ഗൗതം നവ്‌ലാഖ ; അർഹിക്കുന്നതല്ല ഇതൊന്നും
ഡൽഹി നോട്സ്
കെ.എ സലിം
മുംബൈയിലെ തലോജാ ജയിലിലെ അണ്ഡാസെല്ലിൽ കിടന്ന് തീരേണ്ടതല്ല ഗൗതം നവ്‌ലാഖയുടെ ജീവിതമെന്ന് ഒടുവിൽ സുപ്രിംകോടതിക്കും തോന്നിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ എതിർപ്പും കൗശലതന്ത്രങ്ങളും മറികടന്ന് സുപ്രിംകോടതി അദ്ദേഹത്തിന് വീട്ടുതടങ്കൽ സാധ്യമാക്കി. കശ്മിരിലെ അനീതിയെക്കുറിച്ച് നൂറുകണക്കിന് ലേഖനങ്ങളെഴുതിയയാൾ. അതും ഇക്കണോമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ. അതേ മാഗസിൻ്റെ കൺസൾട്ടിങ് എഡിറ്റർ. പൗരസമൂഹത്തിനിടയിൽ ബൗദ്ധികപാടവംകൊണ്ട് ഇടം നേടിയെടുത്തൊരാൾ ഒരു ദിവസം വിചിത്ര ആരോപണങ്ങളുടെ പേരിൽ ജയിലിലാവുന്നു. നീതിയെക്കുറിച്ച് സമൂഹത്തെ നിരന്തരം ഓർമിപ്പിച്ചിരുന്ന മനുഷ്യന് ജയിലിൽ ചികിത്സയും മരുന്നും നിഷേധിക്കപ്പെടുന്നു. എന്താണ് ഇത്രവലിയ കുറ്റമെന്ന ചോദ്യം കനപ്പെട്ടതാണ്.
കഥകളാണ് എല്ലാം. നവ്‌ലാഖയ്ക്ക് അൽഖാഇദയുമായി ബന്ധമുണ്ടെന്ന കഥയുണ്ടാക്കുന്നു. ഐ.എസുമായും മാവോവാദികളുമായും ബന്ധമുണ്ടെന്ന മറ്റൊരു കഥയുണ്ടാക്കുന്നു. രാജ്യത്തെ നശിപ്പിക്കാൻ നടക്കുന്നവരാണെന്ന് പറയുന്നു. സി.പി.ഐ ഓഫിസിൽ വീട്ടുതടങ്കലിൽ താമസിച്ചാൽ മാവോവാദികളുമായി ബന്ധമുണ്ടാക്കുമെന്ന് പറയുന്നു. കോടതി അതൊന്നും വിശ്വസിച്ചില്ലെന്നത് ആശ്വാസകരമാണ്. ആരാണ് ഗൗതം നവ്‌ലാഖയെന്നത് വലിയ ചോദ്യമാണ്. സമ്പത്തിലും ജീവിത നിലവാരത്തിലും കുറവുണ്ടായത് കൊണ്ടല്ല അദ്ദേഹം കശ്മിരികൾക്കും ആദിവാസികൾക്കുമായി പൊതുപ്രവർത്തന രംഗത്തിറങ്ങിയത്. ഡൽഹിയിലെ സമ്പന്ന ഭൂവുടമകളാണ് നവ്‌ലാഖ കുടുംബം. ഗ്രേറ്റർ കൈലാഷിലെ സമ്പന്നരുടെ കോളനികളിലൊന്നിലാണ് നവ്‌ലാഖയും താമസിക്കുന്നത്.
സമ്പന്നതയ്ക്കിടയിലും ജീവിതം ലളിതമാണ്. വീട്ടിനുള്ളിൽ സാധാരണ ചൂരൽകൊണ്ടുള്ള ഫർണിച്ചറുകൾ. അലമാരയിൽ നിറയെ പുസ്തകങ്ങൾ. സംസാരിക്കുമ്പോൾ കോളജ് പ്രൊഫസറെയാണ് നിങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതെന്ന് തോന്നും. നവ്‌ലാഖയുടെ യു.കെ പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഡേയ്‌സ് ആൻഡ് നൈറ്റ് ഇൻ ഹാർട്ട്‌ലാന്റ് ഓഫ് റെബല്യൻ എന്ന പുസ്തകമുണ്ട്. 2010ൽ ഛത്തിസ്ഗഡിലെ ആദിവാസി മേഖലയിൽ സഞ്ചരിച്ചെഴുതിയ പുസ്തകമാണിത്. മാവോയിസ്റ്റ് ഭീഷണിയെ പെരുപ്പിച്ചുകാട്ടി എങ്ങനെയാണ് സൈന്യത്തെ ഉപയോഗിച്ച് ആദിവാസികളുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും അവരെ ക്രൂരമായ പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ബലാത്സംഗങ്ങൾക്കും വിധേയരാക്കുകയും ചെയ്യുന്നതെന്ന് തുറന്നുകാട്ടുന്നതാണ് പുസ്തകം. കോർപറേറ്റുകൾക്ക് വനവിഭവങ്ങൾ കൊള്ളയടിക്കാൻ ആദിവാസികളെ ഒഴിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ സ്വന്തം ജനതയ്‌ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചതെന്നാണ് നവ്‌ലാഖ പറയുന്നത്. ഇതിനായി 2004 മുതൽ ഛത്തിസ്ഗഡ് സർക്കാർ വിവിധ കമ്പനികളുമായി 165000 കോടി നിക്ഷേപത്തിന്റെ 102 കരാറുകൾ ഒപ്പിട്ടു. ഭൂരിഭാഗവും കൽക്കരിയും ഇരുമ്പയിരും ബോക്‌സൈറ്റുമെല്ലാമായ ഖനന വ്യവസായവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും ഈ കമ്പനികൾക്കായാണ് മാവോവാദി ഭീഷണിയുടെ മറവിലുള്ള യുദ്ധമെന്നും നവ്‌ലാഖ എഴുതുന്നു. ഈ പുസ്തകം മാത്രമല്ല നവ്‌ലാഖയുടെ ബ്രില്യന്റ് പീസ് ഓഫ് വർക്ക് എന്ന് പറയാവുന്നത്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ നവ്‌ലാഖയെഴുതിയ ലേഖനങ്ങൾ ഓരോന്നും മികച്ചതാണ്. ഭീമാ കൊറെഗാവ് കേസിൽ പ്രതിയായി എൻ.