മാധ്യമങ്ങളും മലയാളികളുടെ ആയിത്തീരലുകളും
ഡോ.നു െഎമാൻ
സമകാലീനതയെക്കുറിച്ച് അർഥവത്തായ ഒരാലോചന/പുനരാലോചന സാധ്യമാകണമെങ്കിൽ മാധ്യമങ്ങളെക്കൂടി ചിന്തയിലേക്ക് സജീവമായി കൊണ്ടുവരണം എന്നൊരു സ്ഥിതി സംജാതമായിട്ടുണ്ട്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾ, ഏറ്റവും കൂടിയ അളവിൽ അതും ദിനേനയെന്നോണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രവൃത്തിയായി മാധ്യമവിമർശനം മാറിയതും അതുകൊണ്ടാവണം. ശരാശരി മലയാളിയെ ഉദാഹരണമായെടുത്താൽ, മാധ്യമങ്ങളെ, അതിന്റെ ഉള്ളടക്കത്തെ, മാധ്യമപ്രവർത്തകരെ, അതിന്റെ നടത്തിപ്പുകാരെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായമോ വ്യാഖ്യാനമോ വിമർശനമോ ഉന്നയിക്കാത്ത ദിവസം അസാധ്യമാണെന്നു പറയാം.
ഒരു കാലത്ത് മാധ്യമ-സാമൂഹികശാസ്ത്ര-ഭാഷാ പഠന മേഖലകളിൽ പ്രത്യേക പരിശീലനം ലഭിച്ച വിഷയവിദഗ്ധർ മാത്രം ചെയ്തുപോന്നിരുന്നതെന്ന് കരുതിപ്പോന്ന മാധ്യമ വിമർശനം ഇന്ന് അത്തരം പരിശീലനങ്ങളൊന്നും ആവശ്യമില്ലാത്ത, വ്യാപക ഒരേർപ്പാടായി മാറിക്കഴിഞ്ഞു.മാധ്യമപ്രവർത്തനവും അങ്ങനെ തന്നെ. ഏതെങ്കിലും തരത്തിലുള്ള മാധ്യമപ്രവർത്തനം/വാർത്താനിർമാണവും വിതരണവും നടത്താത്ത ആരാണിന്നുള്ളത്? നമ്മുടേതുപോലുള്ള ഒരു സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ആഴത്തിലുള്ള മാധ്യമവൽക്കരണമാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.
മാധ്യമങ്ങളുമായി നമുക്ക് നേരത്തെ ഉണ്ടായിരുന്ന ഇടപാടുകളിൽനിന്ന് ഇപ്പോഴത്തെ ഇൗ മാധ്യമവൽക്കരണം അളവിലും ഗുണത്തിലും സ്വാധീനത്തിലും ഏറെ വ്യത്യാസപ്പെട്ടുകിടക്കുന്നുമുണ്ട്. പൊതുവെന്നും രാഷ്ട്രീയപരതയുള്ളതെന്നും സാമാന്യേന കരുതിപ്പോന്നയിടങ്ങളായിരുന്നു ഒരുകാലത്ത് മാധ്യമങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തന/വിഹാര മേഖലകളെങ്കിൽ ഇന്ന് അത്തരം തെരഞ്ഞെടുപ്പുകളോ വേർതിരിവുകളോ ഒന്നുമില്ല. സാങ്കേതികമായി തന്നെ അത്തരം തെരഞ്ഞെടുപ്പുകൾ അസാധ്യമായിക്കഴിഞ്ഞു. സ്വകാര്യമെന്നോ പൊതുവെന്നോ രാഷ്ട്രീയപരതയുള്ളതെന്നോ അല്ലാത്തതെന്നോ ഉള്ള വർഗീകരണങ്ങളെ അപ്രസക്തമാക്കിക്കൊണ്ടാണ് മാധ്യമങ്ങൾ ദൈനംദിന ജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്.
