യഥാർഥ പപ്പു ആര്?
ബഹുമാനപ്പെട്ട സ്പീക്കർ സാർ,
പ്രശസ്ത എഴുത്തുകാരൻ ജൊനാഥൻ സ്വിഫ്റ്റിന്റെ ചില വാചകങ്ങൾ സഭാംഗങ്ങൾക്കു മുമ്പിൽ ഉണർത്തുന്നു. 'വന്യനായ എഴുത്തുകാരനു വായനക്കാരുള്ളതുപോലെ, പെരും നുണയനെ വിശ്വസിക്കാനും ആളുകളുണ്ടാവും. ആരെങ്കിലും ഒരു മണിക്കൂറെങ്കിലും അസത്യം വിശ്വസിച്ചാൽ അതിന്റെ കർമം പൂർത്തിയായി. കാരണം, അസത്യം പറന്നെത്തുമ്പോൾ, സത്യം മുടന്തിയേ എത്തൂ'. ഈ ഭരണകൂടം നമ്മെ എല്ലാ ഫെബ്രുവരികളിലും വിശ്വസിപ്പിക്കുന്നതും ഇത്തരം നുണകളാണ്. ഇവിടുത്തെ സാമ്പത്തികവ്യവസ്ഥ അതിവേഗം കുതിക്കുകയാണെന്നും ആഗോളതലത്തിൽ തന്നെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ നമ്മുടേതാണെന്നുമാണ് ഇവർ പറയുന്നത്. എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും ഇന്ധനം, എല്ലാവർക്കും വൈദ്യുതി, എല്ലാവർക്കും പൂർണ സൗകര്യമുള്ള പാർപ്പിടങ്ങൾ ഇങ്ങനെ പോകുന്നു ഈ സർക്കാർ നമ്മെ വിശ്വസിപ്പിക്കുന്ന നുണകൾ. എട്ടുപത്തു മാസം ഈ നുണകളെല്ലാം വിശ്വസിച്ചിരിക്കുമ്പോഴാണ് ഈ ഡിസംബറിൽ സത്യം മുടന്തിക്കൊണ്ടാണെങ്കിലും എത്തുന്നത്. ബജറ്റ് കണക്കാക്കിയതിലും കൂടുതൽ, അഥവാ 3.26 ലക്ഷം കോടി അധിക ഫണ്ട് വേണമെന്നാണ് ഭരണകൂടത്തിന്റെ ആവശ്യം.
ഇവിടെയുണ്ടായിരുന്ന ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാട്ടി അപകീർത്തിപ്പെടുത്തുന്നതിനു വേണ്ടി ഭരണകക്ഷിയും ഭരണകൂടവും കണ്ടെത്തിയ ഒരു പദമാണല്ലോ 'പപ്പു' എന്നത്. എന്നാൽ ഇനി കുറച്ചു സമയത്തേക്ക് ചില സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചുകൊണ്ട് ആരാണ് 'പപ്പു' എന്ന വിശേഷണത്തിന് യഥാർഥത്തിൽ അർഹരായവർ എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ദേശീയ സ്ഥിതിവിവരക്കണക്കു കാര്യാലയം (എൻ.എസ്.ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയുടെ വ്യാവസായിക ഉൽപാദനം ഈ ഒക്ടോബറോടെ കഴിഞ്ഞ ഇരുപത്തിയാറു മാസങ്ങളിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. അഥവാ, ഇവിടുത്തെ ഉൽപാദന മേഖല 5.6 ശതമാനം ചുരുങ്ങിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലുൽപാദന മേഖലയാണ് വ്യവസായമേഖല എന്ന് ഓർക്കണം. വ്യാവസായികോൽപാദന സൂചികയിലെ പതിനേഴു വ്യവസായമേഖലകളുടെ വളർച്ചാനിരക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഒരു വർഷത്തിനകം എഴുപത്തിരണ്ട് ബില്ല്യൻ ഡോളറായി കുറഞ്ഞു. ചോദ്യോത്തരവേളയിൽ ധനമന്ത്രി ഇന്ത്യയിലെ വികസ്വര വിപണികളിൽ നടക്കുന്ന അൻപതോളം വിദേശസ്ഥാപന നിക്ഷേപകരുടെ (എഫ്.