മാധ്യമപ്രവർത്തകർക്ക് ധാർമികതയുടെ എഞ്ചുവടി ആര് നൽകും?
ജുനൈദ് ദാരിമി കൊടുവള്ളി
സാമൂഹികമാധ്യമങ്ങളും ദൃശ്യ-പത്രമാധ്യമങ്ങളും സമൂഹത്തിന്റെ സഞ്ചാര ഗതി നിർണയിക്കുന്ന സത്യാനന്തര കാലത്ത് വാർത്തകളിലെ വസ്തുതകളുടെ അളവും തോതും വിലയിരുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. എഴുത്തുകാരൻ ഖാലിദ് ഹൊസൈനിയുടെ 'ദ കൈറ്റ് റണ്ണർ' എന്ന പുസ്തകത്തിലൊരിടത്ത് സത്യമറിയാനുള്ള അപരന്റെ അവകാശത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്; 'ലോകത്ത് മനുഷ്യർ ഒരേയൊരു പാപം മാത്രമാണ് ചെയ്യുന്നത്. അത് മോഷണമാണ്. നിങ്ങളൊരു കളവ് പറയുമ്പോൾ സത്യമറിയാനുള്ള അപരന്റെ അവകാശത്തെയാണ് നിങ്ങൾ കവർന്നെടുക്കുന്നത്'. വിവരങ്ങളിലെ വസ്തുതകളും വാർത്തകളിലെ വാസ്തവങ്ങളുമറിയാനുള്ള അവകാശം ആധുനിക ജനാധിപത്യ ദേശരാഷ്ട്രങ്ങളെല്ലാം പൗരന്റെ മൗലികാവകാശമായാണ് കാണുന്നത്.
2005ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ റൈറ്റ് റ്റു ഇൻഫർമേഷൻ ബിൽ(വിവരാവകാശ നിയമം) ഇന്ത്യൻ ജനാധിപത്യ ഭരണസംവിധാനങ്ങൾക്ക് സുതാര്യത ഉറപ്പുവരുത്തുന്നതും പൗരന്മാരുടെ അധികാരങ്ങൾക്ക് ആത്മവിശ്വാസത്തിന്റെ ബലമേകുന്നതുമായിരുന്നു. ഓരോ ദിവസവും ബഹുജന-സാമൂഹിക മാധ്യമങ്ങൾ വഴി നാം കാണുന്നതും കേൾക്കുന്നതും വായിക്കുന്നതുമായ വിവരങ്ങളിലെ വസ്തുതകളറിയാൻ നമുക്കെന്ത് മാർഗങ്ങളാണ് നിലവിലുള്ളത്?
യൂട്യൂബ് ചാനൽ സ്റ്റോം കാലമാണിത്. അസത്യങ്ങളും അർധസത്യങ്ങളും അവതരണ മികവിന്റെ ബലത്തിൽ ആയിരം കുതിരശക്തിയുള്ള ആയുധങ്ങളായി പരിവർത്തിതമാകുന്നതാണ് ബഹുജന-സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനശക്തി.
സത്യം ചെരുപ്പ് ധരിക്കുമ്പോഴേക്ക് നുണ പാതി പാത പിന്നിട്ടിട്ടുണ്ടാകുമെന്ന ആപ്തവാക്യത്തിന്റെ ആശയത്തണലിലിരുന്നാണ് ഇത് ചർച്ച ചെയ്യേണ്ടത്.
ഒരു ന്യൂനപക്ഷം ആളുകള്‍ മാത്രം മനസ്സിലാക്കുന്ന വസ്തുതകള്‍ക്ക് പകരം ഭൂരിഭാഗം ആളുകളിലേക്ക് എത്തുന്ന വികാരങ്ങളെ മുതലെടുക്കുക എന്ന സോഷ്യൽ മീഡിയകളിലെ പ്രോപ്പഗണ്ട പേജുകളുടെയും ചാനലുകളുടെയും നിലവാരത്തിലേക്ക് ഉത്തരവാദപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളും വഴിമാറുന്നതിന്റെ പ്രത്യാഘാതം വളരെ വലുതാണ്.
ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കി വിചാരണ നടത്താനും തല്ലിക്കൊല്ലാനുമുള്ള അതോറിറ്റിയാണ് തങ്ങളെന്നുള്ള അധികാര ധാർഷ്ട്യത്തിന്റെ പ്രകടഭാവങ്ങൾ പല മാധ്യമങ്ങളുടെയും സ്വഭാവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതത് സമയങ്ങളിൽ ടി.ആർ.പി സ്കെയിലിൽ മുന്നിലെത്തുകയെന്നതു മാത്രമാണ് മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യമെന്നും ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്നുമുള്ള കോർപറേറ്റ് തീരുമാനങ്ങൾക്ക് മുമ്പിൽ വിനീതവിധേയരായി നിൽക്കുകയാണ് പല മാധ്യമങ്ങളും. മാധ്യമധാർമികതയും നൈതികതയും സൗകര്യപൂർവം മറക്കുന്ന മാധ്യമപ്രവർത്തകർക്ക് മൂക്കുകയറിടാൻ ധൈര്യമാർക്കാണുള്ളത്? പ്രൈം ടൈമിലും സൂപ്പർ പ്രൈം ടൈമിലും ചാനലുകളിലിരുന്ന് മാലോകരെ മര്യാദ പഠിപ്പിക്കുന്നവർക്ക് എത്തിക്സിന്റെ എഞ്ചുവടി ആര് നൽകും?
മാധ്യമ വിചാരണകളിൽ മനംനൊന്ത് ജീവിതത്തിന്റെ പടിയിറങ്ങിപ്പോയവരനേകമുണ്ട്. കൊല്ലത്തു നിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ അബിഗേലിന്റെ തിരോധാനത്തിനു പിന്നിൽ സംശയിക്കുന്നവരെന്ന പേരിൽ പുറത്തുവിട്ടൊരു രേഖാചിത്രം മാധ്യമങ്ങൾ കൊണ്ടാടിയതിന്റെ ഫലമായി ആകെയുണ്ടായിരുന്ന കുടിൽ ആൾക്കൂട്ടം തല്ലിത്തകർക്കുന്നത് നിറകണ്ണുകളോടെ നിസ്സഹായനായി നോക്കി നിൽക്കേണ്ടിവന്നൊരു നിരപരാധിയുടെ കണ്ണീർ നനവിപ്പോഴും ബാക്കിയാണ്. അത് അവസാനത്തേതാവില്ലെന്നത് ഉറപ്പുമാണ്.
സത്യമറിയാനുള്ള പ്രാഥമികാവകാശത്തെ സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി കവർന്നെടുക്കുന്നവരെ തിരുത്തേണ്ടത് നാം തന്നെയാണ്.
ഊഹങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെയും തെറ്റിദ്ധാരണ സംഭവിക്കാൻ സാധ്യതയുള്ള പ്രവൃത്തികളിൽ വ്യക്തത വരുത്തേണ്ടതിന്റെ ആവശ്യകതയെയും അനുചരർക്ക് പഠിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു നബി(സ).
