തെരുവുനായ നിര്‍മാര്‍ജനം; അടിയന്തിര യോഗം ചേരും
ആലപ്പുഴ: അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടുന്നതും നിയന്ത്രിക്കുന്നതും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ക്കാന്‍ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ വീണ എന്‍ മാധവന്റെ അധ്യക്ഷ്യതയിലായിരുന്നു യോഗം. ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ആണ് തെരുവുനായ സംബന്ധിച്ച വിഷയം സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
നിലവില്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ കിട്ടിയിട്ടില്ല എന്നും വാക്‌സിനേഷന്‍ കൊടുക്കാന്‍ മാത്രമേ സാധിച്ചിട്ടുള്ളുവെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ഷകരുടെ വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ആലപ്പുഴയെ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് ആവശ്യപ്പെട്ടു.
എ-സി കനാല്‍ നവീകരണത്തിന് നടപടിയെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍ ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. ചേര്‍ത്തല കനാല്‍, കുട്ടനാട് തുടങ്ങിയ മേഖലകളില്‍ പോളശല്യം രൂക്ഷമാകുന്നത് നിലംനികത്തല്‍ മൂലമുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നതുകൊണ്ടാണെന്നും കടലിലേക്ക് കനാല്‍ തുറന്നുകൊടുത്താല്‍ പോളശല്യവും കൊതുകുവളരുവാനുള്ള സാഹചര്യവും ഒഴിവാക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച് വിപുലമായ പദ്ധതി പുതിയ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അതില്‍ ഇതും ഉള്‍പ്പെട്ടിട്ടുണ്ടെന്നും മേജര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ അറിയിച്ചു.
കുട്ടനാട് സി-ബ്ലോക്കില്‍ മോട്ടര്‍ തറ ഇടിഞ്ഞതുമൂലമുള്ള മടവീഴ്ച മോട്ടര്‍തറയുടെ പെട്ടി തള്ളിപ്പോയതുകൊണ്ടാണെന്നും എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നും കുട്ടനാട് പാക്കേജ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
സ്‌കൂള്‍ ഓഫീസ് സമയങ്ങളില്‍ കുട്ടികള്‍ ബൈക്കില്‍ അമിതവേഗത്തിലും ലൈസന്‍സില്ലാതെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും യാത്രചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരുന്നതായും കൂടുതല്‍ ശ്രദ്ധചെലുത്തുവാനായി ആലപ്പുഴ നോര്‍ത്ത് -സൗത്ത് സി.ഐ.മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പൊലിസ് അറിയിച്ചു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ്. ലതി, ജില്ലാ- മേഖലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."