നവസാങ്കേതികവിദ്യകളുടെ പ്രചാരവും ജനപ്രീതിയും ഈ ഇടപെടലിനെ പുതിയ തലങ്ങളിലേക്കും മേഖലകളിലേക്കും കൂട്ടിക്കൊണ്ടുപോവുകയാണ്. സാങ്കേതികവിദ്യകളുമായുള്ള ഇടതടവില്ലാത്ത സഹവാസം മാധ്യമങ്ങളിൽ നിന്നുള്ള മാറിനിൽപ്പിനെ ഏതാണ്ട് അപ്രാപ്യമാക്കിത്തീർത്തിരിക്കുന്നു. ഏറ്റവും സ്വകാര്യമായ ഇടങ്ങളെയും സന്ദർഭങ്ങളെയും പോലും മാധ്യമവത്കരിക്കാതെ അനുഭവിക്കാൻ കഴിയില്ലെന്നു വന്നിരിക്കുന്നു. ജീവിതത്തിലെ വിവിധങ്ങളായ ഇടങ്ങളിലെല്ലാം തന്നെ മാധ്യമ സാങ്കേതികവിദ്യകളെ കാണുകയും നേരിടേണ്ടിവരികയും ചെയ്യുന്നു.
കിടപ്പറയിൽ, പ്രാർഥനയിൽ, തീന്മേശയിൽ, സ്നേഹപ്രകടനത്തിൽ… മാധ്യമങ്ങളെ കണ്ടുമുട്ടാത്ത ഇടങ്ങൾ ദിനേനയെന്നോണം കുറഞ്ഞുവന്നുകൊണ്ടിരിക്കുന്നു.
മാധ്യമ സാങ്കേതികവിദ്യകളുടെ ഈ സർവവ്യാപനം യാഥാർഥ്യം, പ്രതിനിധാനം എന്നിവയ്ക്കിടയിൽ ഉണ്ടെന്ന് കരുതിപ്പോന്ന മതിൽക്കെട്ടുകളെ തകർക്കുകയും മാധ്യമവത്കൃതമായ ഒരു ഭ്രമാത്മകത, യാഥാർഥ്യത്തോടുള്ള നമ്മുടെ സമീപനത്തെപ്പോലും വലിയ തോതിൽ ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ചുരുക്കത്തിൽ, മാധ്യമങ്ങളുടെ പരിചരണത്തിലൂടെ കടന്നുപോകാത്തതൊന്നും നമുക്കില്ലെന്നതാണ് സ്ഥിതി. മറ്റൊരർഥത്തിൽ, മാധ്യമങ്ങളുടെ പരിചരണം ഉണ്ടാകുമ്പോഴേ നമുക്കെന്തെങ്കിലും ഉണ്ടാകുന്നുള്ളൂ എന്ന നിലയിലായിരിക്കുന്നു കാര്യങ്ങൾ. അങ്ങനെ നോക്കുമ്പോൾ മാധ്യമവത്കൃതമായ ഒരായിത്തീരലായി ജീവിതം മാറിക്കഴിഞ്ഞു. മാധ്യമ സാങ്കേതികവിദ്യകളുടെ പരിചരണം കാത്തുനിൽക്കുന്ന ജൈവികാസ്തിത്വം മാത്രമായി ജൈവശാസ്ത്രപരമായി തന്നെ മനുഷ്യൻ പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ സർവവ്യാപിയായ മാധ്യമവൽക്കരണമെന്നു വേണമെങ്കിൽ ഈ സന്ദർഭത്തെ വിശേഷിപ്പിക്കാം.
ജീവിതത്തിൽ മാത്രമല്ല മരണലോകത്തേക്കും ഈ മാധ്യമവൽക്കരണം കടന്നുകയറിക്കൊണ്ടിരിക്കുന്നു. അസാധാരണമായ പുതിയ സാമൂഹികാവസ്ഥകളുടെ ഭാഗമായി എല്ലായിടങ്ങളിലും വിന്യസിച്ചിരിക്കുന്ന സർവയലൻസ് മെക്കാനിസം ഉൾപ്പടെയുള്ള മാധ്യമ സംവിധാനങ്ങൾ വലിയൊരു വിഭാഗം മനുഷ്യരുടെ ജീവിതത്തെ മരണത്തിലേക്ക് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ എളുപ്പമാക്കുകയും നവമാധ്യമങ്ങൾ വ്യാപകമാക്കുകയും ചെയ്ത വിഡിയോ നിർമാണ-വിതരണ രീതികൾ ഇന്ത്യൻ സാഹചര്യത്തിൽ എങ്ങനെയാണ് ചിലർക്ക് അവരുടെ പൗരത്വത്തെ പ്രദർശിപ്പിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള അവസരം ഒരുക്കുന്നതെന്നും അവയെങ്ങനെയാണ് വലിയൊരു വിഭാഗം മനുഷ്യരുടെ ജീവിതത്തിൽ അങ്ങേയറ്റത്തെ വിനാശം വാരിവിതറുന്നതെന്നും ദിനേന കണ്ടുകൊണ്ടിരിക്കുന്നു.
