ചുവപ്പ് മായുന്ന കാലം വരുന്നുവോ?
കേരളീയം, നവകേരള സദസ്, ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വഴി മുസ് ലിം സമൂഹത്തിലുണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍; കേരളത്തിലെ ഇടതുമുന്നണി മൊത്തത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ്. ഈ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ കര്‍ഷക ആത്മഹത്യകള്‍ക്കോ ക്ഷേമ പെന്‍ഷന്‍ പോലും മുടങ്ങിപ്പോവുന്ന തരത്തിലുള്ള സാമ്പത്തികത്തകര്‍ച്ചകള്‍ക്കോ കലാലയ തെരഞ്ഞെടുപ്പില്‍ ദൃശ്യമായ ചെറുപ്പക്കാര്‍ എസ്.എഫ്.ഐയെ കൈവിടുന്നതിന്റെ സൂചനകളോ കരുവന്നൂര്‍, കണ്ടല ബാങ്കുകളിലെ തിരിമറികളുണ്ടാക്കിയ പേരുദോഷമോ ഒന്നും തന്നെ പര്യാപ്തമല്ല. കാരണം ഇതൊന്നുമല്ല 'പ്രബുദ്ധ കേരളത്തില്‍' വോട്ടായി മാറുന്നതെന്ന് സി.പി.എമ്മിനറിയാം. അതുകൊണ്ടാണ് മുസ് ലിം സമൂഹത്തിന്റെ മനസിലുള്ള ഉണങ്ങാത്ത മുറിവുകളിലേക്ക് ഫലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന ഇന്ധനമൊഴിക്കുന്നത്. മുസ് ലിം ലീഗും സമസ്തയും റാലിക്കാര്യത്തില്‍ വ്യത്യസ്ത നിലപാടെടുത്താല്‍ പാതിയുദ്ധം ജയിച്ചു എന്നാണ് സി.പി.എം അണികള്‍ക്ക് നല്‍കുന്ന ക്യാപ്‌സൂള്‍. കേരളീയവും നവകേരള സദസും വന്‍ ജനപങ്കാളിത്തത്തോടെ നടത്തേണ്ട ആഘോഷങ്ങളാണ്. വേല നാളെ ജഗത്തിനിനുത്സവ /വേളയെന്ന് വിളംബരം ചെയ്യുക എന്ന് പാടുന്നവരാണ് മലയാളികള്‍ പൊതുവെ. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയായതിനാല്‍ എല്ലാം ഉദ്യോഗസ്ഥര്‍ നോക്കിക്കൊള്ളും. ജനങ്ങളുടെ ഈ മനോനില പാര്‍ട്ടിക്കാര്‍ക്കറിയാം. രണ്ടു പരിപാടികളും വിജയിച്ചു കഴിഞ്ഞാല്‍ അതിന്റെ ഓളത്തില്‍ പിടിച്ചുനില്‍ക്കാനാവുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. ചുരുക്കത്തില്‍ 2024 ല്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു വേണ്ടിയും പിന്നീടെപ്പോഴോ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടിയും സി.പി.എമ്മും ഇടതുമുന്നണിയും വലിയ കലത്തില്‍ വെള്ളം വച്ചു കഴിഞ്ഞു.
