'ആതിഥേയരോട് മാപ്പ് ചോദിക്കുന്നു'-കശ്മീര്‍ ഫയല്‍സ് സിനിമയെ വിമര്‍ശിച്ച സംവിധായകനെതിരേ ഇസ്രാഈല്‍ അംബാസഡര്‍
ന്യൂഡല്‍ഹി: ഗോവയിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ ഉള്‍പ്പെടുത്തിയതിനെതിരേ ജൂറി തലവനായ ഇസ്രാഈല്‍ സംവിധായകന്‍ നാദവ് ലാപിഡ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയതിനു പിന്നാലെ ഇന്ത്യയോട് ക്ഷമാപണം നടത്തി ഇസ്രാഈല്‍ അംബാസഡര്‍. ട്വിറ്ററില്‍ ഒരു തുറന്ന കത്തിലാണ് ഇന്ത്യയിലെ ഇസ്രാഈല്‍ അംബാസഡര്‍ നൗര്‍ ഗിലോണ്‍ ക്ഷമചോദിച്ചത്.
ഒട്ടും നിലവാരമില്ലാത്ത, പ്രത്യേക പ്രചാരണം ലക്ഷ്യംവെച്ചുള്ള സിനിമയാണിതെന്നും സംസ്‌കാരശൂന്യമായ ഇത്തരം സിനിമകള്‍ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തരുതായിരുന്നുവെന്നും നാദവ് ലാപിഡ് തുറന്നടിച്ചിരുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ഈ സിനിമ കശ്മിരി പണ്ഡിറ്റുകളുടെ പലായനത്തെയും കൊലയെയും ചുറ്റിപ്പറ്റിയാണ്.
ജഡ്ജിമാരുടെ പാനലിലേക്കുള്ള ഇന്ത്യയുടെ ക്ഷണം തന്റെ രാജ്യത്ത് നിന്നുള്ള ഒരു ചലച്ചിത്ര നിര്‍മാതാവ് ഏറ്റവും മോശമായ രീതിയില്‍ ദുരുപയോഗം ചെയ്തുവെന്ന് ഗിലോണ്‍ അഭിപ്രായപ്പെട്ടു. പാനല്‍ അധ്യക്ഷനായുള്ള ഇന്ത്യന്‍ ക്ഷണവും അവര്‍ നല്‍കിയ വിശ്വാസവും ആദരവും ഊഷ്മളമായ ആതിഥ്യവും ലാപിഡ് ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യക്കാരോട് ക്ഷമചോദിക്കുന്നതായും ഗിലോണ്‍ വ്യക്തമാക്കി. ഇന്ത്യ-ഇസ്രാഈല്‍ ബന്ധം വളരെ ശക്തമാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വരുത്തിയ 'നാശങ്ങളെ' അതിജീവിക്കുമെന്നും ഗിലോണ്‍ ലാപിഡിനെ അഭിസംബോധന ചെയ്ത ട്വീറ്റില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."