ഐ.ഐ) ഒഴുക്കിനെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച്ച എന്റെ സഹപ്രവർത്തകനായ വിദേശകാര്യ സഹമന്ത്രിയോടുള്ള ചോദ്യത്തിനുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞത്, ഈ വർഷം പത്ത് മാസത്തെ കണക്കുകൾ പ്രകാരം ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ അഥവാ, 183741 ആളുകൾ തങ്ങളുടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്നാണ്. 2014 മുതലിങ്ങോട്ടുള്ള ഒമ്പതുവർഷങ്ങളിലായി പന്ത്രണ്ടര ലക്ഷം ആളുകളാണ് ഈ രാജ്യം ഉപേക്ഷിച്ചുപോയത്. ഈ കണക്കുകളിൽ മറ്റേതു വർഷത്തേക്കാളും ഉയർന്ന നിരക്കാണ് ഈ വർഷം ഇക്കാലയളവിനകം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയുടെ സൂചനയാണോ? ആരോഗ്യകരമായ നികുതിവ്യവസ്ഥയുടെ സൂചനയാണോ? അങ്ങനെയെങ്കിൽ ആരാണിവിടെ യഥാർഥത്തിൽ 'പപ്പു'?
ഭീതിദ അന്തരീക്ഷമാണ് ഈ രാജ്യത്തുള്ളത്. ഉയർന്ന ആസ്തിമൂല്യമുള്ള വ്യാപാരികളുടെയും വ്യവസായികളുടെയും കഴുത്തിനു മുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ വാൾ ആടിക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിനു രൂപക്കാണ് പ്രതിപക്ഷത്തിന്റെ പ്രതിനിധികളെ ഈ ഭരണകക്ഷി വാങ്ങുന്നത്. എന്നിട്ടും പ്രതിപക്ഷത്തിലെ 95 ശതമാനം പ്രതിനിധികളും ഇ.ഡിയുടെ അന്വേഷണത്തിനു നിഴലിലാണ്. രാഷ്ട്രീയക്കാരുടെ കാര്യം മറന്നുകളയാം. അവരെ പ്രതിരോധിക്കാൻ അവർക്കറിയാം. എന്നാൽ ഈ വ്യാപാരികളും സമ്പന്നരും ഈ സർക്കാരിന് ആവശ്യം പോലെ വേട്ടയാടാനുള്ളവരായി മാറിയിരിക്കുന്നു. വർഷകാല സമ്മേളനത്തിൽ ജെ.ഡി.യു നേതാവ് രാജീവ് രഞ്ജൻ സിങ്ങിന്റെ ചോദ്യത്തിന് ധനകാര്യ മന്ത്രാലയം നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാണ്. കഴിഞ്ഞ പതിനേഴു വർഷങ്ങളിലായി ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനു കീഴിൽ 5422 അന്വേഷണങ്ങളാണ് ആരംഭിച്ചത്. ഇതിൽ വെറും ഇരുപത്തി മൂന്നു പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. അഥവാ കുറ്റവാളി നിരക്ക് 0.5 ശതമാനം മാത്രം. 