സി.പി.എമ്മിന്റെ ഈ മിടുക്ക് എന്തുകൊണ്ടാണ് 'പശ്ചിമ ഘട്ടങ്ങളെക്കേറിയും മറിഞ്ഞും അന്യമാം ദേശങ്ങളിലെ ' ത്താതത് ? പശ്ചിമ ബംഗാളും ത്രിപുരയുമായിരുന്നു കേരളത്തിനു പുറമെ ചുവപ്പ് നിറം പച്ചപിടിച്ചു നിന്ന രണ്ടു സംസ്ഥാനങ്ങള്‍. രണ്ടിടത്തും സി.പി.എം തകര്‍ന്നടിഞ്ഞു. എന്നാല്‍, അതിന്റെ കാരണങ്ങളിലേക്ക് യാഥാര്‍ഥ്യബോധത്തോടെ ഇറങ്ങിച്ചെല്ലാന്‍ പാര്‍ട്ടി ശ്രമിച്ചിട്ടേയില്ല. ബംഗാളില്‍ മതന്യൂനപക്ഷങ്ങള്‍, ദലിതര്‍, സ്ത്രീകള്‍, കര്‍ഷകര്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങിയ അടിസ്ഥാന വര്‍ഗങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുകയും മധ്യവര്‍ഗവും അതിനു മുകളിലുള്ളവരുമായ ബാബുമാരുടേതായി പാര്‍ട്ടിയേയും ഭരണത്തേയും മാറ്റുകയുമാണ് സി.പി.എം ചെയ്തത്. അധികാരത്തോടുള്ള പ്രണയം പാര്‍ട്ടിയുടെ മുഖമുദ്രയായിത്തീരുകയും അധികാര കേന്ദ്രങ്ങളോട് അടുപ്പമുള്ളവര്‍ക്ക് മാത്രമേ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാവുകയുള്ളു എന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇത് പാര്‍ട്ടി പ്രവര്‍ത്തകരിലുണ്ടാക്കിയ അസംതൃപ്തിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കാനാണ് നേതൃത്വം ശ്രമിച്ചത്. നവ ഉദാരവല്‍ക്കരണത്തിന്റെ വക്താക്കളായി പ്രയോഗത്തില്‍ പാര്‍ട്ടി മാറി. ജ്യോതിബാസുവിന്റെ കാലത്ത് തുടങ്ങി വയ്ക്കുകയും ബുദ്ധദേവ് ഭട്ടാചാര്യയുടെ കാലത്ത് കണ്ണും മൂക്കുമില്ലാതെ തുടര്‍ന്നു പോവുകയും ചെയ്ത കോര്‍പറേറ്റ് താല്‍പര്യ സംരക്ഷണമാണ് ബംഗാളില്‍ പാര്‍ട്ടിയെ തകര്‍ത്തത്. അതേസമയം പാര്‍ലമെന്റിലും പുറത്തും പാര്‍ട്ടി ഉദാരവല്‍ക്കരണസ്വകാര്യവല്‍ക്കരണ നയങ്ങളെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഈ ഇരട്ടത്താപ്പ് അണികള്‍ക്കിടയില്‍ സൃഷ്ടിച്ച മാനസിക സംഘര്‍ഷങ്ങളെ അധികാരബലമുപയോഗിച്ച് അടക്കി നിര്‍ത്താനാണ് പാര്‍ട്ടി ശ്രമിച്ചത്. എന്നാല്‍, 2004ല്‍ ബുദ്ധദേവ് ഭട്ടാചാര്യ അമിതാവേശത്തോടെ നവ ഉദാരവല്‍ക്കരണം നടപ്പാക്കിയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു. നന്ദിഗ്രാമും സംഗൂറുമുണ്ടായത് അതേത്തുടര്‍ന്നാണ്. ചെറുത്ത് നില്‍പ്പ് അവിടെ അവസാനിച്ചില്ല. ബംകുര, ബിര്‍ഭും, മിഡ്‌നാപൂര്‍ തുടങ്ങിയ ഗോത്രവര്‍ഗ പ്രദേശങ്ങളിലേക്ക് അത് സഞ്ചരിച്ചു. ഈ അതൃപ്തിയെ പാര്‍ട്ടിയില്‍ അധികാരം സ്ഥാപിച്ച ന്യൂ ക്ലാസിന്റെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്താമെന്നാണ് നേതൃത്വം കരുതിയത്. തുടര്‍ ഭരണങ്ങള്‍ ഈ വിശ്വാസത്തെ ബലപ്പെടുത്തി. എന്നാല്‍, കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നത് പാര്‍ട്ടി അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞപ്പോഴും സ്വാര്‍ഥ താല്‍പര്യം മൂലം അത് കണ്ടില്ലെന്ന് നടിച്ചു. ഫലം ഒരിക്കലും നഷ്ടപ്പെടില്ലെന്ന് കരുതിയ അധികാരം എന്നെന്നേക്കുമായി കൈവിട്ടു പോകുന്നതാണ് കണ്ടത്. ഏറെക്കുറെ ബംഗാളിന്റെ തനിയാവര്‍ത്തനമായിരുന്നു ത്രിപുരയും.
