ഗസ്സയില്‍ വെടി നിര്‍ത്തല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടി
ഗസ്സയില്‍ വെടി നിര്‍ത്തല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടി
ദോഹ: ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരും. വെടി നിര്‍ത്തല്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടിയതായി ഹമാസും ഇസ്‌റാഈഈലും അറിയിച്ചു. ഇതോടെ വെടിനിര്‍ത്തല്‍ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ രാവിലെ ഏഴുമണിക്ക് (ഇന്ത്യന്‍ സമയം 10.30) അവസാനിക്കാന്‍ മിനിട്ടുകള്‍ ശേഷിക്കേയാണ് തീരുമാനം. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഏറെ നേരം നടന്ന ചര്‍ച്ചയില്‍ ഏഴാം ദിവസവും വെടിനിര്‍ത്താന്‍ ഹമാസും ഇസ്‌റാഈലും ധാരണവുകയായിരുന്നു.
വെടിനിര്‍ത്തല്‍ നീട്ടുന്നതിനായി ബന്ദികളെ കൈമാറാനുള്ള തങ്ങളുടെ നിര്‍ദേശം ഇസ്‌റാഈല്‍ നിരസിച്ചതായി ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് അല്‍പസമയം മുമ്പ് അറിയിച്ചിരുന്നു. ബന്ദികളായ ഏഴ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമേ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹവും കൈമാറാമെന്നായിരുന്നു ഹമാസ് നിര്‍ദേശം. ഇതിനുപകരമായി വ്യാഴാഴ്ച വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഇസ്‌റാഈല്‍ ഇതിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഗസ്സയില്‍ വീണ്ടും നരമേധത്തിന് വഴിയൊരുങ്ങുമെന്ന ആശങ്കയിലായിരുന്നു ലോകം.
വെടിനിര്‍ത്തലിന്റെ ആറാം ദിനമായ ഇന്നലെ 16 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്. 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്!ലന്‍ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഇന്നലെ കൈമാറിയത്. 30 ഫലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. ആറുദിവസ താല്‍ക്കാലിക ഇടവേള വ്യാഴാഴ്ച രാവിലെ അവസാനിക്കാനിരിക്കെ വെടിനിര്‍ത്തല്‍ നാലുദിവസം കൂടി നീട്ടണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നു.
മൊത്തം 81 ബന്ദികളെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. ഇതില്‍ 60 ഇസ്‌റാഈലികളും 19 തായ്‌ലന്‍ഡുകാരും ഒരു ഫിലിപ്പീന്‍സ് പൗരനും ഒരു റഷ്യന്‍ പൗരനും ഉള്‍പെടുന്നു. ഇതുവരെ ആകെ വിട്ടയക്കപ്പെട്ട ഫലസ്തീനി തടവുകാരുടെ എണ്ണം 180 ആണ്. ഇസ്‌റാഈലി സൈനിക കോടതി വര്‍ഷങ്ങളോളം തടവുശിക്ഷക്ക് വിധിച്ചവരും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, ഇസ്‌റാഈല്‍ അക്രമങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല. വലെടിവെപ്പും വ്യാപക അറസ്റ്റും തുടരുകയാണ്.
വെടിനിര്‍ത്തല്‍ ദിവസങ്ങളില്‍ വെസ്റ്റ്ബാങ്കില്‍ സേന നടത്തിയ വ്യാപക പരിശോധനയില്‍ 133 പേരെ അറസ്റ്റ് ചെയ്തിരുന്നു. ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ ബുധനാഴ്ച രണ്ട് കൗമാരക്കാരെയും റാമല്ലയില്‍ വ്യാഴാഴ്ച ഒരുയുവാവിനെയും അധിനിവേശ സേന വെടിവെച്ചുകൊന്നു. 50ഓളം കവചിത വാഹനങ്ങളിലെത്തി വീടുകളില്‍ ഇരച്ചുകയറിയ സൈന്യം കണ്ണീര്‍വാതക, ഗ്രനേഡ് പ്രയോഗം നടത്തിയതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സി 'വഫ' റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."