2011 മുതൽ ഇ.ഡി 1600 അന്വേഷണങ്ങൾ ആരംഭിച്ചതിന്റെ ഭാഗമായി 1800 റെയ്ഡുകൾ നടത്തി. ഇതിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത് പത്തുപേരെ മാത്രമാണ്. അധിക ഗ്രാന്റ് ആവശ്യപ്പെടുന്ന സർക്കാർ 2900 കോടി രൂപ ചോദിക്കുന്നത് ഇ.ഡിക്ക് വേണ്ടി സ്ഥലങ്ങൾ വാങ്ങാനും ഓഫിസുകളുണ്ടാക്കാനും വേണ്ടിയാണ്. ഈ സർക്കാരിനു നികുതി നൽകുന്ന ഞാനും നമ്മെപ്പോലുള്ള ജനങ്ങളുമാണ് ഇ.ഡിയുടെ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും വിദേശയാത്രകൾക്കുമുള്ള ചെലവ് വഹിക്കുന്നത്. 'തിന്നുകയുമില്ല തീറ്റിക്കുകയുമില്ല' എന്ന നിലപാടുള്ള ഈ സർക്കാരിനോട് ഇ.ഡിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിക്കാനുള്ള അവകാശം ഇവിടുത്തെ പാർലമെന്റിനും ജനപ്രതിനിധികൾക്കുമില്ലേ? ആരാണ് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനെ നയിക്കുന്നത്? എന്തുകൊണ്ടാണ് കുറ്റവാളികളുടെ നിരക്ക് ഇത്രകണ്ട് കുറവാകുന്നത്? ഇ.ഡിയുടെ ലക്ഷ്യം ആളുകളെ അപമാനിക്കുക എന്നതാണോ അതോ യഥാർഥത്തിൽ സാമ്പത്തിക കൃത്രിമം നടത്തുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുക എന്നതാണോ? കഴിവില്ലായ്മയിൽ ഇവരപ്പോൾ ഏത് തലത്തിലാണ്? ആരാണപ്പോൾ യഥാർഥ 'പപ്പു'?
ഭരണകക്ഷിയിലെ നേതാക്കന്മാർ ഇപ്പോഴും നോട്ടുനിരോധനത്തിന്റെ മേന്മകളെക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാത്ത നുണപ്രചാരണങ്ങൾ നടത്തിക്കൊണ്ടേയിരിക്കുകയാണ്. ആ 'മഹദ് പ്രഖ്യാപനം' കഴിഞ്ഞ് ആറു വർഷമായിട്ടും നമ്മളിതുവരെ പണരഹിത ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കു മാറിയിട്ടില്ല. നിങ്ങൾക്കിതു വരെ കള്ളപ്പണം ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. 2016 നവംബറിലെ നോട്ടുവിനിമയം 18 ലക്ഷം കോടിയിൽ നിന്ന് നവംബർ 2022ൽ 32 ലക്ഷം കോടിയായി വർധിച്ചു. സി.എം.എസ് എന്ന ധനകാര്യസ്ഥാപനത്തിന്റെ സൂചികപ്രകാരം ഇപ്രാവശ്യത്തെ ദീപാവലി കാലയളവിലാണ് എ.ടി.എം ഇടപാടുകൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഇതിനർഥം പണത്തിന്റെ നോട്ടുകൾ തന്നെയാണ് ഇവിടെ ഭരിക്കുന്നത് എന്നാണ്. നോട്ടുനിരോധനത്തിന്റെ മൂന്നു പ്രഖ്യാപിത ലക്ഷ്യങ്ങളും കൈവരിച്ചില്ലെന്നു വ്യക്തമാവുമ്പോൾ ആരാണ് ഇവിടെ 'പപ്പു'?