അധികാരത്തിന്റെ ലഹരി ആവോളമാസ്വദിക്കുന്നതിനിടയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിയില്‍ ശ്രമങ്ങളുണ്ടായിട്ടുണ്ട് പലപ്പോഴും. പക്ഷേ തുടര്‍ച്ചയായി അധികാരം കൈവശം വച്ചു കൊണ്ടിരിക്കുകയും പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും മേല്‍ക്കോയ്മ സ്ഥാപിക്കുകയും ചെയ്ത ബംഗാളിലെ പാര്‍ട്ടിയായിരുന്നു സി.പി.എമ്മില്‍ അവസാന വാക്ക്. അവരാണെങ്കില്‍ അധഃസ്ഥിതരോടൊപ്പം ഓടുകയും കോര്‍പറേറ്റുകളോടൊപ്പം വേട്ടയാടുകയും ചെയ്തു കൊണ്ടിരുന്നു ഒരേ സമയം. വനിതാസംവരണ ബില്ലിന് അനുകൂലമായിരുന്നു പാര്‍ട്ടി. വനിതകളെ വന്‍തോതില്‍ പരിപാടികളില്‍ പങ്കെടുപ്പിച്ചും പോന്നു. പക്ഷേ നയ രൂപീകരണവേദികളായ സെന്‍ട്രല്‍ കമ്മിറ്റിയിലോ പി.ബിയിലോ പെണ്ണുങ്ങള്‍ ചുരുക്കം പേര്‍ മാത്രം. ഈ അസമത്വം ചൂണ്ടിക്കാട്ടി ഒരിക്കല്‍ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് വിട്ടു നിന്നതാണ് വൃന്ദ കാരാട്ട്. എന്നാല്‍, ബംഗാളി ബാബുമാരുടെ വരേണ്യ താല്‍പര്യങ്ങള്‍ അതേപടി തുടര്‍ന്നു. ദലിതുകളുടേയും ന്യൂനപക്ഷങ്ങളുടേയുമൊക്കെ കാര്യത്തില്‍ ഇപ്പോഴും തല്‍സ്ഥിതി തുടരുന്നു. ഒന്നേയുള്ളു വ്യത്യാസം പണ്ട് ബംഗാളി ഉപരിമധ്യവര്‍ഗ താല്‍പര്യങ്ങള്‍ക്കായിരുന്നു പ്രായോഗികതലത്തില്‍ പാര്‍ട്ടി മുന്‍തൂക്കം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് ആ റോള്‍ ഏറ്റെടുത്തിട്ടുള്ളത് കേരളത്തിലെ നവ സമ്പന്നതയാണ്.
ചരിത്രപരമായ വിഡ്ഢിത്തം
1996ല്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് അത്യപൂര്‍വമായ ഒരവസരം ലഭിക്കുകയുണ്ടായി. 11ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍. അന്ന് കോണ്‍ഗ്രസും ബി.ജെ.പിയുമല്ലാത്ത യുനൈറ്റഡ് ഫ്രണ്ടിന് മന്ത്രിസഭ രൂപീകരിക്കാന്‍ അവസരം ലഭിച്ചു. 13 ദിവസം ഭരണം നടത്തിയ ബി.ജെ.പിക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ 14 പാര്‍ട്ടികളടങ്ങിയ യുനൈറ്റഡ് ഫ്രണ്ടിനാണ് മന്ത്രിസഭ രൂപീകരിക്കാനവസരം ലഭിച്ചത്. ജ്യോതിബാസുവിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്യപ്പെട്ടു. പക്ഷേ ജ്യോതിബാസു പ്രധാനമന്ത്രിയാവേണ്ടെന്നും മന്ത്രിസഭയില്‍ ചേരേണ്ടെന്നുമായിരുന്നു സി.പി.എം തീരുമാനം. ഇത് ചരിത്രപരമായ വിഡ്ഢിത്തമായിരുന്നുവെന്ന് പിന്നീട് ജ്യോതിബാസു തന്നെ പറയുകയുണ്ടായി. ബസുവിനു പകരം പ്രധാനമന്ത്രിയായത് ദേവഗൗഡയാണ്. ഈ മണ്ടത്തരം പാര്‍ട്ടി കൈക്കൊണ്ടിട്ടില്ലായിരുന്നുവെങ്കില്‍ സി.പി.എമ്മിനു മാത്രമല്ല ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തന്നെ അത് പുതുജീവന്‍ നല്‍കിയേനെ.
