'രക്തത്തില്‍ കുളിച്ച് എന്റെ മോള്‍ പിടയുകയായിരുന്നു' മകളുടെ അവസാന നിമിഷങ്ങള്‍ നേരില്‍ കണ്ട അച്ഛന്റെ വാക്കുകള്‍
തിരുവനന്തപുരം: ജീവനായി കൊണ്ടു നടന്ന മകളുടെ ജീവന്റെ അവസാനത്തെ പിടച്ചില്‍ കണ്ടു നിന്നതിന്റെ നടുക്കത്തിലാണ് ബാബുക്കുട്ടന്‍ എന്ന് വിളിക്കുന്ന സജീവ്. പൊന്നുമോളുടെ ചോരപ്പാടിന്റെ ചൂടിനിയും മാറിയിട്ടില്ല ഈ അച്ഛന്റെ നെഞ്ചില്‍ ചോരയില്‍ കുളിച്ച മോളെ വാരിയെടുത്ത കൈകള്‍ ഇപ്പോഴും വിറക്കുകയാണ്. അവള്‍ പറയാന്‍ ബാക്കിവെച്ചതെന്തായിരിക്കുമെന്നൊരു സങ്കടം അങ്ങനെ നെഞ്ചില്‍ വിങ്ങുന്നുണ്ട് ബാബുവിന്. വാതില്‍ തുറന്നു നോക്കിയപ്പോള്‍ രക്തമൊഴുകി പിടയുകയായിരുന്നു എന്റെ മോള്‍- ബാബു പറയുന്നു.
'കതകില്‍ കൈവെച്ച് നിര്‍ത്താതെ അടിച്ചു കൊണ്ടിരിക്കുന്ന പോലത്തെ ശബ്ദം കേട്ടു. ഫ്രിഡ്ജില്‍ നിന്നെന്തോ ശബ്ദമാണെന്നാണ് എഴുന്നേറ്റപ്പോള്‍ കരുതിയത്. പിന്നെ അല്ലെന്ന് മനസ്സിലായി. ജനല്‍ തുറന്ന് ആരെന്ന് ചോദിച്ചു. അപ്പോള്‍ എന്റെ മോള്‍ കൈ ഉയര്‍ത്തി കാണിക്കുന്നു. വേഗം വാതില്‍ തുറന്നു. കഴുത്തില്‍ നിന്ന് രക്തമൊഴുകി പിടയുകയായിരുന്നു എന്റെ മോള്‍. രക്തത്തില്‍ കുളിച്ച അവളെ ഞാന്‍ കെട്ടിപ്പിടിച്ചു. വാരിയെടുത്തു. അവള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. ഒന്നും പറയാന്‍ കഴിയുന്നുണ്ടായിരുന്നില്ല' പൊട്ടിക്കരഞ്ഞ് കൊണ്ട് ബാബു പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് വര്‍ക്കല വടശേരി സംഗീത നിവാസില്‍ സംഗീത കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തായപള്ളിയ്ക്കല്‍ സ്വദേശി ഗോപു (20) വിലെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രാത്രി 1.30 വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് സംഗീതയെ കണ്ടെത്തിയത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരിച്ച സംഗീത രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.
പെണ്‍ക്കുട്ടിയുടെ സുഹൃത്തായ ഗോപു, അഖില്‍ എന്ന പേരില്‍ മറ്റൊരു നമ്പറില്‍ നിന്ന്പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങി ബന്ധം സ്ഥാപിച്ചിരുന്നു. സംഗീതയുടെ വിശ്വാസ്യത പരിശോധിക്കാനായിരുന്നു ഇത്. അഖില്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ പെണ്‍കുട്ടി വീടിന് പുറത്തേയ്ക്ക് പോയത്. ഹെല്‍മെറ്റ് ധരിച്ചാണ്ഗോപുഎത്തിയത്.സംശയം തോന്നിയ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഗോപു സംഗീതയെ ആക്രമിക്കുകയായിരുന്നു. പേപ്പര്‍ മുറിക്കുന്ന കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്.പ്രതിയെ ചോദ്യം ചെയ്ത് വരുകയാണെന്ന് അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."