സപ്ലിമെന്ററി ഗ്രാന്റിനു വേണ്ടിയുള്ള ആവശ്യം ഏകദേശം 4.36 ലക്ഷം കോടി രൂപയുടെ അധികച്ചെലവ് വരുത്തിവെക്കുമെന്നാണ് മനസ്സിലാക്കുന്നത്. ഇത് ബജറ്റിൽ നിർദേശിച്ചതിനേക്കാൾ ധനക്കമ്മി ഉണ്ടാക്കുമെന്നും വ്യക്തമാവുന്നു. അങ്ങനെയെങ്കിൽ നികുതി വരുമാനമല്ലാതെ, അധിക വരുമാന സ്വരൂപണത്തിനായി ഗവൺമെന്റ് എന്തു നടപടികളാണ് സ്വീകരിക്കുന്നത്? അത്തരം നടപടിയിലേക്ക് എത്തിയാൽ ബജറ്റിൽ പ്രതീക്ഷിച്ച ധനക്കമ്മിയിൽ തന്നെ നമുക്ക് തുടരാൻ സാധിക്കും. ധനമന്ത്രി ഇന്നലെ പ്രതിപക്ഷത്തെ വിദേശത്തെ ശത്രുക്കളുമായി താരതമ്യപ്പെടുത്തി. പ്രതിപക്ഷത്തിന് ഇന്ത്യയുടെ വളർച്ചയിൽ വേദനയാണെന്നും പറഞ്ഞു. എന്നാൽ ഇന്നെനിക്കു പറയാനുള്ളത്, ഞങ്ങൾ ഞങ്ങളുടെ യുവത്വവും ജീവിതവും ജോലിയുമെല്ലാം വേണ്ടെന്നു വെച്ചാണ് ഇവിടെ ഈ ജനതക്കു വേണ്ടിയും രാജ്യത്തിനു വേണ്ടിയും ജീവിതം സമർപ്പിച്ചിട്ടുള്ളത്. ധനമന്ത്രി ഇക്കാര്യം ഇവിടുത്തെ സർക്കാരിനേയും പാർട്ടിയേയും ബോധ്യപ്പെടുത്തണം. ഇന്ത്യയുടെ എല്ലാ അറ്റങ്ങളിൽ നിന്നും ഞങ്ങളുടെ പ്രതിനിധികളുണ്ട്. കരീംപൂർ മുതൽ കച്ച് വരെയും കർഗോഡം മുതൽ കാസർക്കോട് വരെയുമുള്ള പ്രതിനിധികൾ ഇവിടെയുണ്ട്. ഈ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ ആർക്കും ഇല്ലാതാക്കാൻ സാധിക്കില്ല. നിങ്ങളുടെ കാര്യക്ഷമതയില്ലായ്മയേയും അപ്രായോഗികതയേയും ചോദ്യം ചെയ്യാൻ ഞങ്ങൾക്ക് അവകാശമുണ്ട്. ഈ രാജ്യത്തിന്റെ ഉന്നത നേതാക്കൾ ക്ഷമാപൂർവം ഇരുന്ന് ഞങ്ങളുടെ വാക്കുകൾ ശ്രവിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ഈ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അല്ലാതെ, 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്'എന്ന നയം നല്ലതല്ല.
ഇവിടെ എഴുന്നേറ്റു നിന്ന് സത്യം ഉറക്കെ സംസാരിക്കാൻ ധൈര്യവും ആർജവവും അത്യാവശ്യമാണ്. അതാണ് ഞങ്ങൾ ചെയ്യുന്നത്. എന്നാൽ ഭരണകക്ഷി എന്താണ് ചെയ്യുന്നത്? പ്രശ്‌നങ്ങളുണ്ടാക്കാൻ മാത്രമാണിവർ ശ്രമിക്കുന്നത്. ഭരണകക്ഷിക്ക് ബംഗാളിനെ വടക്കും തെക്കുമായി വിഭജിച്ചോ പൗരത്വ ഭേദഗതി നടപ്പാക്കിയോ ജീവപര്യന്തം തടവിനു വിധിച്ച ബലാത്സംഗ കുറ്റവാളികളെ മോചിപ്പിച്ചോ പ്രശ്‌നങ്ങളുണ്ടാക്കണം. തെരഞ്ഞെടുപ്പിനു മുമ്പ് ഇത്തരം പ്രവൃത്തികളിലൂടെ അവർ നിയമവ്യവസ്ഥയെ പോലും ചോദ്യം ചെയ്യുകയാണ്. ഇന്ത്യയെ ഭയപ്പെടുത്തി വരുതിയിലാക്കാമെന്നും അങ്ങനെ ഓരോ തവണയും ജയിച്ച് അധികാരത്തിൽ വരാം എന്നുമുള്ളതാണ് നിങ്ങളുടെ പ്രതീക്ഷ. അതും നടക്കില്ല. കാരണം, നിങ്ങൾ എല്ലാ ശക്തിസ്രോതസ്സുകളും പടക്കോപ്പുകളുമായി മൂന്നു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചു. എന്തു സംഭവിച്ചു? ഒരിടത്തുമാത്രം നിങ്ങൾ ജയിച്ചു. ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ അധ്യക്ഷന്റെ സ്വന്തം സംസ്ഥാനത്തിൽ പോലും നിങ്ങൾക്ക് വിജയം ലഭിച്ചില്ല. ഇനി പറയൂ… ആരാണ് യഥാർഥത്തിൽ 'പപ്പു'?