ഇതേ വിഡ്ഢിത്തം പാര്‍ട്ടി വീണ്ടും ആവര്‍ത്തിച്ചു. 2008ല്‍ യു.പി.എ ഗവണ്മെന്റ് അമേരിക്കയുമായുള്ള ആണവ കരാറില്‍ ഒപ്പിട്ടപ്പോള്‍ സി.പി.എം ഗവണ്മെന്റിനുള്ള പിന്തുണ പിന്‍വലിച്ചു. താത്വികമായി അത് ശരിയായിരുന്നുവെങ്കിലും തീവ്ര ഹിന്ദുത്വം രാജ്യത്തുടനീളം സ്വാധീനം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ നീക്കം മതേതരത്വത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായിരുന്നു എന്ന് കരുതുന്നതായിരിക്കും ശരി. ഇടതുപക്ഷത്തെ ഇതെല്ലാം കൂടുതല്‍ അപ്രസക്തമാക്കുകയാണുണ്ടായത്. 2009 മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും കേരളത്തിലും ഇടതു കക്ഷികള്‍ അതി ദയനീയമായി തകര്‍ന്നു. തുടര്‍ന്നിങ്ങോട്ടുള്ള ഇടതുപക്ഷത്തിന്റെ തകര്‍ച്ചയില്‍ ഇത്തരം തീരുമാനങ്ങളും കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന കടുംപിടുത്തവും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. സി.പി.എമ്മിനാണ് ഇക്കാര്യത്തില്‍ വലിയ വാശി. ഈ വാശി പരോക്ഷമായി ബി.ജെ.പിക്ക് കോണ്‍ഗ്രസിന് തുല്യമായ പരിഗണന അനുവദിച്ചു കൊടുക്കുകയും അതുവഴി ആ പാര്‍ട്ടിക്ക് മാന്യത സമ്മാനിക്കുകയുമായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസാണ് ബി.ജെ.പിയുടെ മുഖ്യ ശത്രു. നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടു കൊണ്ടുപോയ മതേതര, ജനാധിപത്യ മൂല്യങ്ങളാണ് തീവ്ര ഹിന്ദുത്വത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള പ്രധാന തടസം. നെഹ്‌റുവിന്റെ പാരമ്പര്യത്തെ മോദിയും കൂട്ടരും അതിശക്തമായി എതിര്‍ക്കുന്നതില്‍ കുടുംബ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പല്ല ഉള്ളത്, നെഹ്‌റു പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളോടുള്ള വിരോധമാണ്. ഈ സമയത്ത് കോണ്‍ഗ്രസ് ബി.ജെ.പിയെപ്പോലെ തന്നെ വര്‍ജ്ജ്യമാണെന്ന നിലപാട് രാജ്യത്തെ മതേതര രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്തുകയേയുള്ളു. സി.പി.ഐ ഇത് കുറേയൊക്കെ മനസിലാക്കുന്നുണ്ട്. എന്നാല്‍, സങ്കുചിത ലക്ഷ്യങ്ങള്‍ കണ്ണടച്ചിരുട്ടാക്കാനാണ് സി.പി.എമ്മിനെ നിര്‍ബന്ധിതമാക്കുന്നത്.
അപ്രസക്തമാവുന്നുവോ ?
