സാള്‍ട്ട് ബേയുടെ ലോകകപ്പ് ഫൈനല്‍ 'കോമാളിത്തരങ്ങള്‍' ഫിഫ അന്വേഷിക്കും
ഫിഫ ലോകകപ്പ് 2022 ഫൈനലില്‍ വിജയിച്ച അര്‍ജന്റീന ടീമിന്റെ ഭാഗമല്ലാതിരുന്നിട്ടും കളിക്കളത്തില്‍ പ്രവേശിച്ച് ലോകകപ്പ് ട്രോഫി കൈവശം വയ്ക്കുകയും താരങ്ങള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും ചെയ്ത തുര്‍ക്കി സെലിബ്രിറ്റി ഷെഫ് സാള്‍ട്ട് ബേയുടെ ചെയ്തികളെ കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.
ഫിഫയുടെ നിയമമനുസരിച്ച്, ലോകകപ്പ് ജേതാക്കള്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കും മാത്രമേ സമാപന ചടങ്ങിനിടെ ട്രോഫിയില്‍ തൊടാന്‍ അനുവാദമുള്ളൂ. ഇവിടേക്ക് പ്രവേശനം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇയാളുടെ കോമാളിത്തരങ്ങളെ ആക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു. നസ്രറ്റ് ഗോക്‌സെ എന്നാണ് സാള്‍ട്ട് ബേയുടെ യഥാര്‍ത്ഥ പേര്. ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട നിരവധി വിഡിയോകളിലും ചിത്രങ്ങളിലും ഒന്നിലധികം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കൊപ്പം ട്രോഫി കൈവശം വച്ചിരിക്കുന്ന സാള്‍ട്ട് ബേയെ കാണാം.
ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന സമാപന ചടങ്ങിന് ശേഷം വ്യക്തികള്‍ എങ്ങനെയാണ് പിച്ചിലേക്ക് അനാവശ്യ പ്രവേശനം നേടിയതെന്ന് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫിഫ വക്താവ് പറഞ്ഞതായി സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായുള്ള ബന്ധം കാരണമാണ് സാള്‍ട്ട് ബേയ്ക്ക് ഫീല്‍ഡിലേക്കും ട്രോഫിയിലേക്കും പ്രവേശനം ലഭിച്ചതെന്ന് ആരോപണയുര്‍ന്നെങ്കിലും ഇരുവരും തമ്മില്‍ ബന്ധമില്ലെന്ന് സ്‌കൈ സ്‌പോര്‍ട്‌സ് വ്യക്തതമാക്കുന്നു.
ആഘോഷത്തിനിടെ, ലയണല്‍ മെസ്സിയെ ചേര്‍ത്തുപിടിക്കാന്‍ സാള്‍ട്ട് ബേ ശ്രമിച്ചെങ്കിലും അര്‍ജന്റീന ക്യാപ്റ്റന്‍ അദ്ദേഹത്തെ തഴഞ്ഞു. സാള്‍ട്ട് ബേ ഒരു ചിത്രത്തിനായി പോസ് ചെയ്യുമ്പോള്‍ അര്‍ജന്റീന ഡിഫന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അതൃപ്തനായി കാണപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."