യോഗിയെന്ന് അവകാശപ്പെടുന്ന ഒരാൾ ഒരു സംസ്ഥാനത്തിലെ ഉപമുഖ്യമന്ത്രിയുടെ ഭാര്യയിരിക്കുന്ന സദസ്സിലാണ് പറഞ്ഞത്, തനിക്ക് സ്ത്രീകളെ സാരിയിലും ചുരിദാറിലും ഇനി ഒന്നുമില്ലെങ്കിൽ പോലും ഇഷ്ടമാണെന്ന്. നിങ്ങൾക്ക് ഹൃദയത്തിൽ കൈവെച്ചുകൊണ്ട് പറയാൻ സാധിക്കുമോ, പ്രതിപക്ഷത്തിരിക്കുന്ന ആരെങ്കിലും അവ്യക്തമായെങ്കിലും ഇത്തരം ചുവയുള്ള വാക്കുകൾ ഉരുവിട്ടാൽ നിങ്ങൾ അവരുടെ രക്തത്തിനായി ദാഹിക്കില്ലെന്ന്? എന്നാൽ ഇതിനെതിരേ ഒരു പ്രതിഷേധവും വിരലനക്കം പോലും ഭരണകക്ഷിയിൽ നിന്നുമുണ്ടായില്ല. ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട പ്രതി പരോളിലിറങ്ങി പരസ്യമായി പ്രഭാഷണങ്ങൾ നടത്തുകയുണ്ടായി. അത് കേൾക്കുന്നതാവട്ടെ ഭരണകക്ഷിയിലെ നേതാക്കന്മാരും. തെറ്റും ശരിയും വേർതിരിച്ചറിയാൻ സാധിക്കാത്ത, ധാർമ്മികവ്യക്തത ഇല്ലാത്ത നിങ്ങളിവിടെ ഉണ്ടാവുമ്പോൾ മറ്റാരാണ് 'പപ്പു'?
ആളുകൾ എന്നോട് പറയുന്നത് മിണ്ടാതിരിക്കാനും മൃദു ഹിന്ദുത്വത്തിന്റെ പേരിൽ സമാധാനപ്പെടാനുമാണ്. ഞാൻ ഹിന്ദു തന്നെയാണ്. എന്നാൽ മൃദുവായി ഞാനൊന്നിനും വഴങ്ങില്ല. സുദൃഢമായ ധാർമ്മികതയും സുദൃഢമായ നിയമവും സമ്പദ്‌വ്യവസ്ഥയും പരിപാലിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമാണ് ഈ രാജ്യത്തിനു വേണ്ടത്. മൃദുവായ ഒന്നും ഇവിടെ ആവശ്യമില്ല. ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണം ശരിയായി നടത്താൻ ധനമന്ത്രിയോടും ഈ സർക്കാരിനോടും ഞാൻ ആവശ്യപ്പെടുകയാണ്. കൂടാതെ, ഇന്ത്യൻ ജനതയോട് ആവശ്യപ്പെടാനുള്ളത്, നിങ്ങൾ ആരെയാണോ അധികാരം ഏൽപ്പിച്ചത് അവരെ നിയന്ത്രിക്കാനാണ്. 'ഗ്രാമത്തിൽ ആര് തീയിട്ടു എന്നാരും ചോദിക്കില്ല, പകരം ചോദ്യം ഭ്രാന്തന്റെ കൈയിൽ ആര് തീപ്പെട്ടി കൊടുത്തു' എന്നതാണ്. ഈ ചോദ്യത്തിനാണ് ഇന്ത്യ ഇനി ഉത്തരം പറയേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."