കൃത്യതയില്ലാത്ത നയങ്ങളാണ് ഇന്ത്യയില്‍ ഇടതുപക്ഷത്തെ അനുദിനം അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഏറെക്കാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു ഇന്ത്യയിലെ പ്രധാന പ്രതിപക്ഷം. ബിഹാറിലും തെലുങ്കാനാ മേഖലയിലും പ്രബല ശക്തിയായിരുന്നു പാര്‍ട്ടി. വ്യവസായ നഗരങ്ങളിലെ തൊഴില്‍ മേഖലകളില്‍ ഇടതുപക്ഷ യൂനിയനുകള്‍ അതി ശക്തമായിരുന്നു. ഇന്നോ? ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികള്‍ അസാധുവിനോടും നോട്ടയോടുമൊക്കെയാണ് മത്സരിക്കുന്നത്. ഈ മണ്ണൊലിപ്പിന്റെ കാരണങ്ങള്‍ തേടിപ്പോകുമ്പോഴാണ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ കൃത്യമായി തിരിച്ചറിയുന്ന ജനകീയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സ്വന്തം അസ്തിത്വമുണ്ടാക്കാന്‍ സി.പി.ഐക്കോ സി.പി.എമ്മിനോ സാധിച്ചില്ലെന്നു മനസിലാക്കുക. പ്രത്യയ ശാസ്ത്രപരമായ അവബോധവും ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു കൊണ്ട് ആര്‍ജിക്കുന്നവിശ്വാസ്യതയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കില്ല.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ രാജസ്ഥാനില്‍ മാത്രമാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ ഗൗരവത്തിലെടുത്തിട്ടുള്ളത്. 17 സീറ്റുകളില്‍ മത്സരിക്കുന്നു. നിലവിലുള്ള രണ്ട് സീറ്റുകളില്‍ ജയിക്കാമെന്ന ഉറപ്പ് പോലും പാര്‍ട്ടിക്കില്ല. തെലങ്കാന തീസിസിന്റെ നാട്ടില്‍ സി.പി.ഐ കോണ്‍ഗ്രസിനോടൊപ്പം രണ്ടു സീറ്റില്‍ മത്സരിക്കുമ്പോള്‍ സി.പി.എം ഒറ്റക്ക് നില്‍ക്കുന്നു. ഓട്ടത്തില്‍ തങ്ങളുമുണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനാണിത്. കോണ്‍ഗ്രസിനോട് ശക്തമായി വിലപേശാനാകാത്ത അവസ്ഥയില്‍ പാര്‍ട്ടി എത്തിപ്പോയതാകുമോ ഇപ്പോഴുള്ള കടുത്ത കോണ്‍ഗ്രസ് വിരോധത്തിന്റെ പൊരുള്‍.
പശ്ചിമ ബംഗാളില്‍ പാര്‍ട്ടി തകര്‍ന്നതുപോലെ കേരളത്തിലും ഇങ്ങനെയൊരു തകര്‍ച്ച ആ സന്നമാണോ? തുടര്‍ഭരണം ലഭിച്ചതോടെ തങ്ങളുടെ പ്രവൃത്തികള്‍ക്ക് ജനപിന്തുണയുണ്ട് എന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു. അതുണ്ടാക്കുന്ന അമിത ആത്മവിശ്വാസം പുനഃപരിശോധനക്ക് വിധേയമാവണം. പാര്‍ട്ടി തങ്ങളുടെ ജനപിന്തുണക്ക് മാനദണ്ഡമാക്കുന്നത് പാര്‍ട്ടി ഹെയറാര്‍ക്കി സമൂഹത്തിനു മേല്‍ പിടിമുറുക്കിയതിനു പ്രയോഗിച്ച ബലത്തെയാണ്. പണക്കാര്‍ പാര്‍ട്ടിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെയാണ്. ഇങ്ങനെയൊക്കെത്തനെയായിരുന്നു ബംഗാളിലും. അതിനെ കമ്യൂണിസ്റ്റുകാരുടെ അതേ ശൈലിയില്‍ അഭിമുഖീകരിച്ചപ്പോള്‍ അവിടെ ചുമപ്പു മാറി. ഇവിടെയും അങ്ങനെയുണ്ടാവില്ലെന്ന് ആരു കണ്ടു!
എ.പി കുഞ്ഞാമു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."