അങ്ങനെ ഈ നവമാധ്യമങ്ങൾ പുതിയൊരു മരണലോകത്തെ തന്നെ സൃഷ്ടിക്കുന്നു. സമീപകാലത്തു ഇന്ത്യയിൽ നടന്ന ഏതാണ്ടെല്ലാ ആൾക്കൂട്ട കൊലപാതകങ്ങളേയും സാധ്യമാക്കുന്നതിൽ ആൾക്കൂട്ടങ്ങളുടെ ഭാഗമായി ചിത്രീകരിക്കുന്ന റിയാക്ഷനറി വിഡിയോകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. തങ്ങൾക്കൂടി പങ്കാളികളായ ആൾക്കൂട്ട കൊലപാതകങ്ങളെ വിഡിയോകളിൽ ചിത്രീകരിക്കാനും പ്രചരിപ്പിക്കാനും ആളുകൾ കാണിക്കുന്ന ഉത്സാഹം അത്ഭുതാവഹമാണ്.
പിടിക്കപ്പെടാൻ ഒരുപക്ഷേ കാരണമായേക്കും എന്നറിയാമെങ്കിലും ഇത്തരം വിഡിയോകളിൽ കയറിപ്പറ്റാൻ ആളുകൾ കാണിക്കുന്ന ആവേശം, ഇപ്പോൾ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയത്തിന്റെ മാധ്യമവത്കൃത സ്വഭാവത്തെ കൂടുതൽ മനസിലാക്കാൻ സഹായിക്കും. കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ രേഖാചിത്രത്തോടു സാദൃശ്യമുണ്ടെന്ന് ആരോപിച്ച് കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ഷാജഹാൻ എന്നയാളുടെ വീടിനു നേരെ അതിക്രമമുണ്ടായി.
മേൽ സൂചിപ്പിച്ച മാധ്യമവൽക്കരണത്തിന്റെ തുടർച്ചയായി സംഭവിക്കുന്ന വാർത്താവത്കരണത്തിന്റെ ഇരയാണ് ഷാജഹാൻ. വാർത്ത എന്നത് വിവരം കൈമാറുന്ന വ്യവസ്ഥയല്ല, മറിച്ച് നിലനിൽക്കുന്ന സമയ-കാല വ്യവസ്ഥകളെ കൈകാര്യം ചെയ്യാനുള്ള ഒരു സങ്കേതമായി മാറുകയാണിവിടെ. ആ കൈകാര്യം ചെയ്യലിൽ ആനന്ദം കണ്ടെത്തുന്ന മാധ്യമപ്രവർത്തകരും ഉപഭോക്താക്കളുമാണ് മാധ്യമ ആവാസവ്യവസ്ഥയെ നിലനിർത്തുന്നത്.
മാധ്യമങ്ങളിലും മാധ്യമങ്ങളിലൂടെയുമാണ് സമകാലീന ലോകം അതിന്റെ ഉൾക്കൊള്ളലിന്റെയും പുറംതള്ളലിന്റെയും സാധ്യതകളെയും അതിനാവശ്യമായ ഉപാധികളുടെയും ചുരുളുകൾ അഴിച്ചുകൊണ്ടിരിക്കുന്നത്. അതായത്, ഒരു ഭാഗത്ത് മാധ്യമ സാങ്കേതികവിദ്യകൾ ദൈനംദിന അഭ്യാസങ്ങളുടെയും വ്യവഹാരങ്ങളുടെയും ഭാഗമായി നമ്മുടെ മുന്നിൽ ഓരോ നിമിഷവും പ്രത്യക്ഷപ്പെടുന്നു. മറുഭാഗത്താകട്ടെ, ഈ ദൈനംദിന അഭ്യാസങ്ങളെയും വ്യവഹാരങ്ങളെയും ഇതേ സാങ്കേതിക വിദ്യകളിലൂടെ നിർമിക്കുകയും ചെയ്യുന്നു.
ഒരുപക്ഷേ, ഈ സമകാലീനതയുടെ ഒരു കേന്ദ്രസ്വഭാവം എന്നു പറയാവുന്നത് മാധ്യമ സാങ്കേതിവിദ്യക്കുമായുള്ള ജീവിതത്തിന്റെ ഈ കെട്ടിപ്പിണരലാണ്. ഇത്തരത്തിലുള്ള ഒട്ടേറെ സംഭവ വികാസങ്ങളുടെ കൂടിച്ചേരലിലൂടെ ഓരോരുത്തർക്കും അനുഭവേദ്യമായിക്കൊണ്ടിരിക്കുന്ന ചരിത്രപരമായ ഈ സന്ദർഭത്തിൽ നിന്നുകൊണ്ടു വേണം മാധ്യമങ്ങളെക്കുറിച്ചുള്ള ഏതൊരാലോചനയും തുടങ്ങാൻ.
