HOME
DETAILS
 MAL
ക്രൈംബ്രാഞ്ച്, മോട്ടോര്‍ വാഹന- വനംവകുപ്പ് ഒരുമിച്ചെത്തി പരിശോധന
backup
September 30, 2021 | 4:57 AM
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ വീടുകളില്‍ ഇന്നലെ മൂന്നു വകുപ്പുകള്‍ ഒന്നിച്ചെത്തി പരിശോധന നടത്തി. കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളിലാണ് ഒരേ സമയം ക്രൈംബ്രാഞ്ച്, മോട്ടോര്‍ വാഹന വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ചിന്റെ തൃപ്പൂണിത്തുറ എസ്.പി ഓഫിസില്‍ നിന്നുള്ള സംഘങ്ങളാണ് പരിശോധനയ്ക്ക് എത്തിയത്. കലൂരിലെ വസതിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മോന്‍സന്റെ വ്യാജപദവികള്‍ സംബന്ധിച്ചുള്ള ബോര്‍ഡുകള്‍ ക്രൈംബ്രാഞ്ച് സംഘം നീക്കം ചെയ്തു. 
കലൂരിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ആഡംബര വാഹനങ്ങളുടെ രേഖകള്‍ ആധികാരികമാണോ എന്നതുള്‍പ്പെടെയുള്ള പരിശോധനയ്ക്കായാണ് മോട്ടര്‍ വെഹിക്കിള്‍ വകുപ്പുദ്യോഗസ്ഥരെത്തിയത്. ചൊവ്വാഴ്ച വനംവകുപ്പും കസ്റ്റംസും പരിശോധന നടത്തിയിരുന്നു.
അതിനിടെ കഴിഞ്ഞ ദിവസം മോന്‍സന്റെ വീട്ടില്‍നിന്നു വനം വകുപ്പ് ഉദ്യോഗസഥര്‍ പിടിച്ചെടുത്ത ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തി. ഇത് ഒട്ടകത്തിന്റെ എല്ലാണോയെന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് കൂടുതല്‍ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജീസിലേക്ക് അയക്കും.
അതിനിടെ മോന്‍സണ് ശില്‍പങ്ങള്‍ നിര്‍മിച്ചുനല്‍കിയ സുരേഷ് ഇന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കും. വില്‍പനയ്‌ക്കെന്ന് കരുതിയാണ് ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കിയതെന്നും മേന്‍സന്റെ വീട്ടില്‍ ആരൊക്കെ വരാറുണ്ടെന്നത് ശ്രദ്ധിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. മോന്‍സണില്‍നിന്ന് 70 ലക്ഷം കിട്ടാനുണ്ടെന്നും താന്‍ ചികിത്സയിലായിരുന്നപ്പോള്‍ ഏഴുലക്ഷം ലഭിച്ചെന്നും സുരേഷ് പറഞ്ഞു. ദീര്‍ഘകാലം വിദേശത്തായിരുന്നു സുരേഷ്. ശില്‍പ നിര്‍മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ്. വര്‍ഷങ്ങളോളം അധ്വാനിച്ചാണ് ശില്‍പങ്ങള്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.താന്‍ നിര്‍മിച്ച ശില്‍പങ്ങള്‍ വില്‍പനയ്ക്ക് വെച്ചപ്പോള്‍ അമേരിക്കയില്‍നിന്ന് ഫോണ്‍ കോള്‍ വന്നു. അന്ന് കൊച്ചിയില്‍ മോന്‍സണെ ചെന്ന് കാണണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് 2019 ലാണ് ആറ് ശില്‍പങ്ങള്‍ കൈമാറിയത്. ശില്‍പങ്ങള്‍ വിറ്റ് ഒരു മാസത്തിനകം പണം നല്‍കാമെന്നാണ് പറഞ്ഞിരുന്നതെന്നും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നും സുരേഷ് പറഞ്ഞു.
കുമ്പിള്‍ തടിയില്‍ നിര്‍മിച്ച ശില്‍പങ്ങളാണിവ. ഇവയാണ് ചന്ദനമരത്തില്‍ തീര്‍ത്ത ശില്‍പങ്ങളെന്ന് പറഞ്ഞ് പറ്റിച്ചത്. വിശ്വരൂപം, മറിയ തുടങ്ങി ആറ് ശില്‍പങ്ങളാണ് സുരേഷ് കൈമാറിയത്. പണം കിട്ടാതെ വന്നതോടെ വന്‍ സാമ്പത്തിക ബാധ്യതയുണ്ടായെന്നും രോഗിയായി മാറിയെന്നും സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."