റമദാനിലെ അവസാന ദശനിശകളിലൊന്നിൽ തന്റെ പള്ളിയിൽ ഭജനമിരിക്കുകയായിരുന്നു പ്രവാചക തിരുമേനി (സ). അപ്പോൾ പ്രവാചകരുടെ പ്രിയതമ സ്വഫിയ്യ(റ) നബി(സ)യെ സന്ദർശിക്കാൻ പള്ളിയുടെ ചാരത്തെത്തി. ഇരുവരും വിശേഷങ്ങൾ പങ്കുവച്ചു, അൽപനേരം കഴിഞ്ഞ് സ്വഫിയ്യ(റ) വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. നബിതിരുമേനി(സ) പ്രിയതമയെ അനുഗമിച്ചുകൊണ്ട് കൂടെയിറങ്ങി. വഴിമധ്യേ അൻസ്വാരികളായ രണ്ടു സ്വഹാബിമാർ ഇരുവരെയും കാണാനിടയായി. കണ്ടമാത്രയിൽ നബി തങ്ങൾക്ക് പ്രയാസമാകരുതെന്ന സദുദ്ദേശ്യത്തിൽ ഇരുവരും ധൃതിയിൽ മുന്നോട്ട് നടക്കാൻ തുടങ്ങി. ഇതു കണ്ട നബി(സ) അവരിരുവരോടുമായി പറഞ്ഞു: 'ഒന്നു നിൽക്കണേ, സ്വഫിയ്യ(റ)യാണന്റെ സഹയാത്രിക'.'സുബ്ഹാനല്ലാഹ്, തിരുദൂതരേ…'(ഞങ്ങൾക്കൊരു തെറ്റിദ്ധാരണയുമില്ല)
ഇരുവരും പ്രതിവചിച്ചു. അപ്പോൾ പ്രവാചകർ(സ) ഇപ്രകാരം പറഞ്ഞു: 'മനുഷ്യന്റെ രക്തസഞ്ചാര വഴിയിലൂടെയെല്ലാം പിശാച് പ്രയാണം നടത്തും. തദ്ഫലമായി നിങ്ങളുടെ മനസ്സിൽ വല്ല തെറ്റിദ്ധാരണയും തോന്നിപ്പോയേക്കുമോ എന്നു ഞാൻ ഭയന്നു'.
'ഓ വിശ്വാസികളേ.., മിക്ക ഊഹങ്ങളും നിങ്ങള്‍ വര്‍ജിക്കണം; തീർച്ച, ഊഹങ്ങളില്‍ പലതും കുറ്റകരമാകുന്നു. നിങ്ങള്‍ ചാരപ്പണി നടത്തുകയോ പരദൂഷണം പറയുകയോ അരുത്. സ്വസഹോദരന്റെ ശവഭോജനം നടത്താൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? അത് നിങ്ങള്‍ വെറുക്കുകയാണുണ്ടാവുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയം, പശ്ചാത്താപ സ്വീകര്‍ത്താവും കരുണാമയനുമാണവന്‍'(ഹുജുറാത്: 12).
ഊഹാപോഹങ്ങൾക്കു പിന്നാലെ പോകുന്നതിനെയും അവ പ്രചരിപ്പിക്കുന്നതിനെയും അത്യന്തം നീചവൃത്തിയായാണ് വിശുദ്ധ വേദം പരിചയപ്പെടുത്തുന്നത്.
ഓരോ വ്യക്തിയും പറയുന്നതും പ്രചരിപ്പിക്കുന്നതുമായ കാര്യങ്ങളിൽ വസ്തുതാന്വേഷണം നടത്തണമെന്നും വിശ്വാസയോഗ്യനല്ലാത്ത വ്യക്തി കൊണ്ടുവന്ന വൃത്താന്തങ്ങളെ വിശദ പരിശോധനക്ക് വിധേയമാക്കണമെന്നും വിശുദ്ധ ഖുർആൻ വിശ്വാസികളോട് ഉദ്ബോധിപ്പിക്കുന്നുണ്ട്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് സത്യമെന്ന ധാരണ മസ്തിഷ്കങ്ങളിൽ വേരുറച്ചുപോയതുകൊണ്ടാണ് തെറ്റുകൾ തിരുത്തപ്പെടാതെ പോകുന്നത്. എന്നാൽ, മാധ്യമങ്ങൾ പറയുന്നതല്ല സത്യം, സത്യം പറയാനുള്ളതാണ് മാധ്യമങ്ങളെന്ന പ്രബുദ്ധതയിലേക്ക് ജനങ്ങളുണരുകയും ജാഗ്രത പുലർത്തുകയും ചെയ്യുമ്പോൾ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകും.
Content Highlights:Who will give journalists the moral basics
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."