അർജന്റീനയ്ക്കായി കിരീടം പാറിപ്പിടിച്ച് എമി
ദോഹ: അർജന്റീനയ്ക്കായി വിശ്വകിരീടം പാറിപ്പിടിച്ച് എമിലിയാനോ മാർട്ടിൻസ്. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ രണ്ട് കിക്കുകൾ തട്ടിയകറ്റിയാണ് എമി അർജന്റീനയെ സ്വപ്‌ന നേടത്തിലേക്ക് കൈപിടിച്ച് നടത്തിയത്.
അർജന്റീനിയൻ പരിശീലകൻ ലയണൽ സ്‌കലോണിയുടെ ഭാഗ്യമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. പതിറ്റാണ്ടുകളുടെ കിരീട ദാരിദ്ര്യത്തിന് വിരാമമിട്ട് അവർ കോപ്പ ഉയർത്തുമ്പോൾ അത് ലോകം കണ്ടതാണ്. മരക്കാനയിൽ ബ്രസീലിനെ തകർത്ത് ലയണൽ മെസി തന്റെ രാജ്യത്തിനായി ആദ്യ കിരീടത്തിൽ ചുംബിക്കുമ്പോൾ സന്തോഷാശ്രു പൊഴിച്ചുള്ള എമിയുടെ നിൽപ് തന്റെ നായകന് അർഹതപ്പെട്ടത് നേടിക്കൊടുക്കാനായതിന്റെ ചാരിതാർഥ്യത്തിലായിരുന്നു. അതിനയാളെ തേടിയെത്തിയത് കോപ്പയിലെ ഗോൾഡൻ ഗ്ലൗ.
അതിന്റെ തുടർച്ചയായി ചോർച്ചയില്ലാത്ത അയാളുടെ കൈകളുടെ കൂടി പിൻബലത്തിൽ അർജന്റീന ഇറ്റലിയെ തകർത്ത് ഫൈനലിസിമ മെസി ഉയർത്തുമ്പോൾ കോട്ടകാത്തവന്റെ ചിരി എമിയുടെ മുഖത്ത് നിഴലിച്ചു. പരാജയമറിയാത്ത 36 മത്സരങ്ങൾ അർജന്റീന പൂർത്തിയാക്കുമ്പോഴും എമി ഒരു ചിലന്തിയെപോലെ രാജ്യത്തിന്റെ ഗോൾവലക്ക് മുന്നിൽ ചോരാത്ത കൈകളുമായി നിന്നു. എന്നാൽ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സഊദി അവരെ ഞെട്ടിച്ചപ്പോൾ എമിക്കും പിഴച്ചു. ഞെട്ടലിൽ നിന്ന് തിരികെയെത്തുന്നതിന് മുൻപ് സഊദി വിജയം പിടിച്ചടക്കിയപ്പോൾ അയാൾ ഏറെ ദു:ഖിതനായിരുന്നു. എന്നാൽ പിന്നീട് അയാൾ വിശ്വരൂപം തിരിച്ചുപിടിച്ചു.
മെക്‌സിക്കോയും പോളണ്ടും ഗോൾവല ലക്ഷ്യമാക്കി തൊടുത്ത വെടിയുണ്ടകളെല്ലാം അയാൾ തടഞ്ഞിട്ടു. പ്രീക്വാർട്ടറിൽ അവാസന നിമിഷത്തിൽ ഓസ്‌ട്രേലിയ ഒപ്പമെത്തിയെന്ന് തോന്നിച്ച സെക്കന്റിൽ അയാൾ അവതരിച്ചു. മികച്ച ഒരു സേവിലൂടെ അർജന്റീനയെ അയാൾ ക്വാർട്ടറിലേക്ക് നയിച്ചു. ക്വാർട്ടറിൽ അവസാന മിനുട്ടുകളിൽ രണ്ട് ഗോൾ വഴങ്ങി അയാൾ മുൻ മത്സരങ്ങളിലെ നിഴലായി മാറി. എന്നാൽ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ അയാൾ ഉയിർത്തെഴുന്നേറ്റു. കോപ്പയിലെ സെമിഫൈനലിനെ ഓർമിപ്പിക്കുമാറ് അയാൾ ബാറിന് കീഴെ പരുന്തായി പറന്നു. ഡച്ചുകാരുടെ ആദ്യ രണ്ട് കിക്കും തടഞ്ഞിട്ട് അയാൾ ആൽബിസലസ്റ്റിയൻസിനെ വീണ്ടും സന്തോഷത്തിൽ ആറാടിച്ചു.
സെമി ഫൈനലിൽ ക്രോട്ടുകളുടെ മുന്നേറ്റങ്ങളുടെ മുന പ്രതിരോധത്തിനൊപ്പം ചേർന്ന് അയാൾ തടഞ്ഞിട്ടതോടെ അവർ കലാശപ്പോരിലേക്ക് മാർച്ച് ചെയ്തു. ഫൈനലിലും തന്റെ പിഴവിൽ ഗോൾ വഴങ്ങിയെങ്കിലും ഫ്രാൻസിന്റെ രണ്ട് കിക്കുകൾ തടുത്തിട്ടാണ് എമി ആൽബിസെലസ്റ്റിലയനെ സ്വപ്‌നത്തിൽ മുത്തമിടീച്ചത്.
Emiliano Martinez wins Golden Glove award for best goalkeeper
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."