നമ്മൾ തന്നെ നിരന്തരം പങ്കാളിയായ ഈ മാധ്യമവൽക്കരണ പ്രക്രിയയുടെ സ്വാഭാവിക തുടർച്ചയാണ് ദൈനംദിന ജീവിതത്തിന്റെ എല്ലാ മുക്കുമൂലകളുടെയും വാർത്താവത്കരണം. ഇതിൻ്റെ ഭാഗമായാണ് മാധ്യമങ്ങൾ 'സ്വകാര്യ ഇടങ്ങളിലേക്കും സന്ദർഭങ്ങളിലേക്കും' നിരന്തരം കയറിയിറങ്ങിക്കൊണ്ടിരിക്കുന്നത്. മാധ്യമവൽക്കരണം ത്വരിതപ്പെടുത്തിയ സ്വകാര്യതയ്ക്കും പൊതുവിനുമിടയിലെ വിടവിന്റെ തകർച്ചയിൽ രാഷ്ട്രീയപരതയെ കണ്ടെത്തിക്കൊണ്ടിരിക്കുന്ന നമുക്ക് ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കാൻ കഴിയും?
മാധ്യമവൽക്കരണത്തിനു പുറത്ത് രാഷ്ട്രീയപരതയ്ക്ക് പുതിയ ആവിഷ്കാരങ്ങൾ കണ്ടെത്താൻ കഴിയുമോ? ഒരുപക്ഷേ, അത്തരമൊരു സാധ്യതയെ കണ്ടെത്തുക എന്നതായിരിക്കും മുന്നിലുള്ള വലിയ വെല്ലുവിളി. ആ വെല്ലുവിളി പക്ഷേ അത്രയെളുപ്പമായിരിക്കില്ല. കാരണം മാധ്യമങ്ങൾക്ക് പുറത്ത് നിലനിൽപ്പ് സാധ്യമാക്കൽ ദുഷ്കരമാണെന്നു വന്നിരിക്കുന്നു.
കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രതിഭാസത്തെ മനസിലാക്കാൻ സഹായിക്കുന്ന രംഗമാണ് തിരുവനന്തപുരത്ത് ഈയിടെ സമാപിച്ച കേരളീയം ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിനിമാ അഭിനേതാക്കളായ മമ്മൂട്ടി, കമൽഹാസൻ, ശോഭന എന്നിവരെയും ചേർത്തുകൊണ്ട് മറ്റൊരു അഭിനേതാവ് മോഹൻലാൽ എടുത്ത സെൽഫി. പുതിയ കേരളത്തിന്റെ വരവറിയിച്ചു നടന്ന ഒരു പരിപാടിയുടെ മുഖചിത്രമായി വന്ന ആ ഫോട്ടോ,
മാധ്യമ സാങ്കേതികവിദ്യകളുടെ ഫ്രയിമിനു പുറത്ത് ഒരു മലയാളി ജീവിതം ഇന്ന് സാധ്യമാണോ എന്നതിനെക്കുറിച്ചുള്ള മർമപ്രധാന ചോദ്യം ഉന്നയിക്കുന്നുണ്ട്. സെൽഫിയിലൂടെ മോഹൻലാൽ പ്രസന്റ് ചെയ്യുന്ന പുതിയ കേരളത്തിന്റെ ഫോട്ടോ, സങ്കീർണമാകുംവിധത്തിൽ മാധ്യമവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തെക്കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്.
ഇങ്ങനെ സവിശേഷമാം വിധത്തിൽ നിരന്തരം മാധ്യമവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയിൽനിന്ന് പുറത്തുകടക്കാൻ മിനക്കെടാതെ നടത്തുന്ന ഏതൊരു മാധ്യമവിമർശനവും ആത്യന്തികമായി നാം കടന്നുപോയിക്കൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളുടെ ഭാഗമാണ്. അവയ്ക്കുള്ള പരിഹാരമല്ല.
(കാലിക്കറ്റ് സർവകലാശാല മാധ്യമപഠന വിഭാഗം അധ്യാപകനാണ് ലേഖകൻ)
Content Highlights:The media and the Malayalis' identities
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."