടിച്ചാണ് 2003ൽ എൻ.പി.ആർ ഭേദഗതി കൊണ്ടുവരുന്നത്. 2019 ഡിസംബർ വരെ ഇതിനെ കുറിച്ച് ആരെങ്കിലും വിശദമായി ചർച്ച ചെയ്യുകയോ സാമൂഹികാവകാശ പ്രവർത്തകർ പോലും ഏതെങ്കിലും തരത്തിലുള്ള വിമർശനങ്ങൾ ഉയർത്തുകയോ ഉണ്ടായിട്ടില്ല. 2010ൽ ശേഖരിച്ച എൻ.പി.ആർ വിവരങ്ങൾ പിന്നീട് ആധാറിന്റെ ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിച്ചിരുന്നു.
2003ലെ നിയമപ്രകാരം എൻ.പി.ആൻ കാലാനുസൃതമായി പുതുക്കുന്നതു സംബന്ധിച്ചുള്ള യാതൊരു പരാമർശങ്ങളുമില്ല. എന്നാൽ 2015ൽ എൻ.പി.ആറിലേക്ക് മൊബൈൽ നമ്പർ, റേഷൻ കാർഡ് വിവരങ്ങൾ, ജനന സ്ഥലം, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവയും കൂട്ടിച്ചേർത്തു.
എന്നാൽ ഇപ്പോൾ ആഭ്യന്തര മന്ത്രാലയം പറയുന്നത് 'വരാനിരിക്കുന്ന എൻ.പി.ആർ പുതുക്കലിൽ ജനനം, മരണം, കുടിയേറ്റം എന്നിവ മൂലമുള്ള മാറ്റങ്ങളെയും ഉൾക്കൊള്ളിക്കുമെന്നാണ്'. എന്നാൽ ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത് വലിയൊരു വിഭാഗം ജനങ്ങളെ 'സംശയകരമായ സമ്മതിദായകർ' വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള പിൻവാതിൽ ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പകർച്ചവ്യാധി മൂലം ഇതിന്റെ തയാറെടുപ്പുകൾ നിർത്തിവച്ചിരുന്നുവെങ്കിലും പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ട്. അസമിൽ നടന്നത് ദേശവ്യാപകമായി നടപ്പിലാക്കിയാൽ രാജ്യം നേരിടാൻ പോകുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ എന്തായിരിക്കും? എല്ലാവരും സ്വയം രക്ഷക്കു വേണ്ടി മറ്റുള്ളവരെ ശത്രുവായി കാണുന്ന അവസ്ഥയാണ് സംജാതമാവാനിരിക്കുന്നത്. നിലവിൽ തന്നെ നമ്മുടെ സമൂഹത്തിൽ വിഹരിച്ചു കൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഓരോ ജനങ്ങളെയും പിടികൂടിയാൽ നമ്മുടെ സമൂഹവും രാഷ്ട്രീയവും തിരിച്ചറിയാൻ പറ്റാത്ത വിധം വികൃതമാവും. ഇത്തരം നയങ്ങൾ ഇവിടുത്തെ അധികാര കേന്ദ്രങ്ങൾ സമൂഹത്തിനു മുമ്പിലേക്ക് ഇടുന്നത് സാമൂഹിക ധ്രുവീകരണത്തിനു വേണ്ടി മാത്രമാണ്.
ഇത്തരം ധ്രുവീകരണ പ്രവർത്തനങ്ങളിലൂടെ അധികാരം നിലനിർത്താനും യഥാർഥ സാമൂഹിക പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുമാണ് സർക്കാരിന്റെ ശ്രമം. ക്രമേണ ജനശ്രദ്ധയെ തിരിച്ചു വിട്ടുകൊണ്ട് നട്ടെല്ലൊടിഞ്ഞ ഇവിടുത്തെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളെ സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
വെറുപ്പ് വിതയ്ക്കുന്ന രാഷ്ട്രീയത്തെ സമൂഹത്തിൽ നേരിടുന്നതിനു പ്രത്യേക പരിശീലനം ആവശ്യമാണെന്നതിനാൽ സാമൂഹികാവകാശ പ്രവർത്തകർക്കു സമൂഹത്തിലും രാഷ്ട്രീയത്തിലും വ്യാപിച്ചിരിക്കുന്ന വെറുപ്പിനെ നേരിടുന്നതിനായി സംഘടനകൾ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്. വെറുപ്പിനെ രാഷ്ട്രീയായുധമാക്കി പ്രയോഗിക്കുന്നതു ഈ രാജ്യം കണ്ടതാണ്. ഇവിടുത്തെ പല നിയമരേഖകൾ പോലും അതിനെ സാക്ഷ്യപ്പെടുത്തിയിട്ടും സമൂഹത്തെ കാർന്നു തിന്നുന്ന ഇത്തരം പ്രതിഭാസങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനുള്ള യാതൊരു സാമൂഹിക-രാഷ്ട്രീയ അവബോധ പ്രവർത്തനങ്ങളും സമൂഹവ്യാപകമായി നടപ്പിലാക്കിയിട്ടില്ല.
ഇതിനെതിരേ നിയമങ്ങളും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ല. ഇന്നിപ്പോൾ വെറുപ്പ് വിതയ്ക്കുന്ന രാഷ്ട്രീയത്തിന്റെ ചുക്കാൻ ഇവിടുത്തെ അധികാരികൾ തന്നെ കൈയാളുന്നു. വലിയൊരു വിഭാഗം മുസ്ലിങ്ങളെ ഈ രാജ്യത്തു നിന്ന് അപ്രത്യക്ഷരാക്കാനാണ് ഇവർ ശ്രമിക്കുന്നത്. നൂറ്റാണ്ടുകളോളം ലിഖിതങ്ങളുടെ പിൻബലത്തിൽ ഇവിടുത്തെ ദലിതരോടും സ്ത്രീകളോടും ചെയ്തത് ഈ മതവിഭാഗത്തിനോടും കൂടി ആവർത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യവും ഐക്യവും യോജിച്ചു പോകുന്ന അവകാശങ്ങളാണ്, അല്ലാതെ പരസ്പര വിരുദ്ധങ്ങളല്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന് എത്രത്തോളം പ്രാധാന്യമുണ്ടോ അത്രത്തന്നെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വിവേചനമില്ലായ്മക്കും പ്രാധാന്യം നൽകേണ്ടതുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിലും സമത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാലിന്ന് അഭിപ്രായ സ്വാതന്ത്ര്യം പോലും ക്രിമിനൽ കുറ്റമായിരിക്കുകയാണ്. എന്നാൽ ഭരണഘടനാ പദവികളിലും മറ്റു അധികാര കേന്ദ്രങ്ങളിലും ഇരിക്കുന്നവർ വെറുപ്പ് വിതയ്ക്കുന്ന തരത്തിലുള്ള പ്രസംഗങ്ങൾ എത്ര തന്നെ പ്രചരിപ്പിച്ചാലും രാജ്യത്തു കുഴപ്പമില്ല. വെറുപ്പ് തളം കെട്ടി നിൽക്കുന്ന ഈ രാഷ്ട്രീയ സാഹചര്യത്തിൽ സി.എ.എ- എൻ.ആർ.സി- എൻ.പി.ആർ കൂടി നടപ്പിലാക്കിയാൽ രാജ്യത്തിന്റെ അധഃപതനത്തെ കൂടി നമ്മൾ കാണേണ്ടി വരും.
(പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ
ലേഖിക ദ വയറില്‍ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."