ഐ.എ അറസ്റ്റിലേക്ക് പോകുന്നതിന് ഒരു ദിവസം മുമ്പ് 2020 ഏപ്രിൽ 13നാണ് നവ്‌ലാഖ അവസാന കോളമായി യാത്രാമൊഴി പോലെ കുറിപ്പെഴുതുന്നത്. എൽഗാർ പരിഷത്ത് കേസാണ് നവ്‌ലാഖയ്‌ക്കെതിരായ എൻ.ഐ.എയുടെ പ്രധാന ആയുധം. എന്നാൽ എൽഗാർ പരിഷത്ത് യോഗത്തിൽ പങ്കെടുത്തയാളല്ല അദ്ദേഹം. ജസ്റ്റിസ് സാവന്തിനെപ്പോലെ ചടങ്ങിന്റെ രക്ഷാധികാരികളിൽ ഒരാൾ മാത്രം.
യോഗത്തിനിടെ സംഘ്പരിവാർ അക്രമമുണ്ടാക്കുന്നു. സംഘാടകർക്കെതിരേ മാത്രം കേസെടുക്കുന്നു. സർക്കാരിന് കൃത്യമായ ലക്ഷ്യമുണ്ട്. ലോകമെമ്പാടും ശ്രദ്ധിക്കുന്നതാണ് നവ്‌ലാഖയുടെ ലേഖനങ്ങൾ. അത് സർക്കാറിനുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. അപ്പോൾ അദ്ദേഹം ഇനിയുള്ള കാലം ജയിലിലാകട്ടെയെന്ന് സർക്കാർ തീരുമാനിച്ചു. സുപ്രിംകോടതിയുടെ ഇടപെടലുണ്ടാകുന്നത് വരെ അതിൽ മാറ്റമൊന്നുമില്ലായിരുന്നു. വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള ഉത്തരവുണ്ടായതോടെ ഉത്തരവിന്റെ പഴുതുകളിലേക്കായിരുന്നു സർക്കാരിന്റെ നോട്ടം. താമസിക്കുന്ന വീട്ടിൽ മാവോവാദികളുമായി ബന്ധപ്പെടുമെന്നായിരുന്നു വാദത്തിലൊന്ന്. കോടതിയുടെ ഉത്തരവ് ലംഘിക്കാനുള്ള പഴുതുകൾ കണ്ടെത്താനാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നതെങ്കിൽ അക്കാര്യം വളരെ ഗൗരവമായി കാണുമെന്ന് ജസ്റ്റിസ് കെ.എം ജോസഫിന് എൻ.ഐ.എയെ ഓർമിപ്പിക്കേണ്ടിവന്നു.
പൊലിസിനെ ഉപയോഗിച്ച് എഴുപത് വയസ്സുള്ള രോഗിയായ മനുഷ്യനെ വീട്ടുതടങ്കലിൽ നിരീക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ ബലഹീനതയെക്കുറിച്ച് സ്വയം ആലോചിക്കണമെന്ന് കോടതി പറഞ്ഞു. മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കലിനായി കുടുംബം കണ്ടെത്തിയ സ്ഥലം കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഓഫിസാണെന്ന് കേട്ടപ്പോൾ നിങ്ങൾ ഞെട്ടിയില്ലേയെന്ന് കോടതിയോട് എൻ.ഐ.എക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു. ഞങ്ങൾക്ക് ഞെട്ടലില്ലെന്നായിരുന്നു ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് കെ.എം ജോസഫിന്റെ മറുപടി. കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്തെ അംഗീകൃത രാഷ്ട്രീയപാർട്ടിയാണെന്നും അവിടെ താമസിക്കുന്നതിലെന്താണ് പ്രശ്‌നമെന്നും ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു. നവ്‌ലാഖയുടെ വീട്ടുതടങ്കൽ സാധ്യമാകുന്നത് അങ്ങനെയാണ്.
വീട്ടുതടങ്കലിലേക്ക് മാറുന്നതുകൊണ്ട് മാത്രം തീരുന്നതല്ല അദ്ദേഹത്തിനെതിരായ അനീതി. സമൂഹത്തിന്റെ നീതിയ്ക്കായി പൊരുതിയ മനുഷ്യൻ വീട്ടുതടങ്കലിൽക്കിടന്നല്ല അവസാന നാളുകൾ ചെലവിടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."